അടന്തയും ചെമ്പടയും ചലനങ്ങളില്‍ പോലും അലിഞ്ഞു ചേര്‍ന്ന നഗരം. കൊട്ടും മേളവും നിറവും മണവുമേകുന്ന നഗരജീവിതം. കൊട്ടുകാര്‍ക്ക് താരപദവി നല്‍കി എഴുന്നള്ളിക്കുന്ന സാംസ്‌കാരികസ്ഥലം. കേരള സംഗീത നാടക അക്കാദമി താളവാദ്യങ്ങളില്‍ ഒരു ഉല്‍സവം നടത്തുമ്പോള്‍ അതിവിടെയാകുന്നത് തികച്ചും സ്വാഭാവികവും ഉചിതവുമാണ്. ഉത്സവങ്ങളും വാദ്യമേളങ്ങളും ജീവിതത്തില്‍ ഇത്രയേറെ അലിഞ്ഞു ചേര്‍ന്നിട്ടുള്ള മറ്റൊരു മണ്ണും കേരളത്തിലില്ല തന്നെ. കേരള സംഗീത നാടക അക്കാദമി ജൂലായ് 11, 12, 13 തീയതികളില്‍ അക്കാദമി ആസ്ഥാനത്ത് 'തത്തിന്തകത്തോം' എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ താളവാദ്യോത്സവം വ്യത്യസ്തമായത് പരിപാടിയുടെ പേരു കൊണ്ടു മാത്രമല്ല, അവതരണത്തിലെ വൈവിധ്യം കൊണ്ടുകൂടിയാണ്. മൂന്നു ദിവസങ്ങളിലെ വിവിധ സെഷനുകളിലായി ആയിരത്തോളം കലാകാരന്‍മാര്‍ വേദികളിലെത്തി. പ്രകടനങ്ങളും വ്യാഖ്യാനങ്ങളുമായി വാദ്യപ്പെരുമ താളത്തില്‍ കൊട്ടിക്കയറിയ മൂന്നു ദിനങ്ങള്‍. 

To advertise here,
placeholder
കേളി രാമചന്ദ്രന്‍


'അക്കാദമി ചെയര്‍മാന്‍ മട്ടന്നൂരാണ് ഒരു താളവാദ്യോല്‍സവത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചത്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു താളവാദ്യ കലാകാരന്‍ അധ്യക്ഷ പദവിയിലെത്തുന്നത്. താളവാദ്യത്തിനായി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന അദ്ദേഹത്തിന്‍റെ തോന്നലില്‍ നിന്നാണ് ഈ പരിപാടിയുടെ ആശയം പിറവി കൊള്ളുന്നത്,' തത്തികന്തത്തോം ക്യുറേറ്റര്‍ കേളി രാമചന്ദ്രന്‍ പറയുന്നു. 

കേരളത്തില്‍ പല പ്രധാനവേദികളിലും മുംബൈയിലും സംഗീത-വാദ്യ പരിപാടികളുടെ സംഘാടകനായി മികവു തെളിയിച്ചിട്ടുള്ള രാമചന്ദ്രനെ അക്കാദമി ഭാരവാഹികള്‍ പരിപാടിയുടെ ക്യുറേറ്റര്‍ ആയി തിരഞ്ഞെടുത്തത് എതിര്‍പ്പുകളില്ലാതെയാണ്. കൊട്ടിന്‍റെ, മേളത്തിന്‍റെ നാട്ടില്‍ ജനിച്ച്, കൊട്ടിനൊപ്പം താളമിട്ട്, കഥകളിയിലും സംഗീതത്തിലുമെല്ലാം നീന്തിത്തുടിച്ച രാമചന്ദ്രനാവട്ടെ, തന്‍റെ കലാസങ്കല്‍പ്പങ്ങള്‍ക്കു യോജിച്ച വിധം ഒരു വലിയ പരിപാടി സംഘടിപ്പിക്കാന്‍ കഴിയുമെന്നതിന്‍റെ ആവേശവും ഉണ്ടായിരുന്നു.

