ദുബായിലെ ആഡംബരജീവിതം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ ദുബായിലെ ജീവിതം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയിരിക്കുകയാണ് മലയാളി യുവതി ലീബ സുബിൻ. താൻ ഇങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് ലീബ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

To advertise here,

13 വർഷത്തോളമായി ദുബായിലാണ് താമസിച്ചതെന്നും ഇത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും ലീബ വ്യക്തമാക്കുന്നു. പ്രായോഗികവും വൈകാരികവുമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. വ്യത്യസ്ത വീഡിയോകളിലായി പത്ത് കാരണങ്ങളാണ് അവർ പങ്കുവെയ്ക്കുന്നത്.

ദുബായിലെ വിസ പുതുക്കേണ്ട സമയവും താമസിക്കുന്ന വീടിന്റെ കരാർ പുതുക്കേണ്ട സമയവും ഒരുപോലെ വന്നപ്പോൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ദുബായിൽ സ്‌കൂളിൽ പോകാൻ കുട്ടിക്ക് പുലർച്ചെ ആറ് മണിക്ക് വീട്ടിൽ നിന്നിറങ്ങേണ്ടി വരുന്നു. ദിവസവും ഒന്നര മണിക്കൂർ യാത്ര ഇതിനാവശ്യമാണ്. എന്നാൽ കേരളത്തിൽ വീടിന് 10 മിനിറ്റ് മാത്രം ദൂരേയുള്ള ഇന്റർനാഷണൽ സ്‌കൂളിൽ പ്രവേശനം ലഭിച്ചത് വലിയ ആശ്വാസമായെന്നും ലീബ കൂട്ടിച്ചേർത്തു.

ദുബായിലെ ഉയർന്ന വാടകയും ഈ മാറ്റത്തിന് കാരണമാണ്. അവിടുത്തെ ഉയർന്ന വാടകയും മറ്റ് ജീവിതച്ചെലവുകളും ഇവിടെയില്ലെന്ന് അവർ പറയുന്നു. നിലവിൽ കടങ്ങളോ ഇഎംഐ ബാധ്യതകളോ ഇല്ല. ഈ സാമ്പത്തികസ്വാതന്ത്ര്യം വലിയ സമാധാനമാണ്. നാട്ടിലെ സൗഹൃദങ്ങളും അയൽപക്ക ബന്ധങ്ങളും കൂടുതൽ ഉന്മേഷം നൽകുന്നതാണ്. ദുബായിലെ ഒറ്റപ്പെട്ട ജീവിതത്തേക്കാൾ നല്ലത് അതാണെന്നും യുവതി പറയുന്നു. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നു എന്നതാണ് മറ്റൊരു ഭാഗ്യമെന്നും ലീബ കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ കുടുംബാംഗങ്ങളുമായി ആലോചിക്കണമെന്നും അവർ പറയുന്നു. ഓരോരുത്തരുടേയും കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമായിരിക്കുമെന്നും ദുബായ് ഇഷ്ടപ്പെടുന്നവർ അവിടെ തുടരുന്നതാണ് നല്ലതെന്നും ലീബ പറയുന്നു. ഒരാഴ്ച്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഒന്നര ലക്ഷത്തോളം പേരാണ് കണ്ടത്. എവിടെയാണോ മനസിന് സമാധാനം ലഭിക്കുന്നത് അവിടെ ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചു.