ഇന്ത്യയിലുടനീളം ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തിൽ, ഡെലിവറി പങ്കാളികളുടെ ജോലിഭാരം ലഘൂകരിക്കാൻ പുതിയ പദ്ധതിയുമായി ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ. കഠിനമായ ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന 'കൂളിങ് വെസ്റ്റുകൾ' കമ്പനി വിതരണം ചെയ്തു തുടങ്ങിയതായി സൊമാറ്റോ പങ്കുവെച്ച ലിങ്ക്ഡിൻ പോസ്റ്റിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ 14 നഗരങ്ങളിലായി ഏകദേശം 2,500-ലധികം ഡെലിവറി പങ്കാളികൾ വേനൽക്കാലത്ത് കൂളിങ് വെസ്റ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ധരിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. എന്നാൽ ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കുക എന്ന് വ്യക്തമല്ല.

To advertise here,

‘ഇതൊരു തുടക്കം മാത്രമാണ്, വേനൽക്കാലം കുറച്ചുകൂടി സുഖകരമാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് കരുതുന്നു’-സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.

എന്താണ് കൂളിംഗ് വെസ്റ്റ്? 

ശരീരതാപനില കൃത്യമായി നിലനിർത്താൻ സഹായിക്കുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് കൂളിങ് വെസ്റ്റുകൾ. അമിതമായ ചൂട് മൂലം ഉണ്ടാകുന്ന തളർച്ച, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ഇവ സംരക്ഷണം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. 

  • പ്രവർത്തന രീതി: പി.വി.എ (PVA) അധിഷ്ഠിതമായ ഇവാപ്പറേറ്റീവ് കൂളിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ നാല് മണിക്കൂർ വരെ ഇത് ശരീരത്തിന് തണുപ്പ് നൽകും.

  • സവിശേഷതകൾ: ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ ഡിസൈൻ. അണുബാധ തടയാനുള്ള ആന്റി-മൈക്രോബിയൽ ഗുണങ്ങളും ഉൾപ്പെടുന്നുണ്ട്. ചുരുങ്ങിയത് രണ്ട് വേനൽക്കാലമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന വിധം ഈടുനിൽക്കുന്നതാണ് ഈ വെസ്റ്റുകൾ.

ഷെൽ ഫൗണ്ടേഷൻ (ലണ്ടൻ), ട്രെയിൻ ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് സൊമാറ്റോ പദ്ധതി നടപ്പിലാക്കുന്നത്. മുംബൈ ആസ്ഥാനമായ ഇന്റലെക്യാപ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

https://www.linkedin.com/posts/zomato_this-summer-2500-delivery-partners-in-more-activity-7451894967851163648-TBX9?utm_source=social_share_send&utm_medium=member_desktop_web&rcm=ACoAAF55W1IB5NL7o6ZbRGXhRuKkufJ2AQow5r4