ഇത്തവണത്തെ ഗാന്ധി ജയന്തിയ്ക്ക് രണ്ടുദിവസങ്ങൾക്കു മുൻപ് ഗാന്ധിയുടെ രക്തസാക്ഷിത്വം സംഭവിച്ച ഇടത്തിൽ ഞാൻ പോയിരുന്നു. ഡൽഹിയിലെ 30 ജനുവരി മാർഗിലെ ബിർല ഹൗസിൽ. ദീഘചതുരത്തിൽ ഒരു പുൽത്തകിട്. അതിൻ്റെ ഒരരികിൽ ഒരിടം. ഇന്ത്യയുടെ കാൽവരി. അവിടെയാണ്, ആ ബിന്ദുമണ്ഡലത്തിലാണ്, ഗോഡ്സെ എന്ന തീവ്രഹിന്ദു ഗാന്ധിയെ വെടിവെച്ചത്. കുറച്ചുനേരം അവിടെ ഞാനിരുന്നു. ആദരത്തോടെ കണ്ണുകളടച്ചപ്പോൾ മനസ്സിലേക്ക്, ഒറ്റമുണ്ടുടുത്ത്, വിവസ്ത്രമായ നെഞ്ചോടെ, ഒരാൾ നടന്നുകയറി. ഒരു ശിശുവിനെ ഓർമ്മിപ്പിക്കുമ്പോലെ ആ കുട്ടനാട്ടുകാരൻ ചിരിക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ ഏതു സാധാരണക്കാരനും മനസ്സിലാകുന്നതായിരുന്നു. അയാളുടെ ശരീരത്തിലോ ഭാഷയിലോ വിചാരങ്ങളിലോ സ്ഥൂലതയോ ഉടുത്തുകെട്ടുകളോ ആടയാഭരണങ്ങളോ ഇല്ലായിരുന്നു.
ഇന്ത്യാവിഭജനത്തെക്കുറിച്ച് ഉത്തരേന്ത്യൻ ഭാഷകളിൽ നിരവധി കഥകളും നോവലുകളും കവിതകളും വന്നിട്ടുണ്ടെങ്കിലും , അവയിൽ പലതും വായിച്ചിട്ടുണ്ടെങ്കിലും , എൻ്റെ മനസ്സിലേക്ക് , അല്ലെങ്കിൽ ഓർമ്മയിലേക്ക്, ഇപ്പോൾ പരിക്കേറ്റ ഇരമൃഗത്തെപ്പോലെ, ഇപ്പോൾ ചിന്തുന്ന ചോരയുടെ ഈർപ്പത്തോടെ, ബിർല ഹൗസിൽ വെച്ച് പാഞ്ഞുകയറിയത് തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'ഗാന്ധിജിയുടെ അന്ത്യം' എന്ന കഥയാണ്. തകഴിയുടെ കേരളസ്പർശമുള്ള ചെറുകഥകളിൽ നിന്നും പ്രമേയഭാവത്തിൽ വ്യതിരിക്തമായി നിൽക്കുന്ന ഒരു കഥയാണിത്. കുട്ടനാട്ടിലെ പശിമരാശിമണമല്ല, ഗോതമ്പുവിളയുന്ന പഞ്ചാബിലെ ക്ഷാരമണ്ണിന്റെ മണമാണതിന്, ഉപ്പാണതിന്. തകഴിയെ ഓർത്തുകൊണ്ട് ഞാനിരുന്ന ഡൽഹിയിലെ കെട്ടിടം ബിർല മന്ദിർ എന്ന പേരിൽ ആ കഥയിലുണ്ട് . ഈ കഥയെഴുതുന്നതിനു മുൻപ് അദ്ദേഹം ഇവിടങ്ങൾ കണ്ടിട്ടില്ല എന്നെനിക്കു തോന്നുന്നു. മനസ്സിലെ മന്ദിരമാണ് കഥയിൽ തല ഉയർത്തി നിൽക്കുന്നത്. കഥാകാരൻ്റെ സ്ഥല -കാലം മനോരാജ്യത്തിലാണല്ലോ. ആ മനോരാജ്യത്തിലെ ഗാന്ധിയ്ക്ക് വെടിയേൽക്കുന്നതാണ് തകഴിയുടെ കഥയിലെ പ്രമേയം.
ഇന്ത്യാവിഭജനകാലമാണ് കഥാപരിസരം. പടിഞ്ഞാറൻ പഞ്ചാബിൽ നിന്നും കുറേ ഹിന്ദുക്കൾ ഡൽഹി വരെ അഭയാർത്ഥികളായി വരികയാണ്. ( ഇന്ത്യാവിഭജനം പ്രമേയമായി വരുന്ന മൂന്ന് കഥകളെങ്കിലും തകഴി ആലപ്പുഴയിലിരുന്ന് എഴുതിയിട്ടുണ്ട് എന്നതോർക്കുക). അഭയാർത്ഥിസംഘത്തിൽ ഒരമ്മയുണ്ട്. ദുരിതത്താലും ഉറ്റവരുടെ മരണത്താലും മെലിഞ്ഞുപോയ സ്ത്രീ. ഗാന്ധിജി ജീവിക്കുന്ന നഗരത്തിൽ ശാന്തിയുണ്ടാകും എന്ന പ്രത്യാശയിലാണ് ആയിരക്കണക്കിനാളുകളുടെ കൂടെ ആ അമ്മയും പടിഞ്ഞാറൻ പഞ്ചാബിൽ നിന്നും കിഴക്കോട്ട് നടക്കുന്നത്.
കഥ തുടങ്ങുന്നതിങ്ങനെയാണ് .
'ഞങ്ങളുടെ ഗ്രാമം ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു. ആരെല്ലാം മരിച്ചു. ആരെല്ലാം രക്ഷപ്പെട്ടു. ആർക്കെല്ലാം എന്തുസംഭവിച്ചു എന്ന് അറിഞ്ഞുകൂടാ. എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. ആ വഴിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ, നശിച്ചുപോയ ഒരു ഗ്രാമത്തിന്റെ കഥ പറയാൻ ഞാൻ മാത്രമേ ശേഷിച്ചുള്ളായിരിക്കാം'.
ഒരു ഗ്രാമത്തിലെ ഒരാൾ മാത്രം അവശേഷിക്കുന്നത് കഥ പറയാനായിരിക്കും എന്ന ആ വാചകം പറയുന്നത് ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളുടെ മനസ്സല്ല തകഴിയിലെ കഥാകാരന്റെ മനസ്സാണ് എന്നെനിനക്കു തോന്നുന്നു. കഥപറയാനാണല്ലോ തകഴി ജീവിച്ചത്. അതിനാൽ ലാഹോറിൽ നിന്നും കിഴക്കൻ പഞ്ചാബിലേക്കുള്ള അഭയാർത്ഥിസംഘത്തിലെ ഒരാളുടെ ഒറ്റപ്പെടലിന്റെയുള്ളിൽ കയറി തകഴി സഞ്ചരിക്കുന്നതാണ് 'ഗാന്ധിജിയുടെ അന്ത്യം' എന്ന കഥ.
വിഭജനത്തിന്റെ ദുരന്തങ്ങൾ ആവോളം അനുഭവിച്ചയാളാണ് കഥയിലെ ഉത്തമപുരുഷൻ (First Person). വാളാൽ അമ്മയുടെ കഴുത്തറക്കപ്പെടുന്നത് നേരിട്ടുകണ്ട ഞെട്ടലിൽ ഗ്രാമം വിട്ട് , ഒറ്റയ്ക്കോടി , ഏകാന്തജീവിതത്തിലേക്ക് പിടഞ്ഞെത്തിയ ദുരന്തനായകനായ അയാളുടെ ചെവിയിൽ അപ്രതീക്ഷിതമായി 'മോനേ' എന്നൊരു വിളി പതിയുകയാണ്.