'ഒരു താളവാദ്യ ഉല്‍സവം സംഘടിപ്പിക്കല്‍ അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷേ, കുറച്ചു പേര്‍ വന്ന് തലയാട്ടി, താളമിട്ട് വീട്ടിലേക്ക് മടങ്ങും എന്നല്ലാതെ അതിന് നമ്മുടെ കലാചരിത്രത്തില്‍ വലിയ പ്രാധാന്യമൊന്നും ഉണ്ടാവില്ല. അക്കാദമിയുടെ സ്വന്തം പരിപാടിയാവുമ്പോള്‍ കുറച്ചു കൂടി വ്യത്യസ്തതയും പുതുമയും ഗൗരവവും വേണമെന്ന നിലപാട് ഞാന്‍ ആദ്യമേ എടുത്തു, ' രാമചന്ദ്രന്‍ പറഞ്ഞു.

പരിപാടി ക്യൂറേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അക്കാദമി ഭാരവാഹികള്‍ സമീപിച്ചപ്പോള്‍ രാമചന്ദ്രന്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ തനിക്കുള്ള രാഷ്ട്രീയ-സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. 'ലോകം അതിവേഗത്തില്‍ മാറുകയാണ്. അതിനൊപ്പം കലയും മാറുന്നുണ്ട്. കലയുടെ മാറുന്ന കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തില്‍ മാത്രമേ ഇത്തരമൊരു പരിപാടിക്ക് പ്രസക്തിയുള്ളൂ എന്ന കാര്യം ആദ്യം തന്നെ വ്യക്തമാക്കി. അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ വെറും അക്കാദമിക് ആയി പരിപാടികള്‍ മാറാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിനായി വ്യത്യസ്തമായ പരിപാടികളുടെയും കലാകാരന്‍മാരുടെയും കലാകാരികളുടെയുമെല്ലാം സാന്നിധ്യവും ഉറപ്പാക്കി, ' രാമചന്ദ്രന്‍ പറഞ്ഞു.
'കലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യവസ്ഥാപിത വഴികളില്‍ നിന്നുള്ള മാറി നടത്തമാണ്. ആസ്വാദകരെയും പ്രയോക്താക്കളെയും ഇതിനായി സജ്ജരാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായത് മാറിയ ലോകത്തു നിന്ന് ഒരു കലാപരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ അത് മതനിരപേക്ഷമായി വേണം എന്നതാണ്. 'തത്തിന്തകത്തോം' ആ അര്‍ഥത്തില്‍ വിജയം കണ്ട ഒരു പരിപാടിയായിരുന്നു. കലയിലെ ജനാധിപത്യം, ലിംഗനീതി എന്നീ മൂല്യങ്ങളും ഈ മൂന്നു ദിവസം നീണ്ട പരിപാടികളില്‍ ഉയര്‍ത്തിപ്പിടിക്കാനായി, ' അദ്ദേഹം പറഞ്ഞു. 
താളങ്ങളുടെ തമ്പുരാനായിരുന്ന ഉസ്താദ് സാക്കിര്‍ ഹുസൈനുള്ള ചരമോപചാരം എന്ന നിലയിലാണ് തത്തിന്തകത്തോം സംഘടിപ്പിച്ചത്. പ്രധാന ഓഡിറ്റോറിയത്തിന്‌റെ മുന്നില്‍ സ്ഥാപിച്ച പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് വരച്ച സാക്കിര്‍ ഹുസൈന്‍റെ ചിത്രം; കാറ്റു പോലെ, കടല്‍ പോലെ, തബലയിലേക്ക് ലയിക്കുന്ന താളമാന്ത്രികന്‍റെ മനോഹരമായ ചിത്രം, താളവാദ്യോല്‍സവത്തിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്തുകൊണ്ട് നിന്നു.

വ്യത്യസ്തരായ കലാകാരന്‍മാരും അവരുടെ കലയും അവര്‍ ജീവിച്ചിരിക്കുന്ന സമൂഹങ്ങളുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. ആദ്യ ദിവസം വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ താളവാദ്യോല്‍സവത്തെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ രാമചന്ദ്രന്‍ സമൂഹം നിഷ്‌കരുണം വിസ്മരിച്ചു കളഞ്ഞ കലാകാരന്‍മാരെക്കുറിച്ചാണ് പറഞ്ഞത്. സ്വന്തം പ്രതിഭയുടെ തീയില്‍ എരിഞ്ഞുപോയ തൃത്താല കേശവപ്പൊതുവാളെക്കുറിച്ചും കലയിലും സമൂഹത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ പൈങ്കുളം രാമച്ചാക്യാരെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.

'സര്‍ക്കാരും വിവിധ സ്ഥാപനങ്ങളുമെല്ലാം ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ പലപ്പോഴായി നടത്തുന്നുണ്ട്. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കലയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്കു കാരണക്കാരായ പൈങ്കുളം രാമച്ചാക്യാരെപ്പോലുള്ളവരുടെ സംഭാവനകളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒന്നും ഇത്തരം പരിപാടികളില്‍ നാം കാണുന്നില്ല. പുരോഗമനപരം എന്നു നടിക്കുന്ന കലാസംവാദങ്ങളിലും ഈ കലാകാരന്‍മാരെ ആരും ഓര്‍ക്കുന്നില്ല. ഇതു നന്ദികേടാണ്. ഈ കലാകാരന്‍മാരെ മറന്നുകൊണ്ട് കലാകേരളത്തിനു മുന്നോട്ടു പോകാനാവില്ല,' രാമചന്ദ്രന്‍ പറഞ്ഞു. 
കലയ്ക്കും കലാകാരന്‍മാര്‍ക്കുമായി അടുത്ത കാലത്ത് സാംസ്‌കാരിക കേരളത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ ഒരു സംരംഭം തന്നെയായിരുന്നു തത്തിന്തകത്തോം എന്നു നിസ്സംശയം പറയാനാവും. വ്യവസ്ഥാപിത കലാസങ്കല്‍പ്പങ്ങളെ മടി കൂടാതെ തിരസ്‌കരിച്ചുകൊണ്ടാണ് ഈ ആശയം നടപ്പിലാക്കിയത്. ഇടയ്ക്കയെന്ന വാദ്യത്തെ സോപാനത്തിനു പുറത്തേക്കു കൊണ്ടു വന്ന് ജനകീയതയുടെ അംശങ്ങള്‍ ചേര്‍ത്ത് ജനപ്രിയമാക്കിയ പെരിങ്ങോട് സുബ്രഹ്‌മണ്യന്‍ ദേവസ്തുതികള്‍ക്കപ്പുറം ചലച്ചിത്രഗാനങ്ങള്‍ക്കും നാടന്‍ പാട്ടുകള്‍ക്കു വഴങ്ങുന്ന ഇടയ്ക്കയുടെ ജനകീയ വശത്തെയാണ് തുറന്നു കാട്ടിയത്. 

placeholder
പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പാണ്ടിമേളം

സംഗീതം താളത്തിനു വഴി മാറിക്കൊടുത്ത മേളപ്പദവും പൈങ്കുളം രാമച്ചാക്യാരുടെ പൈതൃകത്തിന്‍റെ പിന്തുടര്‍ച്ചാവകാശികളായ പുതുതലമുറക്കാര്‍ അവതരിപ്പിച്ച മിഴാവ് തായമ്പകയുമെല്ലാം വ്യത്യസ്തതയുടെ പുതിയ തലങ്ങളാണ് ആസ്വാദകരുടെ മുന്നില്‍ തുറന്നിട്ടത്. 
മുസ്ലിം സംസ്‌കാരത്തെ പ്രതിനിധാനം ചെയ്ത മുട്ടും വിളിയും തത്തിന്തകത്തോം വിഭാവനം ചെയ്ത മതനിരപേക്ഷതയുടെ നേര്‍സാക്ഷ്യമായി. അനുഷ്ഠാനങ്ങളാണ് പലപ്പോഴും പുരാതനമായ താളങ്ങളെ നശിച്ചു പോകാതെ നിലനിര്‍ത്തിപ്പോകുന്നത്. 'അര്‍ജുന നൃത്തം ' എന്ന കലാരൂപത്തിന്‍റെ ഏറ്റവും വലിയ വ്യഖ്യാതാവായിരുന്നു കുറിച്ചി കുമാരന്‍ എന്ന മഹാനായ കലാകാരന്‍. 'ഇന്ന് എത്ര പേര്‍ക്ക് കുറിച്ചി കുമാരന്‍ എന്ന മഹാപ്രതിഭയെക്കുറിച്ചറിയാം?' രാമചന്ദ്രന്‍ ചോദിക്കുന്നു. 'അദ്ദേഹം രണ്ടു കൈകളിലും രണ്ടു കാലുകളിലുമായി ഒരേ സമയം നാലു വ്യത്യസ്ത താളങ്ങള്‍ പിടിക്കുമായിരുന്നു,' . ഒരു താളം പിടിക്കുമ്പോള്‍ പോലും എണ്ണം പിഴയ്ക്കുന്ന കലാകാരന്‍മാര്‍ അരങ്ങു തകര്‍ക്കുന്ന കാലത്തില്‍ നിന്നുകൊണ്ട് രാമചന്ദ്രന്‍ ഓര്‍മപ്പെടുത്തുന്നു. 'എന്‍റെ കലാപരിചയത്തില്‍ അതുപോലെ അന്യാദൃശമായ കഴിവുകളുള്ള മറ്റൊരു കലാകാരനെ ഞാന്‍ കണ്ടിട്ടില്ല.'

വിവിധ താളപദ്ധതികള്‍ കൊടുക്കല്‍ വാങ്ങലുകളിലൂടെ വളര്‍ന്നു വന്നതിന്‍റെ കഥകളും താളവാദ്യോല്‍സവത്തില്‍ അയവിറക്കിയിരുന്നു. തായമ്പകയുടെ മറുവാക്കായ പല്ലാവൂര്‍ അപ്പു മാരാര്‍ മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണി അയ്യരില്‍ നിന്നും മണി അയ്യര്‍ അപ്പു മാരാരില്‍ നിന്നും താളക്കണക്കുകള്‍ ഉള്‍ക്കൊണ്ടതിന്‍റെ ഉദാഹരണങ്ങള്‍ സോദാഹരണ വിശദീകരണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു. സ്വന്തം വാദ്യത്തെ പേരിന്‍റെ പര്യായമാക്കി മാറ്റിയ രണ്ടു മഹാരഥന്‍മാരുടെ കൊടുക്കല്‍ വാങ്ങലുകളുടെ കഥ കലാപ്രകടനങ്ങളോളം തന്നെ അമൂല്യമായ ഓര്‍മകളായി മാറി ആസ്വാദകര്‍ക്ക്. 
മാര്‍ഗം കളിക്ക് ഒരു കാലത്തുണ്ടായിരുന്ന തനതായ താളപദ്ധതിയെക്കുറിച്ചാണ് അഖില ജോഷി പറഞ്ഞത്. ഒരു താളപദ്ധതി കാലാന്തരത്തില്‍ എങ്ങനെ വിസ്മൃതമായി എന്നതിനുദാഹരണമാണ് മാര്‍ഗം കളി. 'നമ്മുടെ കലാസംസ്‌കാരത്തില്‍ ഇത്തരം നഷ്ടപ്പെടലുകള്‍ ഏറെയുണ്ട്. തത്തിന്തകത്തോം നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാനും നിലവിലുള്ളവയെ നിലനിര്‍ത്താനും കൂടിയുള്ള ശ്രമമാണ്,' രാമചന്ദ്രന്‍ പറഞ്ഞു. 

രണ്ടാം ദിവസത്തെ താളവാദ്യരംഗത്തെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള സെഷന്‍ താളവാദ്യോല്‍സവത്തിലെ ഏറ്റവും സവിശേഷത നിറഞ്ഞ ഒന്നായിരുന്നു. 'സ്ത്രീ ശാക്തീകരണം എന്ന വാക്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ ഒരു സംരക്ഷണത്തിന്‍റെ അംശമുണ്ട്. അതിന്‍റെ ആവശ്യമില്ല. അവര്‍ സ്വന്തം നിലയില്‍ സജ്ജരാണ്. കലയില്‍ സ്വന്തം വഴി വെട്ടി വന്ന ഒട്ടേറെ കലാകാരികള്‍ വാദ്യരംഗത്തുണ്ട്. അവര്‍ മുഖ്യധാരയില്‍ തന്നെയുണ്ട്. അവരുടെ കലയെ ആസ്വദിക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത്, ' അദ്ദേഹം പറഞ്ഞു. പുരുഷ മേധാവിത്തം നിറഞ്ഞു നില്‍ക്കുന്ന കര്‍ണാടക സംഗീത താളവാദ്യരംഗത്തെ പ്രമുഖ കലാകാരിയായ സുകന്യ റാം ഗോപാലിന്‍റെ ഘടതരംഗ് ആയിരുന്നു രണ്ടാം ദിവസത്തെ പ്രധാന പരിപാടി. 

താളവാദ്യകലയിലെ പ്രമാണിമാരായ പെരുവനം കുട്ടന്‍ മാരാര്‍, കല്ലൂര്‍ രാമന്‍ കുട്ടി, 80 വയസ്സിലും ക്ഷീണമറിയാതെ പഞ്ചാരിമേളം നയിച്ച തേരോഴി രാമക്കുറുപ്പ് ... താളത്തിന്‍റെ ചടുല, രൗദ്രഭംഗികള്‍ വെട്ടിത്തിളങ്ങിയ മൂന്നു ദിനങ്ങള്‍. 
പുളിമുട്ടില്‍ കൊട്ടിത്തുടങ്ങി ക്രമാനുഗതമായി വാദ്യത്തില്‍ വികസിക്കുന്ന താളഭംഗിയെ അക്കാദമി ചെയര്‍മാനും പ്രമുഖ കലാകാരനുമായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ കൊട്ടിത്തന്നെ വിശദമാക്കി. അവസാന ദിനം അവസാന സെഷനില്‍ ചെയര്‍മാന്‍സ് സിംഫണി അരങ്ങേറുമ്പോള്‍ അതു കാണുന്നതിനായി എത്തിയ കാണികള്‍ കെ.ടി. മുഹമ്മദ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞതുപോലെ അക്കാദമിയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് താളവാദ്യങ്ങള്‍ക്കു വേണ്ടി മാത്രമായിട്ട് ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത്. 
'തത്തിന്തകത്തോം ഇനി ചരിത്രത്തിന്‍റെ ഭാഗമാണ്. വിചാരിച്ചതിലേറെ ഭംഗിയായി അതു സംഘടിപ്പിക്കാനായത് അതില്‍ പങ്കെടുത്ത വലിയ കലാകാരന്‍മാരുടെ സഹകരണം കൊണ്ടുകൂടിയാണ്. നിലത്തു നിന്നു പെരുമാറുന്ന കലാകാരന്‍മാരുമായി ഇടപെടുമ്പോള്‍ അതേ നിലത്തു തന്നെ നില്‍ക്കണം. അതു വിജയകരമായി നിര്‍വഹിക്കാനായി എന്നത് സംതൃപ്തിയേകുന്നു. ഈ മേളയ്ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവേണ്ടത് സാംസ്‌കാരികമായ ഒരു ആവശ്യമാണ്. പക്ഷേ, അത് തീരുമാനിക്കേണ്ടത് ഭരണയന്ത്രം തിരിക്കുന്നവരാണ്. കലയും കലാകാരന്‍മാരും സമൂഹത്തെയും ചരിത്രത്തെയും സ്വാധീനിക്കുന്നു എന്ന തിരിച്ചറിവുകള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഇത്തരം സാംസ്‌കാരിക ദൗത്യങ്ങള്‍ ഏറ്റെടുക്കപ്പെടൂ. ' 

രാമചന്ദ്രന്‍ മുംബൈയിലേക്ക് മടങ്ങുകയാണ്. ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിര്‍വഹിച്ചതിന്‍റെ സംതൃപ്തിയോടെ. മുംബൈയില്‍ അദ്ദേഹത്തിന് കേളിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകള്‍ നിര്‍വഹിക്കാനുണ്ട്. എങ്കിലും മധ്യകേരളവും അവിടത്തെ കലാ-സാംസ്‌കാരിക ജീവിതവും രാമചന്ദ്രന്‍റെ മനസ്സില്‍ ഒരു തായമ്പക കൊട്ടുന്നുണ്ട്. കൊട്ട് മുറുകുമ്പോള്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തും. ജീവിതലയം കുടികൊള്ളുന്നത് കലയെ അടുത്തറിയുമ്പോള്‍ മാത്രമാണെന്ന തിരിച്ചറിവോടെ.