ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട ഫാഷൻ നിമിഷങ്ങളിലൊന്നിന് വീണ്ടും പുതുജീവൻ നൽകിയിരിക്കുകയാണ് നടി അനന്യ പാണ്ഡെ. 2001-ൽ പുറത്തിറങ്ങിയ കഭി ഖുഷി കഭി ഗം സിനിമയിലെ 'ഷവാ ഷവാ' ഗാനരംഗത്തിൽ റാണി മുഖർജി ധരിച്ച തിളങ്ങുന്ന ലെഹങ്കയുടെ അതേ ലുക്കാണ് അനന്യ പുനരാവിഷ്‌കരിച്ചത്. മുംബൈയിൽ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷവിരുന്നിൽ അനന്യയുടെ ഈ വേഷം ഏറെ ശ്രദ്ധ നേടി.

To advertise here,

25 വർഷം പിന്നിട്ടിട്ടും മങ്ങാത്ത സ്റ്റൈൽ

ഓരോ വർഷവും മനീഷ് മൽഹോത്രയുടെ ദീപാവലി വിരുന്ന് ബോളിവുഡ് താരങ്ങളുടെ ഫാഷൻ ആഘോഷം കൂടിയാണ്. ഡിസൈനറുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങളിൽ നിന്നുള്ള ആഡംബര വേഷങ്ങളണിഞ്ഞ് താരങ്ങൾ എത്തുന്നതോടെ ആഘോഷം ഫാഷൻ ലോകത്തും വലിയ ചർച്ചയാകാറുണ്ട്. ഇത്തവണ ഐശ്വര്യ റായ് ചുവന്ന സാരിയിൽ എത്തിയതും കരീന കപൂറിന്റെ കിടിലൻ പാർട്ടി ലുക്കുമെല്ലാം ശ്രദ്ധ നേടിയിരുന്നു. എന്നാൽ പഴയൊരു സിനിമാ ഓർമയെ വസ്ത്രത്തിലൂടെ തിരികെ കൊണ്ടുവന്ന അനന്യ പാണ്ഡെയുടെ ലുക്കായിരുന്നു ഏറെ കൗതുകം സൃഷ്ടിച്ചത്.

2001-ൽ കരൺ ജോഹറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കഭി ഖുഷി കഭി ഗം സിനിമയുടെ കഥയും താരങ്ങളുടെ പ്രകടനങ്ങളും മാത്രമല്ല പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. ചിത്രത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും അക്കാലത്തെ ഫാഷൻ ട്രെൻഡുകളെ സ്വാധീനിച്ചു. കരീന കപൂറിന്റെ കഥാപാത്രത്തിന്റെ വസ്ത്രധാരണവും റാണി മുഖർജി 'ഷവാ ഷവാ' ഗാനത്തിൽ ധരിച്ച ലെഹങ്കയും ഇന്നും ആരാധകർ ഓർത്തെടുക്കുന്ന ഫാഷൻ നിമിഷങ്ങളാണ്.

റാണി മുഖർജിയുടെ വേഷം

മനീഷ് മൽഹോത്രയുടെ ദീപാവലി വിരുന്നിനായി ഒരുങ്ങുമ്പോൾ അനന്യയുടെ ഫാഷൻ പ്രചോദനം റാണി മുഖർജിയുടെ പഴയ ലുക്കായിരുന്നു. ചിത്രത്തിലെ റാണിയുടെ ലെഹങ്ക ധരിച്ചുള്ള നാല് ചിത്രങ്ങൾ അനന്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. പിന്നാലെ ആ വേഷം പുനരാവിഷ്‌കരിച്ചുള്ള സ്വന്തം ചിത്രങ്ങളും പങ്കുവച്ചു. സിൽവർ നിറത്തിലുള്ള സീക്വിൻ പാവാടയും അതിനോട് ചേരുന്ന ബ്ലൗസുമാണ് അനന്യ തിരഞ്ഞെടുത്തത്. ഫിഷ്ടെയിൽ ശൈലിയിലുള്ള പാവാടയുടെ തിളക്കത്തിന് മാറ്റുകൂട്ടിയത് വെള്ള നിറത്തിലുള്ള ദുപ്പട്ടയാണ്. വെള്ളി നിറത്തിലുള്ള സീക്വിൻ അലങ്കാരങ്ങളുള്ള ദുപ്പട്ട പഴയ സിനിമയിലെ വേഷത്തിന്റെ ഭംഗി ഓർമിപ്പിക്കുന്നതായിരുന്നു.

ആഭരണങ്ങളിലും മേക്കപ്പിലും ലാളിത്യം

വസ്ത്രത്തിന്റെ തിളക്കം നിലനിർത്തിക്കൊണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും അനന്യ ശ്രദ്ധിച്ചു. വജ്രങ്ങൾ പതിപ്പിച്ച നെക്ലേസ്, മോതിരങ്ങൾ, അതിനോട് ചേരുന്ന വലിയ കമ്മലുകൾ എന്നിവയാണ് അണിഞ്ഞത്. വളകൾ ഒഴിവാക്കി ലുക്കിന് കൂടുതൽ ലാളിത്യവും ചാരുതയും നൽകി. മേക്കപ്പിൽ സോഫ്റ്റ് ഗ്ലാം ശൈലിയാണ് അനന്യ പിന്തുടർന്നത്. പിങ്ക് നിറത്തിലുള്ള ബ്ലഷ്, പിങ്ക് ലിപ്സ്റ്റിക്, തിളക്കമുള്ള ഐഷാഡോ എന്നിവ മുഖത്തിന് മൃദുവായ ഭംഗി നൽകി.താരത്തിന്റെ ലുക്കിന് പ്രകീർത്തിച്ചുകൊണ്ട് ആരാധകരും കമന്റുകളിട്ടു പ്രതികരിച്ചു.