തകഴി എഴുതുന്നു :
'ചൂളം വിളിപോലെ ഒരു ശബ്ദം ചെവിക്കുള്ളിൽ കയറി. ഞാൻ നടുങ്ങി നിന്നുപോയി. എനിക്കു ബോധം വീണു . ഞാൻ ഒരു മനുഷ്യനാണ്. പശ്ചിമ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. എനിക്കൊരു വീടുണ്ടായിരുന്നു; അവിടെ എന്നെ 'മോനെ' എന്നു വിളിക്കുന്ന ഒരമ്മയുണ്ടായിരുന്നു....ഒരു ക്ഷണം കൊണ്ടിത്രയും ഞാനോർത്തു. അടുത്ത ക്ഷണം കുനിച്ചുപിടിക്കപ്പെട്ട ആ വൃദ്ധയുടെ കഴുത്തിനുമുകളിൽ ഒരു വാൾ തിളങ്ങുന്ന കാഴ്ച കണ്ടു.'
അമ്മ കൊല്ലപ്പെട്ടു . വീണ്ടും ഇതാ 'മോനേ' എന്നൊരു വിളി. അയാൾ ഓർത്തുപോയി , ഒരു പക്ഷേ തൻ്റെ അമ്മ കൊല്ലപ്പെട്ടില്ല എന്നാണോ? അഭയാർത്ഥിസംഘത്തിലെ ഒരു സ്ത്രീ ശുഷ്ക്കിച്ച കൈകളാൽ അയാളെ കെട്ടിപ്പിടിച്ച് വിളിക്കുകയാണ് , 'മോനേ'. അങ്ങനെ പുതുതായി കിട്ടിയ അമ്മയോടൊത്ത് അയാൾ നടന്നുതുടങ്ങി . എങ്ങോട്ടാണ് അമ്മ പോകുന്നത് എന്നയാൾ ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു , 'എനിക്കു പോകേണ്ടത് ബാപ്പുജി താമസിക്കുന്ന നാട്ടിലേക്കാണ്'.
ഡൽഹിയിലെ തീസ് ജനുവരി മാർഗിലെ ഗാന്ധിവധസ്മൃതിയിൽ ഇരുന്ന എന്നെ തകഴി ശിവശങ്കരപ്പിള്ളയുടെ കഥ കശക്കുകയായിരുന്നു. ആ ചിന്തകളാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് തകഴി 'ഒരു ചരമരംഗം' എന്ന മറ്റൊരു കഥകൂടി എഴുതിയിട്ടുണ്ട് . രണ്ടും എഴുതപ്പെട്ടത് 1950 കളിലാകാനാണ് സാദ്ധ്യത.
അഭയാർത്ഥിസംഘത്തിൽ ഓരോ ദിവസം കഴിയുന്തോറും ആളുകൾ കൂടിവരികയായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളും വന്നുചേർന്നുകൊണ്ടിരുന്നു. അവർ ജനിച്ച പടിഞ്ഞാറൻ ഇന്ത്യയിലെ വീടും കുടിയും ഉപേക്ഷിച്ച് കിഴക്കോട്ട് വരികയാണ് . ഖുശ്വന്ത് സിങ്ങിന്റെ 'Train to Pakistan' എന്ന നോവലിൽ പലായനം എതിർ ദിശയിലാണല്ലോ. അമ്മയും പുതുതായി ലഭിച്ച മകനും മറ്റുള്ളവരും നടക്കുകയാണ്. ഏഴാം ദിവസമാണ് ഊരിപ്പിടിച്ച വാളുമായി ഒരു യുവാവ് 'ഹര ശങ്കര മഹാദേവാ' എന്നുവിളിച്ച് സംഘത്തിൽ ചേരുന്നത്. പടിഞ്ഞാറേ ഇന്ത്യയിൽ 'അള്ളാഹു അക്ബർ ' എന്ന വിളിയോടെ തൻ്റെ അമ്മയെ കൊന്ന ആളിന്റെ അതേ ഛായയിൽ ഒരാൾ വാളേന്തി 'ഹര ശങ്കര മഹാദേവാ' എന്നുവിളിച്ച് സംഘത്തിൽ ചേർന്നിരിക്കുന്നു. അയാൾ ഞെട്ടിപ്പോയി. അമ്മയും ഞെട്ടിപ്പോയി . അയാളെ കുറേ ദിവസങ്ങളിൽ രാത്രിക്യാമ്പുകളിൽ കാണാതാകും . ഒരുദിവസം അയാൾ ക്യാമ്പിൽ തിരികെയെത്തിയിട്ട് അമ്മയോടുപറഞ്ഞു , 'അൻപത് മ്ലേച്ഛന്മാരെ വകവരുത്തിയിട്ടാണ് ഞാൻ വരുന്നത്'.
ഇത് ബാപ്പുജിയുടെ നാടല്ല എന്നാണോ ? അമ്മ മകനോട് ചോദിക്കുന്നു. അപ്പോൾ മകൻ വാളേന്തിയ യുവാവിനോട് ചോദിച്ചു , 'ബാപ്പുജിയുടെ അനുവാദത്തോടെയാണോ ഇതെല്ലാം?'. എല്ലാം ഗാന്ധിയുടെ നിയന്ത്രണത്തിൽ നടക്കുന്ന ഒരിടത്തേക്കാണ് അഭയമന്വേഷിച്ച് അവർ നടന്നുകൊണ്ടിരിക്കുന്നത്...എന്നാൽ കാര്യങ്ങളങ്ങനെയല്ല എന്നാണോ ? വാളെടുത്തവന്റെ മറുപടിയിൽ സവർക്കറെ മണത്തു: ' അനുജാ , ബാപ്പുജി ഒരു യോഗിയാണ് . എന്നാലും അദ്ദേഹം ഹിന്ദുമതത്തെ ഒറ്റിക്കൊടുത്തു'.
1950 കളിൽ മലയാളത്തിൽ വന്ന ഒരു വിഭജനകാലകഥയാണ് ഇത്. 2024 ൽ ഡൽഹിയിലെ ബിർല ഹൗസിൽ തകഴി എന്നിൽ ആ പുരയിടത്തിലെ വൻമരം പോലെ വലുപ്പം വെച്ചു. ഗാന്ധിയേയും ഗോഡ്സെയെയും കണ്ട മരമായിരിക്കണം അത്.
മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ല എന്ന് വാളെടുത്തവൻ കഥാനായകനോടും അമ്മയോടും പറയുകയാണ് . അപ്പോൾ കഥാനായകൻ അമ്മയോട് ചോദിക്കുന്നുണ്ട് , 'അമ്മേ ഞാനൊരു മുസ്ലിം ആയിരുന്നെങ്കിൽ അമ്മ എന്നെ 'മോനേ' എന്ന് വിളിക്കുമായിരുന്നോ എന്ന് . അപ്പോൾ അമ്മ പറഞ്ഞു ,
' ഒറ്റയ്ക്കൊറ്റയ്ക്ക് ആർക്കും ആരോടും വൈരാഗ്യമില്ല'.
ആൾക്കൂട്ടമാണ് പ്രശ്നം. പക ആൾക്കൂട്ടത്തിന്റെ സ്വഭാവമാണ് എന്ന് അമ്മ പറയുകയാണ് . 'നീ ഒരു മുസ്ലിം ആണെങ്കിലും എന്നെ ഒന്നും ചെയ്യത്തില്ല', അമ്മ അവനെ കെട്ടിപ്പിടിച്ചു.
