ജോര്‍ജിയയില്‍ നവജാതശിശുക്കള്‍ മരിച്ചുവെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞ് ശിശുക്കളെ വില്‍പ്പന നടത്തിയെന്നും പതിനായിരക്കണക്കിനാളുകള്‍ ഇരകളാക്കപ്പെട്ടെന്നുമുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്തുക്കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു തമുന മുസെരിഡ്സെ. ഈ വാര്‍ത്തകളുടെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അന്വേഷണാത്മക വാര്‍ത്തകളോട് താത്പര്യമുള്ള മാധ്യമപ്രവര്‍ത്തകയായ തമുനയ്ക്ക് പക്ഷെ തന്റെ ജന്മരഹസ്യം അന്വേഷിച്ചിറങ്ങേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ അന്വേഷണം ഒടുവില്‍ കാലങ്ങള്‍ക്ക് ശേഷം തന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിലേക്ക് നയിച്ചു. എന്നാല്‍ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.

To advertise here,

2016 ലായിരുന്നു തമുന ആ രഹസ്യം മനസിലാക്കുന്നത്. അമ്മയുടെ മരണശേഷം വീട് വൃത്തിയാക്കുന്നതിനിടയില്‍ അവള്‍ ഒരു ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. തന്റെ പേരില്‍ തെറ്റായ ജനനത്തീയതിയില്‍ ഒരു ജനന സര്‍ട്ടിഫിക്കറ്റ്. ഇത് കണ്ടപ്പോള്‍, തന്നെ ദത്തെടുത്തതാവാമെന്ന സംശയം അവളില്‍ ഉടലെടുത്തു. പിന്നീട് അതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആ യാത്ര വര്‍ഷങ്ങളോളം നീണ്ടു. 'വേഡ്‌സെബ്' (ഞാന്‍ അന്വേഷിക്കുന്നു) എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് തുടങ്ങി.അന്വേഷണം ആരംഭിച്ചു. നൂറോളം കുടുംബങ്ങളെ തങ്ങളുടെ മക്കളെ കണ്ടെത്തുന്നതില്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുന്നതിന് കടമ്പകളേറെ കടക്കേണ്ടിവന്നു.

അടുത്തിടെ തമുനയ്ക്ക് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഒരു സന്ദേശം ലഭിച്ചു. അത് അന്വേഷണത്തില്‍ വഴിത്തിരിവായി. 1984 സെപ്റ്റംബറില്‍ ടിബിലിസിയില്‍ ഗര്‍ഭം മറച്ചുവെച്ച് പ്രസവിച്ച ഒരു സ്ത്രീയെ തങ്ങള്‍ക്ക് അറിയാമെന്ന് ജോര്‍ജിയയിലെ ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒരാളില്‍ നിന്നാണ് ആ സന്ദേശം ലഭിച്ചത്. അവര്‍ ഒരു പേരും വെളിപ്പെടുത്തി. തമുന ജനിച്ച സമയത്താണ് ആ സംഭവം നടന്നത്. പിന്നീട് അന്വേഷണം ആ വഴിക്കായി. തമുന ഉടന്‍ തന്നെ അവരെ ഓണ്‍ലൈനില്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ ആ വ്യക്തിയെ അറിയാമോ എന്ന് ചോദിച്ച് സാമൂഹികമാധ്യമത്തില്‍ തമുന ഒരു പോസ്റ്റ് പങ്കുവെച്ചു.

തമുന അന്വേഷിക്കുന്ന സ്ത്രീ തന്റെ ആന്റിയാണെന്ന് മനസിലാക്കിയ ഒരു യുവതി ഉടനെ പ്രതികരിച്ചു. പോസ്റ്റ് നീക്കം ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുകയും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമ്മതിക്കുകയും ചെയ്തു. ഇതിനിടയില്‍ അമ്മയെന്ന് കരുതുന്ന ആളെ തമുന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വളരെ പരുഷമായ മറുപടിയായിരുന്നു ലഭിച്ചത്. അവര്‍ തമുനയെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം, തമുനയും ആ സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ ഫലങ്ങള്‍ വന്നു. ