തിരക്കുപിടിച്ച ജോലിയുമായി മുന്നോട്ടുപോകുന്നവരാണ് ഇന്നത്തെ ലോകത്ത് ഭൂരിഭാഗം പേരും. അതിനിടയില്‍ ശരീരത്തിലെ കൊഴുപ്പ് കുറച്ച് ശരീരം ഫിറ്റായി സൂക്ഷിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ചടുലമായ ജോലി തന്നെയാണ് പലര്‍ക്കും വില്ലനാകുന്നത്. എന്നാല്‍ ജോലിത്തിരക്ക് ഏറെയുള്ളവര്‍ക്കും ഇത് സാധ്യമാക്കാനുള്ള വഴി പങ്കുവെച്ചിരിക്കുകയാണ് ഫിറ്റ്‌നെസ് കോച്ചായ നേഹയെന്ന യുവതി. 

To advertise here,

കഠിനമായ കാര്‍ഡിയോ സെഷനുകളില്ലാതെ പ്രത്യേകരീതിയില്‍ ദിവസവും 20 മിനുറ്റ് നടന്നാല്‍ കൊഴുപ്പ് എരിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് നേഹ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാഴ്ച കൊണ്ട് താന്‍ ഒരുകിലോഗ്രാം ഭാരം കുറച്ചുവെന്ന് നേഹ അവകാശപ്പെടുന്നു. സാധാരണ വ്യായാമങ്ങള്‍ക്കുശേഷം ട്രെഡ്മില്ലില്‍ 4.0 സ്പീഡില്‍ 20 മിനുറ്റ് നടക്കുകയാണ് നേഹ ചെയ്തത്. ട്രെഡ്മില്ലിന്റെ ചെരിവ് 12 ആക്കി സെറ്റ് ചെയ്യുകയും വേണം. 

ആദ്യമൊന്നും ഫലമുണ്ടാകില്ല എന്നാണ് താന്‍ കരുതിയതെന്ന് നേഹ പറഞ്ഞു. സ്‌ട്രെങ്ത് ട്രെയിനിങ് അല്ലെങ്കില്‍ സാധാരണ വര്‍ക്ക്ഔട്ടിന് ശേഷം ഇത് ചെയ്യുന്നതാണ് നല്ലതെന്നും നേഹ പറഞ്ഞു. മണിക്കൂറുകളോളം ജിമ്മില്‍ വ്യായാമത്തിനായി ചെലവഴിക്കാന്‍ കഴിയാത്ത ജോലിത്തിരക്കുള്ളവര്‍ക്ക് അനുയോജ്യമാണ് ഇതെന്നും നേഹ പറയുന്നു. എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് നേഹ തുടര്‍ന്ന് വിശദീകരിച്ചു. 

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ് കുറയുന്നതിനാല്‍ അതിനുശേഷമുള്ള നടത്തത്തിന് കൊഴുപ്പാണ് ഇന്ധനമാകുക. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് ഇതിനായി ശരീരം ഉപയോഗിക്കുക. ട്രെഡ്മില്‍ ചെരിച്ച് വെക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുകയും ശരീരത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ കൊഴുപ്പിനെ എരിച്ചുകളയാന്‍ സഹായിക്കുകയും ചെയ്യും. വ്യായാമത്തിന് ശേഷം നടക്കുമ്പോള്‍ കൂടുതലായി ഓക്‌സിജന്‍ ശരീരത്തിലെത്തും. ഇതിനൊപ്പം കര്‍ശനമായ ഭക്ഷണനിയന്ത്രണവും വേണ്ടതുണ്ടെന്ന് നേഹ ഓര്‍മ്മിപ്പിക്കുന്നു.