സംഘം നടന്നുനടന്നും, പിന്നീട് തീവണ്ടിയിലുമായി ഡൽഹിയിലെത്തി. ബാപ്പുജി താമസിക്കുന്ന നഗരത്തിൽ.
തകഴി എഴുതുന്നു : 'ബാപ്പുജി താമസിക്കുന്ന നഗരം ! ഇനിയും ജീവിതം സുരക്ഷിതമാണ്' .
അങ്ങനെ അയാൾ കഥയിൽ ബിർല മന്ദിരത്തിൽ ഗാന്ധിയുടെ അടുത്തെത്തുകയാണ്.
'ഗാന്ധിയുടെ സന്നിധിയിലേക്ക് ഞാൻ ആനയിക്കപ്പെട്ടു. എൻ്റെ സ്നേഹനിർഭരമായ നമസ്കാരം ഞാൻ അർപ്പിച്ചു. മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഹൃദയലാഘവം എനിക്കനുഭവപ്പെട്ടു. എൻ്റെ സങ്കൽപ്പത്തിലിരുന്നതിൽ നിന്നും എന്തു വ്യത്യാസമാണ് ഞാൻ കണ്ടത് . ഞാൻ ചിരിക്കുമ്പോൾ എന്നോടൊപ്പം വായ തുറന്ന് നിഷ്കളങ്കമായി ചിരിക്കുകയും ഞാൻ കരയുമ്പോൾ എന്നോടൊപ്പം കരയുകയും ചെയ്യുന്ന ഒരു മനുഷ്യൻ'.
അയാൾ തിരിച്ച് അഭയാർത്ഥി ക്യാമ്പിൽ ചെന്നപ്പോൾ കാത്തുനിന്ന അമ്മ ചോദിച്ചു , നീ ബാപ്പുവിനെ കണ്ടോ ?
'കണ്ടു'
അമ്മയുടെ ഉത്കണ്ഠയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു .
അമ്മ പറഞ്ഞു, 'എനിക്കും പെട്ടെന്ന് കാണണം'.
'അമ്മ വിഷമിക്കുന്നതുപോലെ തോന്നുന്നുവല്ലോ.'
അമ്മ: ഉവ്വ് . ബാപ്പുജിയുടെ ജന്മോദ്ദേശ്യം സാധിച്ചു. ബാപ്പുജിക്ക് ഇഷ്ടം പോലെ മരിക്കാം. അവതാരങ്ങൾ ജന്മോദ്ദേശ്യം സാധിച്ചാൽ കാരണത്തിൽ ലയിക്കും'
പിറ്റേന്ന് ജനുവരി മുപ്പതായിരുന്നു.
തീസ് ജനുവരി മാർഗിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ നൂറുകൊല്ലങ്ങൾക്കു മുൻപ്, 1924 ൽ , എഴുതപ്പെട്ട ഒരു കവിതയിലെ ഒരു വരിയിൽ ഞാൻ മാറ്റം വരുത്തി .
'ഗാന്ധി ജീവിച്ചിരുന്നു
ഗാന്ധി ജീവിക്കുന്നു
ഗാന്ധി എന്നും ജീവിച്ചുകൊണ്ടേയിരിക്കും'
വ്ലാദിമിർ മയക്കോവ്സ്കി 1924 ൽ ലെനിൻ മരിച്ചപ്പോൾ മാർച്ച് മുപ്പത്തിയൊന്നാം തീയതി എഴുതിയ Komsomol Song എന്ന കവിതയിലാണ് ഞാൻ ഈ മാറ്റം നടത്തിയത്. ആ കവിതയുടെ ശതാബ്ദിയിൽ ഇങ്ങനെയും ഒരാദരം ആകാമല്ലോ.
Content Highlights: Azhchappadukal S Gopalakrishnan october Gandhi assassination and Thakazhi Sivasankarapillai
Published: 03 Oct 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented