ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ദേവ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹരേ രാമ ഹരേ കൃഷ്ണ'. 1971 ല്‍ റിലീസായ ഈ ചിത്രത്തിലെ ദം മാരോ ദം എന്ന ഗാനം എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ഹിന്ദി ഗാനങ്ങളുടെ പട്ടികയിലുണ്ട്. സിനിമയില്‍ നായികയായെത്തിയ സീനത്ത് അമന്‍ ആ ഗാനരംഗത്ത് അഭിനയിച്ചതിന്റെ ഓര്‍മകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ലഹരി ഉപയോഗിച്ച മാതിരി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു സംവിധായകന്റെ ആവശ്യമെന്ന് സീനത്ത് അമന്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി.
ഗാനരംഗത്ത് അഭിനയിക്കുന്നതിനായി ഷൂട്ടിങ് നടന്ന കാഠ്മണ്ഡുവിലെ തെരുവുകളില്‍ അലഞ്ഞുനടന്നിരുന്ന ഹിപ്പികളെ ദേവ് ആനന്ദ് കൂട്ടിക്കൊണ്ടുവന്നതും സീനത്ത് അമന്‍ ഓര്‍മിച്ചു. തന്റെ കഥാപാത്രമായ ജാനിസിന് ലഹരി ലഭിക്കാന്‍ അതില്‍ക്കൂടുതല്‍ സൗകര്യം കിട്ടുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമാരകാലത്തിലായിരുന്ന തനിക്ക് അവിടെയെത്തിയ ഹിപ്പികളുടെ ഹാഷിഷ് നിറച്ച ചില്ലം വേണ്ടത്ര ഉപയോഗിക്കാനും ആവശ്യത്തിലധികം ലഹരിയിലാകാനുമുള്ള അവസരം ലഭിച്ചുവെന്നും സീനത്ത് അമന്‍ കുറിച്ചു.
ഗാനരംഗത്തിന്റെ ചിത്രീകരണം കഴിയുമ്പോഴേക്കും താന്‍ ആകാശത്തുയര്‍ന്നുപൊങ്ങിയ പട്ടം കണക്കേയായിരുന്നുവെന്നും ലഹരിയില്‍ മതിമയങ്ങി അതീവസന്തുഷ്ടയായിരുന്ന തനിക്ക് ഹോട്ടല്‍മുറിയിലേക്ക് മടങ്ങാനുള്ള മനസ്സുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. പതിയെ താന്‍ ആ അവസ്ഥയില്‍നിന്ന് പുറത്തെത്തിയെന്നും സീനത്ത് അമന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൗമാരക്കാരിയായ മകള്‍ക്ക് മയക്കുമരുന്ന് നല്‍കിയതില്‍ മുതിര്‍ന്ന ക്രൂ അംഗങ്ങളോട് തന്റെ അമ്മ ഏറെ ദേഷ്യപ്പെട്ടതായും സീനത്ത് അമന്‍ കുറിച്ചിരിക്കുന്നു. ഭാഗ്യത്തിന് താന്‍ അമ്മയുടെ കോപത്തിന് പാത്രമായില്ലെന്നും സീനത്ത് ഓര്‍മിച്ചു.
Content Highlights: Zeenat Aman recalls getting stoned while shooting for Dum Maaro Dum
Published: 24 Sept 2024, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented