
സ്‌കൂളിനു പുറത്തെ ഒരു ക്രിസ്ത്യന്‍ യുവാവുമായിട്ടായിരുന്നു എന്റെ പ്രണയം. ബസ് സമരങ്ങളുള്ളപ്പോള്‍ ഞങ്ങള്‍ ജീപ്പിലാണ് സ്‌കൂളില്‍ പോവുക. ആ ജീപ്പിലെ ഡ്രൈവര്‍ ആയിരുന്നു ജോണ്‍സണ്‍. ഞങ്ങള്‍ അധികം സംസാരിക്കാറൊന്നുമില്ല. പക്ഷെ, അയാള്‍ക്കെന്നെ ഇഷ്ടമായി. എനിക്കും അയാളെ ഇഷ്ടമായിരുന്നു. അയാള്‍ വീട്ടില്‍ വന്ന് എന്നെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അമ്മയോട് പറഞ്ഞു. എന്നാല്‍, ഞാന്‍ പഠിക്കുകയാണെന്നും സ്‌കൂളിലെ പഠിപ്പൊക്കെ കഴിയട്ടെ, എന്നിട്ട് ആലോചിക്കാം എന്ന് അമ്മ പറഞ്ഞു. പിന്നെ അയാള്‍ വന്നില്ല. ആദ്യത്തെ പ്രണയം അങ്ങനെ അവസാനിച്ചു.
പത്താം ക്ലാസിലെത്തി എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പായി. ഒന്നര മാസത്തോളം സ്റ്റഡിലീവ് ഉണ്ടായിരുന്നു. പക്ഷെ, പഠിക്കാനുള്ള ആ സമയത്തും ഞാന്‍ അമ്മമ്മയുടെ കൂടെ പണിക്കു പോവുമായിരുന്നു. വീട്ടിലെ ജോലികളും ചെയ്യും. തോലരിയുക, ചെമ്മീന്‍ പിടിക്കാന്‍ പോവുക, പായ മെടയുക, ഇങ്ങനെയുള്ള പണികളാണ് ചെയ്തുകൊണ്ടിരുന്നത്. പുഴയില്‍നിന്ന് മീന്‍ പിടിച്ചുകൊണ്ട് പോയി വില്‍ക്കും. വലിയവര്‍ പിടിക്കുന്ന മീനും ഞങ്ങള്‍ കുട്ടികള്‍ തന്നെയാണ് വില്‍ക്കാന്‍ കൊണ്ടുപോവുക. ഓരോ വീടുകളില്‍ കൊണ്ടുപോയാണ് മീന്‍ വില്‍ക്കുക. നായനാര്‍ വളപ്പില്‍ മാങ്ങ പെറുക്കാന്‍ പോകും. അവിടെ അണ്ടീം പഴോം പെറുക്കി തിന്നാനും പോകും. ആ സമയത്തുതന്നെ കല്ലും മണലും കടത്താന്‍ പോകും. കിട്ടുന്ന കൂലി പത്ത് രൂപയാണ്. ആ പത്ത് രൂപയില്‍നിന്നു ഒന്നോ രണ്ടോ രൂപ എടുത്തു ബാക്കി മുഴുവന്‍ പൈസയും വീട്ടില്‍ തന്നെ ഏല്പിക്കും. ഒന്നോ രണ്ടോ രൂപ എടുക്കുന്നത് അനിയത്തിക്കും അനിയനും മുട്ടായി വാങ്ങി കൊടുക്കാന്‍ വേണ്ടിയാണ്. ഒരു കെട്ട് പുല്ലരിഞ്ഞാല്‍ പത്ത് രൂപ കിട്ടും. ചിങ്ങമാസവും മഴ തുടങ്ങുന്ന സമയവുമാണ് തോലരിയാന്‍ പോവുക. കൈപ്പാട്ടില്‍ വളരുന്ന ഒരു പ്രത്യേകതരം ചെടിയരിഞ്ഞു തെങ്ങിന്‍ തടത്തില്‍ കൊണ്ടിട്ടു വളമാക്കുന്നതിനെയാണ് തോലരിയാന്‍ പോവുക എന്ന് പറയുക. തെങ്ങിനു തടമെടുത്ത് തവി, ചീമക്കൊന്നത്തോല്‍, മരത്തിന്റെ ഇല എന്നിവ ചാണകം ഇടുന്നതിനു മുമ്പേ ഇട്ടു കൊടുക്കും. അതിന്റെ മേലെയാണ് ചാണകം ഇട്ടു തെങ്ങിന് വളവും ഇടുന്നത്. നാട്ടിലെ മറ്റുള്ളവരുടെ പശുക്കള്‍ക്ക് വേണ്ടി പുല്ലരിയും. രാവിലെ മുതല്‍ വൈകുന്നേരം വരെ തോല് കടത്തിയാല്‍ പത്ത് രൂപയാണ്.
എസ്.എസ്.എല്‍.സി. പരീക്ഷക്ക് സ്‌കൂളിലെത്തിയാല്‍ എല്ലാവരും കൂടി കമ്പയിന്‍ സ്റ്റഡി നടത്തും. എല്ലാ കുട്ടികളുടെയും കൈയില്‍ പഴയ ചോദ്യപേപ്പറുകള്‍ ഉണ്ടാകും. എല്ലാ കൊല്ലവും ആവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ എല്ലാവരും റീവൈന്‍ഡ് ചെയ്തു ഓര്‍മിച്ചുവെക്കും. രണ്ടു മൂന്നു പരീക്ഷകള്‍ രാവിലെയും ഉച്ചയ്ക്കും ഉണ്ടായിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ രാവിലെ മാത്രമാണ്. ഒരു ബെഞ്ചില്‍ രണ്ടുപേരാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഇതിന്റെ ഇടയില്‍ സ്റ്റഡിടൈമില്‍ ഞാന്‍ അധ്വാനിച്ച പൈസ കൊണ്ട് ഒരു ചെറിയ സ്വര്‍ണക്കമ്മല്‍ വാങ്ങിയിരുന്നു. ഒരു ഗ്രാം സ്വര്‍ണം കൊണ്ടുള്ള ഒരു കൊച്ചുകമ്മല്‍. അതൊക്കെയിട്ടു സ്‌റ്റൈലായിട്ടാണ് ഞാന്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോയത്. കുഞ്ഞുകുട്ടികള്‍ക്ക് കാതു കുത്തുമ്പോള്‍ ഇടുന്നതുപോലത്തെ കമ്മലാണ്. അതുവരെ കമ്മലും മാലയുമൊന്നും ഇടാതെയായിരുന്നു സ്‌കൂളില്‍ പോയത്. ഒരു ചെരുപ്പോ നല്ല ഉടുപ്പോ പോലും ഇല്ലായിരുന്നു. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ചെരുപ്പുണ്ടാകും. പുലയ സമുദായത്തില്‍പെട്ടവര്‍ക്ക് മാത്രമായിരുന്നു ചെരുപ്പ് പോലുള്ള 'ആര്‍ഭാടങ്ങള്‍' ഇല്ലാതിരുന്നത്. മറ്റുള്ളവര്‍ നല്ല ഫാന്‍സി മാലകളും സ്വര്‍ണ്ണ കമ്മലുമൊക്കെ ഇട്ടാണ് സ്‌കൂളില്‍ വരിക. സ്വര്‍ണത്തിന്റെ മാലകള്‍ ഇട്ടു വരുന്നവരും ചെരുപ്പുകള്‍ മാറി മാറി ഇട്ടു വരുന്നവരും ഉണ്ട്. നമുക്കാണെങ്കില്‍ ആകെ ഒരു യൂണിഫോം. ചെരിപ്പില്ല, കമ്മലില്ല, മാലയില്ല, ആകെ രണ്ടു മൂന്നു പ്ലാസ്റ്റിക് വളകള്‍ ഉണ്ടാകും. അങ്ങനെ ആ കുഞ്ഞു കമ്മല്‍ ഇട്ടുപോയപ്പോള്‍ എനിക്കും ഒരു കുഞ്ഞു കമ്മല്‍ കിട്ടി എന്ന ഒരു ഗമ ആയിരുന്നു.
അത്രയെങ്കിലും കിട്ടിയല്ലോ എന്ന സന്തോഷം ഞാന്‍ മറച്ചു വെക്കുകയും ചെയ്തില്ല.
അങ്ങനെ പരീക്ഷയെല്ലാം നല്ല രീതിയില്‍തന്നെ എഴുതി. പരീക്ഷ കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്തും പുഴയില്‍ പോയി മീന്‍ പിടിക്കുക, കൂലിപ്പണി ചെയ്യുക എന്നീ കാര്യങ്ങള്‍ തുടര്‍ന്നു. പിന്നെയും ജോലി ചെയ്തു ചെറിയ പൈസകള്‍ സ്വരൂപിച്ചു വെച്ചു. പശുവിനെ തൈപ്പറമ്പില്‍ കൊണ്ടുകെട്ടുമ്പോള്‍ കിട്ടുന്ന ചാണകം കോരി വെക്കും. പിന്നീട് അത് വളമാക്കും. മഴക്കാലമാകുമ്പോഴേക്കും അത് അഞ്ചാറ് കൂട ഉണ്ടാകും. അത് മണിയാണിമാര്‍ക്ക് വില്‍ക്കും. അമ്മമ്മ പണിയെടുക്കുന്ന വയലുകളിലേക്കാണ് വളം ആവശ്യം. പിന്നെ പുഴയില്‍ മണല്‍ കടത്താന്‍ പോകും. കുറെ ദൂരേക്ക് മണല്‍ കടത്തണം. എല്ലാവരും നിരനിരയായി നില്‍കും. ഒരാള്‍ കോരിത്തരും. മറ്റൊരാള്‍ കുറച്ചു ദൂരം കടത്തി അടുത്തയാള്‍ക്ക് കൈമാറും. അങ്ങനെ മാറിമാറിയാണ് കടത്തുക.
നായനാര്‍ വളപ്പ് എന്നത് അവിടത്തെ ഒരു നായര്‍ കുടുംബത്തിന്റെ പറമ്പായിരുന്നു. ആ കുടുംബത്തിലെ തറവാട്ടുകാരണവരെ നായനാര്‍ എന്നാണ് വിളിക്കുക. അങ്ങനെയാണ് ആ സ്ഥലത്തിനു നായനാര്‍ വളപ്പ് എന്ന പേര്‍ വീണത്. അവിടെയാണ് ഞങ്ങള്‍ മാങ്ങ പെറുക്കാന്‍ പോവുക. ആ കുടുംബത്തില്‍പെട്ടവര്‍ മുഴുവന്‍ പാര്‍ട്ടിക്കാരായിരുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ ആ കുടുംബത്തിലുണ്ട്. പക്ഷെ, അവരുടെ വീടിനടുത്ത് ഞങ്ങള്‍ പോയാല്‍ അവരുടെ ചുമരുകളൊന്നും തൊടാന്‍ വിടില്ലായിരുന്നു. ഞാനൊക്കെ തൊട്ടാല്‍ 'പെണ്ണ് വീട് തൊട്ട് അശുദ്ധമാക്കി' എന്ന് അവര്‍ പറയും. മീനൊക്കെ കൊണ്ട് കൊടുത്താല്‍ പുറത്ത് വെച്ചുതന്നെ മുറിച്ചു കഴുകിയിട്ടാണ് അകത്തേക്ക് കൊണ്ടുപോവുക. പിന്നെ അവരുടെ പറമ്പില്‍ പണിയെടുത്താല്‍ ചായ കുടിച്ച പാത്രം കഴുകി കമഴ്ത്തി വെക്കണം. മണിയാണികളുടെ വീട്ടിലായാലും അങ്ങനെയായിരുന്നു. വളപ്പ് വൃത്തിയാക്കാനും കാടുവെട്ടാന്‍ പോയാലും ഇത് തന്നെയാണ് അവസ്ഥ. അമ്മമ്മയുടെ കാലത്ത് ഇവരുടെയൊക്കെ വീടുകളില്‍ ജോലിക്കു പോയാല്‍ കുഴി കുഴിച്ച് ഇലവെച്ചിട്ടാണ് അതില്‍ കഞ്ഞി ഒഴിച്ചു കൊടുക്കുക. കുടിച്ചു കഴിഞ്ഞാല്‍ ഇലയെടുത്തു ദൂരെ കൊണ്ടു പോയി എറിയണം. അമ്മമ്മയ്ക്കും എനിക്കും ചായ തന്നാല്‍ ഒരാള്‍ കുടിച്ചു കഴിഞ്ഞാണ് മറ്റൊരാള്‍ കുടിക്കുക. അതുപോലെ പിഞ്ഞാണത്തില്‍ ആഹാരം കൊടുക്കുന്ന കാലങ്ങളില്‍ അമ്മമ്മയോടു ആ പിഞ്ഞാണം വീട്ടിലേക്ക് എടുത്തോളാനും പറയും. ഞങ്ങള്‍ തൊട്ടതുകൊണ്ട് അവര്‍ക്ക് വേണ്ട. അങ്ങനെ എത്രയോ പാത്രങ്ങളും ഗ്ലാസുകളും ഞങ്ങളുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴും അതേ രീതി തന്നെയാണ് പിന്‍തുടരുന്നത്. ഇപ്പോഴാണെങ്കില്‍ സ്റ്റീലിന്റെ പാത്രമായതുകൊണ്ട് അതു കഴുകി കമിഴ്ത്തി വെക്കണം എന്ന് മാത്രം.
എസ്എസ്എല്‍സിയുടെ റിസള്‍ട്ട് വന്നു. സെക്കന്റ് ക്ലാസ്സോടു കൂടി പാസായിരിക്കുന്നു. അറുന്നൂറില്‍ മുന്നൂറിലധികം മാര്‍ക്ക് ഉണ്ടായിരുന്നു. പിന്നെ ടിസി വാങ്ങാനും കോളേജിലെ അഡ്മിഷനു വേണ്ടി അപ്ലിക്കേഷന്‍ കൊടുക്കാനുമുള്ള തിരക്കായി. പയ്യന്നൂര്‍ കോളേജില്‍ സെക്കന്റ് ഗ്രൂപ്പിന് ആപ്ലിക്കേഷന്‍ കൊടുത്തു. അഡ്മിഷന്‍ കിട്ടി. അമ്മമ്മയുടെ അനിയത്തിയുടെ മകന്‍ കൃഷ്ണന്‍ എന്ന അദ്ധ്യാപകന്‍ ആയിരുന്നു എന്നെ അപേക്ഷ പൂരിപ്പിക്കാനൊക്കെ സഹായിച്ചത്. അമ്മയ്ക്ക് ഒപ്പമാണ് അപേക്ഷ കൊടുക്കാന്‍ പോയത്. അഡ്മിഷന്‍ കിട്ടി ചേരാന്‍ പോകുമ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ പയ്യന്നൂര്‍ കോളേജില്‍ കുറെ കുട്ടികളൊക്കെ ഉണ്ടായിരുന്നു. പക്ഷെ, കോളേജില്‍ പോകാന്‍ പറ്റിയില്ല. അതിനുകാരണം എന്റെ വിവാഹമായിരുന്നു.
ബാബു എന്നാണ് ഞാന്‍ കല്യാണം കഴിച്ച ആളുടെ പേര്. അയാള്‍ വീടിന്റെ അടുത്തുള്ള ആളായിരുന്നു. അച്ഛനും അമ്മയും ഒന്നുമില്ലാത്ത പുലയ സമുദായത്തില്‍പെട്ട ഒരു നാടന്‍ പണിക്കാരന്‍. സ്ഥിരമായി കാണുന്ന ഞങ്ങള്‍ പ്രണയത്തിലായി. കോളേജ് തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ നാടുവിട്ടു. പറശ്ശിനിക്കടവിലും ഗുരുവായൂരിലും ഒക്കെയായി താമസിച്ചു. അന്നെനിക്ക് പതിനേഴു വയസ്സ് ആകാറായിരുന്നു. പതിനെട്ടു വയസ്സായപ്പോഴേക്കും രജിസ്റ്റര്‍ കല്യാണം ചെയ്തു. ഞങ്ങള്‍ ആദ്യം ജീവിതം തുടങ്ങിയത് മാഹിയിലായിരുന്നു. ഞങ്ങള്‍ ഗുരുവായൂരില്‍നിന്നു തിരിച്ചുവരുമ്പോള്‍ ബസ്സില്‍വെച്ചു ഞാന്‍ ഛര്‍ദ്ദിച്ച് അവശയായി. മാഹിയിലെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായിരുന്നു അവിടെ ഇറങ്ങിയത്. വല്ലാതെ ക്ഷീണം പിടിച്ചതുകൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഒപിയില്‍ കാണിക്കാന്‍ പോയി. തീരെ വയ്യാത്തതുകൊണ്ട് ഒരാഴ്ചയോളം ആ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഈ സമയം അമ്മ ഞങ്ങളെ കഴിവിന്റെ പരമാവധി അന്വേഷിക്കുന്നുണ്ട്. പക്ഷെ, ഞങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറെ ദിവസം അഡ്മിറ്റായതിനാല്‍ ചെലവ് താങ്ങാന്‍ പറ്റാത്തതു കൊണ്ട് മൂപ്പര്‍ ജോലി അന്വേഷിക്കാന്‍ തുടങ്ങി. ആ ആശുപ്രതിയില്‍ തന്നെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. അവിടെത്തന്നെ പുള്ളിക്ക് ജോലി കിട്ടി. ആ ബ്ലോക്കിന്റെ മുകളില്‍ കുറെ മുറികള്‍ ഉണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരു മുറിയില്‍ മറ്റു തൊഴിലാളികളുടെ കൂടെ താമസം ആരംഭിച്ചു.
അവിടെ താമസിച്ചുകൊണ്ട് ഞാനും ജോലിക്കു പോകാന്‍ തുടങ്ങി. അവിടെ ഞങ്ങള്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു. പിന്നെ അവിടെത്തന്നെ സ്ഥിരമായി. ആദ്യമൊക്കെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. പിന്നീട് ഹോട്ടല്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തത് കൊണ്ട് പാചകം ചെയ്യാനാരംഭിച്ചു. അവിടെ കുടുംബമായും ബാച്ചിലേഴ്സായും താമസിക്കുന്നവരുണ്ടായിരുന്നു. തലശ്ശേരിയും കോഴിക്കോടും തമിഴ്‌നാട്ടിലുമുള്ള തൊഴിലാളികള്‍ അവിടെ പണിയെടുത്തിരുന്നു. ആ ബില്‍ഡിംഗ് കോണ്‍ട്രാക്ടറുടെ വീട് അവിടെ തൊട്ടടുത്തുതന്നെയാണ്. ആ കോണ്‍ട്രാക്ടര്‍ ആണ് വാടകയൊന്നും ഇല്ലാതെ അവിടെ താമസിച്ചോളാന്‍ പറഞ്ഞത്. അറുപതു രൂപയാണ് അവിടെ ഒരാള്‍ക്ക് കൂലി. ഇഷ്ടികകൊണ്ടാണ് ബില്‍ഡിംഗ് കെട്ടുക. ഇഷ്ടിക കടത്തുക, മണല്‍ കടത്തുക, വെള്ളം കടത്തുക എന്നീ ജോലികളാണ് ചെയ്തത്.
വേനലില്‍ വെള്ളം വറ്റി. ഒരു വര്‍ഷം, മൂത്ത മകനെ പ്രസവിക്കുന്നതു വരെ അവിടെ താമസിച്ചു. പിന്നെ അവിടെ തൊഴില്‍ ഇല്ലാതായതോടെ വടകര ഒഞ്ചിയം അമ്പലത്തിനടുത്ത് അറക്കലേക്ക് താമസം മാറ്റി. മനു എന്നാണ് മോന്റെ പേര്. അറക്കല്‍ ഒരു റേഷന്‍കടയുടെ ഓരത്ത് ഓല കൊണ്ട് കെട്ടിയ ഒരു കൂരയിലേക്കാണ് ഞങ്ങള്‍ താമസം മാറിയത്. ഇരുനൂറു രൂപയായിരുന്നു ആ കൂരയുടെ വാടക. അവിടെയും ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി. തേങ്ങ കൊണ്ടുവരിക, പൂഴി കടത്തുക എന്നീ ജോലികളാണ് തുടക്കത്തില്‍ അവിടെ ചെയ്തത്. ബാബു ജോലി അന്വേഷിച്ചു തലശേരിയിലേക്കും മറ്റുംപോയി. മോന്‍ ഒരു മൂന്നു നാല് വയസ്സ് ആകുന്നത് വരെ ഞാന്‍ പണിക്ക് പോയില്ല. പിന്നെ മോന്‍ ഉറങ്ങുന്ന സമയത്ത് തേങ്ങ കടത്താന്‍ പോകും. ഒരു നട തേങ്ങ കൊണ്ടുവന്നാല്‍ മൂന്നേ കാല്‍ രൂപ കിട്ടും. അതു തന്നെ ദൂരത്തിനനുസരിച്ചാണ് കിട്ടുക. വൈകുന്നേരത്തെ ചായ, കടി എന്നിവയുടെ ചെലവ് ഈ ജോലി കൊണ്ട് നടന്നു പോകും.
