തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളും സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതം സ്വീകരിച്ചത് 2014-ലാണ്. പിന്നാലെ 2015-ല്‍ പ്രണയിനിയായ സാഫ്‌റൂണ്‍ നിസാറിനെ വിവാഹം കഴിക്കുകയും അബ്ദുല്‍ ഹാലിഖ് എന്ന് ഔദ്യോഗിക നാമം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ സംഗീതരംഗത്ത് യുവന്‍ ശങ്കര്‍ രാജ എന്ന പ്രൊഫഷണല്‍ പേരില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിജയ് ചിത്രം ഗോട്ടിലെ ഗാനങ്ങളാണ് അവസാനമായി സംവിധാനം ചെയ്തത്.
തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് ഇസ്‌ലാമിലേക്കെത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ യുവന്‍. അമ്മയുടെ അകാലമരണത്തോടെ തികഞ്ഞ മദ്യപാനിയായെന്നും തുടര്‍ന്ന് അമ്മയെത്തേടിയുള്ള അന്വേഷണത്തിലാണ് ഇസ്‌ലാമിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിവെച്ചിട്ടുണ്ട്. അതനുസരിച്ചേ എല്ലാ കാര്യങ്ങളും നടക്കൂ എന്ന് തനിക്ക് ബോധ്യമായെന്നും യുവന്‍ വിശദീകരിക്കുന്നു.
'എല്ലാവരെയും പോലെ എനിക്കും എന്റെ അമ്മ വളരെ പ്രധാനപ്പെട്ടതാണ്. അമ്മയെ എവിടെ കണ്ടെത്തും എന്ന അന്വേഷണത്തിനൊടുവില്‍ നമുക്കെല്ലാം ഒരു അവസാനമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതെപ്പോഴാണെന്ന് നമുക്കറിയില്ല. പക്ഷേ, ആ എക്‌സ്പയറി ഡെയ്റ്റ് നമ്മളിലെത്തും. അമ്മയുടെ മരണശേഷം ഞാന്‍ ഒരു 'ലോസ്റ്റ് ചൈല്‍ഡ്' ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയെത്തേടിയുള്ള അന്വേഷണത്തില്‍ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളെല്ലാം സംഭവിച്ചു. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്‍ പറഞ്ഞു.
'പെട്ടെന്ന് ഒരുനാള്‍ തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്മ ജനിച്ച അതേ ദിവസം, ഏതാണ്ട് അതേ സമയത്താണ് പിന്നീട് തനിക്ക് കുഞ്ഞുണ്ടായത്. ഇതിനുള്ള ഉത്തരം ഖുറാനില്‍നിന്നാണ് തനിക്ക് ലഭിച്ചത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒന്നിനെ എടുത്ത ശേഷം അതിനുമേലെ വേറെയൊന്ന് ഞാന്‍ നിങ്ങള്‍ക്ക് തരും. അത് നിങ്ങള്‍ തിരിച്ചറിയണമെന്ന് ഖുറാനിലുണ്ട്. മതംമാറ്റത്തെ അച്ഛന്‍ ഇളയരാജ എതിര്‍ത്തിരുന്നില്ല. പ്രതിദിനം അഞ്ചുനേരം ദൈവത്തോട് പ്രാര്‍ഥിക്കുമെന്ന് പറയുന്ന ഒരാളെ എന്തിന് തടയണമെന്നായിരുന്നു അച്ഛന്‍ ചോദിച്ചതെന്നും യുവന്‍ പറഞ്ഞു.
Content Highlights: yuvan shankar raja disclose his islam acces
Published: 16 Oct 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented