ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ആര്‍ജെ മഹ്‌വേഷും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ചാഹല്‍ മഹ്‌വേഷിനൊപ്പമെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഐപിഎല്ലില്‍ ചാഹലിന്റെ ടീമായ പഞ്ചാബ് കിങ്‌സിന്റെ മത്സരം കാണാന്‍ മഹ്‌വേഷ് സ്റ്റേഡിയത്തിലെത്തിയിരുന്നു. മഹ് വേഷും സുഹൃത്തുക്കളും നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്ന് ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു.

To advertise here,

ഇപ്പോഴിതാ തന്റെ 35-ാം പിറന്നാളിന് ലഭിച്ച സര്‍പ്രൈസിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചാഹല്‍. ലണ്ടനില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഇതിനൊപ്പമുണ്ട്.

ലണ്ടനിലൂടെ നടക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ ചാഹലിന് മുന്നില്‍നിന്ന് നൃത്തം ചെയ്യുകയായിരുന്നു. അതിലൊരാള്‍ ചാഹലിന് ഒരു പൂ നല്‍കുകയും തങ്ങളോടൊപ്പം ഡാന്‍സ് കളിക്കാന്‍ വിളിക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്ന് നില്‍ക്കുന്ന ചാഹലിനെ വീഡിയോയില്‍ കാണാം. പിന്നീടാണ് തന്റെ പിറന്നാള്‍ സര്‍പ്രൈസാണ് ഈ ഫ്‌ളാഷ് മോബെന്ന് ചാഹല്‍ തിരിച്ചറിയുന്നത്. 

ഈ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിലും തന്റെ ആശ്ചര്യമാണ് ചാഹല്‍ പങ്കുവെയ്ക്കുന്നത്. ഇത് സംഭവിച്ചുവെന്ന് തനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും 30 വര്‍ഷത്തിനിടയില്‍ തന്റെ ആദ്യത്തെ പിറന്നാള്‍ സര്‍പ്രൈസാണ് ഇതെന്നും ചാഹല്‍ പറയുന്നു. നമ്മുടെ ചിരിയ്ക്കും സന്തോഷത്തിനും കാരണമാകുന്ന ഇത്തരം സര്‍പ്രൈസുകള്‍ ഒരുക്കുന്ന സുഹൃത്തുക്കളാണ് ഓരോരുത്തരുടേയും ശക്തിയെന്നും അദ്ദേഹം കുറിച്ചു. 

എന്നാല്‍ ഈ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയതെന്ന് ആരാണെന്ന് ചാഹല്‍ വെളിപ്പെടുത്തിയിട്ടില്ല. മഹ് വേഷായിരിക്കും ഇതിന് പിന്നിലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ലണ്ടനിലെ ഒരു റസ്റ്ററന്റില്‍ ഇരിക്കുന്ന ചാഹലിന്റെ ചിത്രം മഹ്‌വേഷ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതിനൊപ്പം അവര്‍ ചാഹലിന് പിറന്നാള്‍ ആശംസ നേരുകയും ചെയ്തിരുന്നു.