അറക്കല്‍ ജീവിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു നായര്‍ വീട് ആയിരുന്നു. ഒരു അമ്മച്ചിയും മോനും ഭാര്യയും കുട്ടികളുമായിരുന്നു അവിടെ താമസിച്ചിരുന്നത്. മകനും ഭാര്യയും ജോലിക്കു പോയാല്‍പിന്നെ അമ്മച്ചി ആ വീട്ടില്‍ ഒറ്റക്കായിരുന്നു. ആദ്യമാദ്യം ആ അമ്മച്ചി എന്നെ ഓരോരോ കഥകള്‍ പറയാനായി വിളിക്കും. പിന്നീട് ഞാന്‍ അവരെ ഓരോരോ വീട്ടു ജോലികളില്‍ സഹായിക്കാന്‍ തുടങ്ങി. അവരുടെ വീട്ടില്‍ യാതൊരു അയിത്തവും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ എവിടെ വേണമെങ്കിലും എനിക്ക് കയറാം. അവര്‍ എന്റെ വീട്ടിലും വന്നു ഭക്ഷണം കഴിക്കുമായിരുന്നു. അവരുടെ വീട്ടില്‍ ചോറ് വെക്കുമ്പോള്‍ എന്റെ വീട്ടിലേക്കുള്ള അരിയും ഇട്ടോളാന്‍ പറയും. വീട്ടിലേക്കുള്ള ചോറും അവിടെനിന്ന് എടുത്തോളാനും പറയും. അന്ന് ഒഞ്ചിയത്ത് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അവിടെ പയ്യന്നൂര്‍ ഉള്ളത് പോലെ വലിയ ജാതി വിവേചനം ഇല്ല എന്നതായിരുന്നു. അതേസമയം, കടുത്ത ലിംഗഭേദം ഉണ്ടായിരുന്നു താനും. എന്റെ ഭര്‍ത്താവ് ആദ്യമാദ്യം പണിക്കു പോകുമ്പോള്‍ ദിവസവും വരുമായിരുന്നു. പിന്നെ ആഴ്ചയിലൊരിക്കലായി വരവ്. ഞാനും അതോടെ അടുത്ത സ്ഥലങ്ങളില്‍ പണിക്കുപോയി തുടങ്ങി. മോന് രണ്ടര വയസ്സായപ്പോള്‍ ഞാന്‍ മോളെ ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലത്തും ഞാന്‍ ജോലിക്ക് പോയിരുന്നു. മോളെയും മോനെയും ഗര്‍ഭം ധരിച്ച കാലങ്ങളില്‍ എന്നെ നോക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കുളിക്കുന്നതും നനയ്ക്കുന്നതും മോന്റെ കാര്യങ്ങള്‍ നോക്കുന്നതും ഞാന്‍ തന്നെയാണ്. മോള്‍ ജനിച്ചു രണ്ടു രണ്ടര വയസ്സായപ്പോള്‍ മോനും മോളും അംഗനവാടിയില്‍ പോയി തുടങ്ങി. അതോടെ എനിക്ക് ജോലി ചെയ്യാന്‍ കുറച്ചധികം സമയംകിട്ടി.
അതിനിടയില്‍ മാഹിയില്‍ ജീവിക്കുമ്പോള്‍ രസകരമായ അനുഭവം ഉണ്ടായി. മാഹി ആശുപ്രതിയില്‍ മോനെ പ്രസവിച്ച കാലം. ഒരു ദിവസം മോനെ ഉറക്കിക്കിടത്തി താഴെ വെള്ളമെടുക്കാന്‍ പോയപ്പോള്‍ പേഴ്‌സ് മോന്റെ അടുത്ത് വെച്ചിരുന്നു. പണമടങ്ങിയ പേഴ്സാണെന്ന് കരുതി ആരോ മോഷ്ടിച്ചു കൊണ്ടുപോയി. കുറച്ചു ദിവസം കഴിഞ്ഞു മഞ്ചേരി പോലീസ് സ്റ്റേഷനില്‍നിന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ചിത്രലേഖയും ഭര്‍ത്താവും മരിച്ചു പോയി എന്നായിരുന്നു ആ ഫോണ്‍ സന്ദേശം. ഞങ്ങളുടെ ശവം തിരിച്ചറിയാനായി അമ്മയെയും കൂട്ടി പോലീസുകാര്‍ മഞ്ചേരിയിലേക്ക് പോയി. എന്റെ പേഴ്സ് മോഷ്ടിച്ച സ്ത്രീയും പുരുഷനും ആയിരുന്നു മരിച്ചത്. പേഴ്‌സിലുള്ള പേരും അഡ്രസ്സും കണ്ടാണ് പോലീസുകാര്‍ അമ്മയെ ബന്ധപ്പെടുന്നത്. അമ്മ ഇതെന്റെ മകളല്ല എന്ന് പറഞ്ഞു. അതിനിടയില്‍ മാഹി പള്ളിപ്പെരുന്നാളിനു നാട്ടില്‍നിന്ന് വന്ന ആരോ എന്നെ കണ്ടു ഞാന്‍ മാഹിയിലുണ്ടെന്ന് അയാള്‍ അമ്മയോട് പറഞ്ഞു. അമ്മ ഞങ്ങളെ വന്നു കണ്ടു. 'നായിന്റെ മോളെ. ഓരോരുത്തന്റെ ഒപ്പരം പോയിട്ട് ഞങ്ങളെ ഇട്ടു വലയ്ക്കാന്‍ വേണ്ടി, നീ ചത്തു എന്നും പറഞ്ഞു ഞാന്‍ മഞ്ചേരിയില്‍ പോയി നോക്കി.'
അമ്മ എന്നെ തല്ലിയില്ല എന്നേയുള്ളൂ. പിന്നെ ഞങ്ങളെ അമ്മ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോയി. വീട്ടില്‍തന്നെ കുറച്ചുകാലം താമസിച്ചു. മോന്‍ ആറു മാസമായപ്പോള്‍ ഗുരുവായൂരില്‍ പോകാനുള്ള പൈസ തന്നു. അവനു ഗുരുവായൂരില്‍ പോയി മനു എന്ന പേരും വിളിച്ചു. പക്ഷെ, അമ്മ ഞങ്ങളുടെ അടുത്ത് അധികം വന്നു താമസിക്കാറൊന്നുമില്ല.
അറക്കലില്‍ താമസം തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് തലശ്ശേരിയില്‍ ജോലിക്കുപോയി വരുന്നത് ഒരാഴ്ചയൊക്കെ കഴിഞ്ഞിട്ടായിരുന്നു. ആ സമയങ്ങളില്‍ തീയരും മൊകേരും വന്നു രാത്രി എന്റെ കൂരയില്‍ മുട്ടുന്നത് പതിവായി. മൊകേര്‍ എന്നാല്‍ മുക്കുവ സമുദായത്തില്‍ പെട്ടവരാണ് അതെനിക്ക് വല്ലാതെ ബുദ്ധിമുട്ടായി. രാത്രി ചെറ്റ പൊക്കുന്നത് ശല്യമായതുകൊണ്ട് ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി കംപ്ലെയിന്റ് കൊടുത്തു. എന്നാല്‍, ഈ സംഭവത്തിലെ പ്രതികള്‍ പാര്‍ട്ടിക്കാരായതു കൊണ്ട് അവര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി. പോലീസുകാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടായില്ല. പക്ഷെ, അടുത്തുള്ള നായര്‍ വീട്ടുകാര്‍ അത്രയും സ്‌നേഹത്തില്‍ തന്നെയായിരുന്നു പെരുമാറിയിരുന്നത്. എന്റെ മകളെ ഗര്‍ഭിണിയായപ്പോള്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് രാത്രി ആയിരുന്നു പ്രസവവേദന ഉണ്ടായത്. വേദന സഹിക്കാനാകാതെ രാത്രി ആ വീട്ടിലേക്ക് നടന്നുചെന്ന് അവരോടു വിവരം പറഞ്ഞു. ആ അമ്മച്ചിയുടെ മകന്‍ തന്നെ ആയിരുന്നു വണ്ടി ഏര്‍പ്പാടാക്കി ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയിലെ സകലചെലവും അവര്‍ തന്നെ ഏറ്റെടുത്തു. ഞാന്‍ എന്റെ മകള്‍ മേഘയെ പ്രസവിച്ചു. പ്രസവിച്ചു കഴിഞ്ഞാണ് പിറ്റേ ദിവസം എന്റെ ഭര്‍ത്താവ് അവിടെയെത്തുന്നത്.
മകളെ പ്രസവിച്ചു കഴിഞ്ഞു പിന്നെയും ഞാന്‍ കല്ലിന്റെ പണിക്കൊക്കെ പോയി തുടങ്ങി. മോള്‍ക്ക് രണ്ടര വയസ്സും മോന് മൂന്നര നാല് വയസ്സാകുമ്പോഴേക്കും അവരെ വീട്ടിലാക്കി ഞാന്‍ ജോലിക്ക് പോയിത്തുടങ്ങി. മോളുടെ കാര്യങ്ങള്‍ അപ്പോള്‍ മൂന്നര വയസ്സുള്ള മോന്‍ നോക്കുമായിരുന്നു. മോളുടെ കാര്യങ്ങള്‍ മോന്‍ നോക്കുന്നതുകൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവന് മോളോട് നല്ല സ്‌നേഹമായിരുന്നു. അടി കൂടാതെ നില്‍ക്കുമായിരുന്നു. ആ ചെറിയ സമയത്തുതന്നെ ഉള്ള ഭക്ഷണം എടുത്തുകഴിക്കാനും മോള്‍ക്ക് എടുത്തു കൊടുക്കാനുമുള്ള പ്രാപ്തി അവനുണ്ടായിരുന്നു. ചെറിയ ആശ്വാസം കൂടെയായിരുന്നു അത്. അവര്‍ തമ്മില്‍ ഒന്നര വയസ്സിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. രണ്ടു പേരും ഒന്നിച്ചു കളിക്കും. ഉറക്കം വരുമ്പോള്‍ ഏട്ടന്‍ അനിയത്തിയെ ഉറക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രം ഒരു ബേസിനില്‍ ഇട്ടു വെച്ചാല്‍ മതി എന്ന് പറഞ്ഞിരുന്നു. അത് പോലെ അവന്‍ ചെയ്യും. അധികം ദൂരെ ഞാന്‍ പോകില്ല. ചായയുടെയും ഉച്ച ഭക്ഷണത്തിന്റെയും സമയത്ത് ഞാന്‍ ഇടയ്ക്കു വരും. ബിസ്‌കറ്റും ചെറിയ പലഹാരങ്ങളും എല്ലാം അവര്‍ക്ക് കൈയ്യെത്തുന്ന ദൂരത്തില്‍ വെച്ചാണ് പോവുക.
അക്കാലത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പത്ത് വനിതകള്‍ക്ക് ഓട്ടോ ഓടിക്കാന്‍ പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഞാന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങി. ആദ്യമത് തയ്യല്‍ പരിശീലനമായിരുന്നു. പിന്നീട് കുറച്ചുകൂടി വരുമാനം കിട്ടുന്ന ഒരു ജോലിയെന്ന രീതിയിലാണ് ഓട്ടോ ഡ്രൈവിംഗ് പഠിക്കാനുള്ള പരിശീലനമാക്കി മാറ്റിയത്. പക്ഷെ, ആ പദ്ധതി വിജയകരമായില്ല. കാരണം ആര്‍ക്കും അന്ന് ഓട്ടോറിക്ഷ വാങ്ങിക്കാന്‍ പറ്റിയില്ല. എല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ആ പദ്ധതിയിലുണ്ടായിരുന്നവരില്‍ എല്ലാവരും കടലില്‍ പോയി ജീവിക്കുന്നവരായിരുന്നു. അവര്‍ക്ക് അന്നന്ന് കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് കടബാധ്യതകള്‍ ഉള്ളവരായിരുന്നു അവര്‍. അതുകൊണ്ട് അവര്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയെങ്കിലും ആ തൊഴില്‍ മേഖലയിലേക്ക് പോയില്ല. അക്കൂട്ടത്തില്‍ ഞാന്‍ മാത്രമേ പട്ടിക ജാതിക്കാരിയായി ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരൊക്കെ മൊകേര്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു. വടകര ദാസ് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നാണ് ഡ്രൈവിംഗ് പഠിച്ചത്. മൂന്നുമാസം കൊണ്ട് ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തു. എല്ലാ ടെസ്റ്റുകളും ആദ്യത്തെ തവണ തന്നെ പാസായി. പക്ഷെ, ഓട്ടോറിക്ഷ വാങ്ങിക്കാനായി ലോണ്‍ എടുക്കാന്‍ ഒന്നുകില്‍ പത്ത് സെന്റ് സ്ഥലം വേണമായിരുന്നു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് വെച്ച് ജാമ്യം വേണമായിരുന്നു. സ്ഥലമില്ലാത്തത് കൊണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കാനില്ലാത്തതു കൊണ്ടും ലോണ്‍ എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു, ലൈസന്‍സ് ഞാന്‍ മടക്കിവെച്ചു.
(തുടരും)
Content Highlights: Chithralekha Autobiography Oru Dalit Autodrivarude Jeevitham
Published: 28 Jul 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented