
വിവാഹത്തിന് മുൻപുള്ള ലിവിങ് റിലേഷൻഷിപ്പിനെ അനുകൂലിച്ചും പുനർവിവാഹത്തിനില്ലെന്നും അടുത്തിടെ ബോളിവുഡ് നടി സീനത്ത് അമൻ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ സീനത്തിന്റെ അന്തരിച്ച ഭർത്താവും നടനും സംവിധായകനുമായ മസ്ഹർ ഖാന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താനൊരു ഷോവനിസ്റ്റ് (പുരുഷാധിപത്യ ചിന്താഗതിയുള്ള ആൾ) ആണെന്നും ഭാര്യ, വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കണമെന്നും മസ്ഹർ ഖാൻ പറയുന്നതാണ് വീണ്ടും പ്രചരിക്കുന്നത്. മസ്ഹറിന്റെ വീഡിയോ വൈറലായതിന് പിന്നാലെ തന്റെ നിലപാടുകൾ ഒരിക്കൽക്കൂടി വ്യക്തമാക്കി സീനത്ത് അമൻ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിലാണ് താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സീനത്തിനെ അഭിനയിപ്പിക്കില്ലെന്ന് മസ്ഹർ ഖാൻ വ്യക്തമാക്കിയത്. ‘അവളെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് തടയുന്നത് ശരിയല്ല. 15 വർഷമായി അവർ ഇൻഡസ്ട്രിയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ അവൾക്ക് കൂടുതൽ താല്പര്യം മക്കളിലും വീടുനോക്കുന്നതിലുമാണ്. ഞങ്ങളുടെ കുട്ടികൾ ചെറുതാണ്. ഇനി നല്ല അവസരങ്ങൾ വരികയാണെങ്കിൽ അവൾക്ക് ഒന്നോ രണ്ടോ സിനിമകൾ ചെയ്യാം. പക്ഷേ, അവളോടൊപ്പം ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വീട്ടിലെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ ഇരിക്കട്ടെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ – അഭിമുഖത്തിൽ മസ്ഹർ പറഞ്ഞു
എന്നാൽ വർഷങ്ങൾക്ക് ശേഷം സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ സീനത്ത് ഈ ബന്ധത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. അമ്മയുടെയും കുടുംബത്തിന്റെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് താൻ മസ്ഹറിനെ വിവാഹം ചെയ്തതെന്നും, അത് തന്റെ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നുവെന്നും അവർ പറഞ്ഞു. തന്നെ പുറംലോകവുമായി ബന്ധമില്ലാത്ത രീതിയിൽ വീട്ടിൽ തളച്ചിടാനാണ് മസ്ഹർ ശ്രമിച്ചതെന്നും അവിടെ തനിക്ക് വളരാൻ സാധിച്ചിരുന്നില്ലെന്നും സീനത്ത് തുറന്നുപറഞ്ഞു. തന്റെ ആദ്യ ഗർഭകാലത്ത് മസ്ഹറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന സത്യവും താരം വെളിപ്പെടുത്തിയിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെയാണ് തന്റെ നിലപാടുകൾ വീണ്ടും വ്യക്തമാക്കി സീനത്ത് അമൻ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം അവർക്ക് പവിത്രമായിരിക്കണം, അല്ലാതെ സമൂഹത്തിന് വേണ്ടി അത് വിവാഹത്തിലൂടെ 'വിശുദ്ധീകരിക്കപ്പെടേണ്ട' ഒന്നല്ലെന്ന് താരം കുറിച്ചു. ലിവിങ് റിലേഷൻഷിപ്പിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ചില സമകാലികരെ ചൊടിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത മൂല്യങ്ങളെ അപമാനിക്കുന്നു എന്ന ആരോപണം ഉയർന്നതായും സീനത്ത് ചൂണ്ടിക്കാട്ടി.
‘സന്തോഷമില്ലാത്ത ഒരു ബന്ധം വിവാഹം കഴിച്ചതുകൊണ്ട് പെട്ടെന്ന് സന്തോഷകരമാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇന്നത്തെ യുവാക്കൾ തുല്യനീതിയിലധിഷ്ഠിതമായ ബന്ധങ്ങളാണ് ആഗ്രഹിക്കുന്നത്. സമ്പത്ത് വർദ്ധിപ്പിക്കാനോ, സംരക്ഷണത്തിനോ, മാതാപിതാക്കളെ സന്തോഷിപ്പിക്കാനോ വേണ്ടിയല്ല അവർ ഒന്നിക്കുന്നത്, മറിച്ച് മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അനുഭവിക്കാനാണ്. ഒരു ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹവും ബഹുമാനവുമാണ്, അല്ലാതെ സർക്കാരിന്റെ രേഖകളല്ല'- സീനത്ത് വ്യക്തമാക്കി. തന്റെ മക്കൾ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ താൻ സന്തോഷവതിയായിരിക്കുമെന്നും എന്നാൽ അതിനേക്കാൾ പ്രധാനം അവർക്ക് അർത്ഥവത്തായ പങ്കാളികൾ ഉണ്ടാകുക എന്നതാണെന്നും അവർ പറഞ്ഞു.
1999-ൽ സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിലെ തന്റെ വാക്കുകൾ ഇപ്പോഴും പ്രസക്തമാണെന്നും താരം ഓർമ്മിപ്പിച്ചു. അന്ന് അത്തരം വ്യക്തിപരമായ ചോദ്യങ്ങൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും ഇത്തരം തുറന്ന സംഭാഷണങ്ങൾ സമൂഹത്തിലെ അനാവശ്യ വിലക്കുകൾ നീക്കാൻ സഹായിക്കുമെന്ന് താൻ ഇപ്പോൾ തിരിച്ചറിയുന്നതായും സീനത്ത് കൂട്ടിച്ചേർത്തു.
1985-ലായിരുന്നു സീനത്തും മസ്ഹറും വിവാഹിതരായത്. 1998-ൽ മസ്ഹർ ഖാന്റെ മരണം വരെ അവർ ആ ബന്ധത്തിൽ തുടർന്നു. ഇതിന് മുൻപ് സഞ്ജയ് ഖാനുമായുണ്ടായിരുന്ന വിവാഹബന്ധവും വലിയ വിവാദങ്ങളോടെയാണ് അവസാനിച്ചിരുന്നത്.
Content Highlights: An old interview of Mazhar Khan making chauvinistic remarks about his wife Zeenat Aman has gone viral., Khan stated his wife should be a homemaker, cook, and not act in films.
Published: 26 Feb 2026, 11:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented