ബോളിവുഡ് താരം മലൈക അറോറയും ‘സ്പ്ലിറ്റ്‌സ്‌വില്ല X6’ ഫെയിം സോറബ് ബേദിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് താരം തന്നെ രംഗത്ത്. ഇരുവരും ഒന്നിച്ചുള്ള പാർട്ടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിശദീകരണവുമായി സോറബ് ബേദി എത്തിയത്. മലൈകയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്ന് സോറബ് അഭിമുഖത്തിൽ വ്യക്തമാക്കി.

To advertise here,

മോഡലിങ് കാലഘട്ടം മുതൽക്കേയുള്ള പരിചയമാണ് മലൈകയുമായുള്ളതെന്ന് സോറബ് പറഞ്ഞു. മോഡലിങ് രംഗത്തെ തന്റെ മെന്റർമാരായ ഡെൽനാസ് ദരുവാല, വാഹ്ബിസ് മേത്ത എന്നിവർ വഴിയാണ് മലൈകയെ പരിചയപ്പെടുന്നത്. "വർഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്. മുൻപും മലൈകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്. അന്ന് എന്നെ ആരും തിരിച്ചറിയാത്തതുകൊണ്ടാണ് അത്തരം ചർച്ചകൾ ഉണ്ടാകാതിരുന്നത്. ഇപ്പോൾ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്’- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇത്തരം ഗോസിപ്പുകൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും പെൺകുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുഹുവിലെ മലൈകയുടെ റസ്റ്ററന്റിൽ നടന്ന പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മലൈകയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോറബ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നെങ്കിലും ഗോസിപ്പുകൾ ഉയർന്നതോടെ ഇത് നീക്കം ചെയ്തിരുന്നു. അർജുൻ കപൂറുമായുള്ള ദീർഘകാലത്തെ പ്രണയം മലൈക അവസാനിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വാർത്തകൾ പ്രചരിച്ചത്.