ധുവിധു ആഘോഷിക്കാനായി തന്റെ കുടുംബത്തേയും ഒപ്പം കൂട്ടിയ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി നവവധു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ യുവതിയാണ് ഡൽഹിയിലെ പട്ടേൽ നഗറിൽ നിന്നുള്ള യുവാവിൽ നിന്ന് വിവാഹമോചനം തേടിയത്. ഇരുവരും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലേക്ക് ഹണിമൂണിന് പോയപ്പോഴാണ് മോഹൻലാലിന്റെ മിഥുനം സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമുണ്ടായത്.

To advertise here,

തന്റെ പ്രിയതമനൊപ്പമുള്ള സ്വകാര്യനിമിഷങ്ങളും സ്വപ്‌നം കണ്ടാണ് യുവതി ഹണിമൂണിന് പുറപ്പെട്ടത്. എന്നാൽ ഭർത്താവ് തന്റെ കുടുംബത്തേയും നൈനിറ്റാളിലേക്ക് കൂടെ കൂട്ടുകയായിരുന്നു. ഹണിമൂൺ ട്രിപ്പിന് ശേഷം തിരികെയെത്തിയ നവദമ്പതിമാർ തമ്മിൽ ഇതിന്റെ പേരിൽ കലഹം നിത്യസംഭവമായി. ഒടുവിലാണ് ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചത്. സിങ്കപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിച്ചയാളാണ് യുവതിയുടെ ഭർത്താവ്. 

ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനുമാണ് ഹണിമൂൺ ട്രിപ്പിൽ ദമ്പതിമാർക്കൊപ്പമുണ്ടായിരുന്നത്. ഇവരുടെ സാന്നിധ്യം കാരണം ഭർത്താവിനൊപ്പം ആഗ്രഹിച്ചത് പോലെ സമയം ചെലവഴിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു.

എന്നാൽ ഭർത്താവിന്റെ ഇക്കാര്യത്തിലെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. എല്ലാവരും സന്തോഷമായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനാലാണ് കുടുംബത്തെ ഒപ്പം കൂട്ടിയതെന്നുമാണ് ഭർത്താവ് പറഞ്ഞതെന്ന് കൗൺസിലർമാർ പറഞ്ഞു.

നൈനിറ്റാൾ യാത്രയ്ക്ക് ശേഷം അടുത്തതായി ദുബായ് യാത്രയ്ക്ക് പദ്ധതിയിട്ടതോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്‌നം വഷളായത്. ദുബായ് യാത്രയിലെങ്കിലും തങ്ങൾ ഇരുവരും മാത്രമേ ഉണ്ടാകൂ എന്നാണ് ഭാര്യ കരുതിയിരുന്നത്. എന്നാൽ ഇത്തവണയും കുടുംബത്തെ ഒപ്പം കൂട്ടണമെന്ന ആഗ്രഹം ഭർത്താവ് പ്രകടിപ്പിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.

പ്രശ്‌നം രൂക്ഷമായതോടെ സംഗതി പോലീസ് സ്‌റ്റേഷനിലുമെത്തി. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പോലീസ് മധ്യസ്ഥശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടർന്ന് ഇരുവരേയും ഫാമിലി കൗൺസിലിങ് സെന്ററിലേക്ക് വിട്ടു. കൗൺസിലർമാർ മൂന്ന് സെഷനുകളിലായി യുവതിയോടും യുവാവിനോടും പ്രശ്‌നം പരിഹരിക്കാനായി സംസാരിച്ചു.

ഇരുവരേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയെന്ന് കൗൺസിലർമാർ പറഞ്ഞു. ഈ സെഷനുകളിൽ ഗുരുതരമായ ആരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചത്. അനുരഞ്ജനത്തിനായി ആവർത്തിച്ച് ശ്രമിച്ചെങ്കിലും ഒരുതരത്തിലും ഇരുവരും വഴങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് വിഷയം വിവാഹമോചനത്തിലേക്ക് നീങ്ങിയത്.