യുട്യൂബറും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനുമായ അര്‍മാന്‍ മാലിക്കിനും അദ്ദേഹത്തിന്റെ ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ് അയച്ച് പട്യാല ജില്ലാ കോടതി. ബഹുഭാര്യത്വത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് സമന്‍സ്. സെപ്റ്റംബര്‍ രണ്ടിന് മൂന്ന് പേരും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,

ദവീന്ദര്‍ രജ്പുത് എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്. ഹിന്ദുമത വിശ്വാസികള്‍ക്ക് ഒരേ സമയം ഒരു വിവാഹം മാത്രം അനുവദിക്കുന്ന ഹിന്ദു വിവാഹ നിയമം അര്‍മാന്‍ മാലിക്ക് ലംഘിച്ചുവെന്നും അര്‍മാനും പായലും മതവികാരം വ്രണപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പായല്‍ കാളിയുടെ വേഷം ധരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു. 

പ്രതിഷേധത്തെ തുടര്‍ന്ന് ജൂലൈ 22-ന് അര്‍മാനും പായലും പട്യാലയിലെ കാളി മാതാ ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും തങ്ങളുടെ പ്രവൃത്തിക്ക് മാപ്പ് പറയുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം മൊഹാലിയിലെ ഖരാറിലുള്ള കാളി ക്ഷേത്രത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി. അവിടെവെച്ച് പായല്‍ ക്ഷേത്രം വൃത്തിയാക്കുകയും മറ്റ് പൂജാ കര്‍മങ്ങള്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സന്ദീപ് എന്ന് യഥാര്‍ഥ പേരുള്ള അര്‍മാന്‍ മാലിക്ക് ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറുകയും കണ്ടന്റ് ക്രിയേറ്ററാകുകയും ചെയ്തു. ബിഗ് ബോസ് ഒടിടി സീസണ്‍ മൂന്നില്‍ രണ്ട് ഭാര്യമാര്‍ക്കുമൊപ്പമാണ് അര്‍മാന്‍ മാലിക്ക് പങ്കെടുത്തത്. ഇതോടെ വീണ്ടും പ്രശസ്തിയിലേക്കുയരുകയായിരുന്നു.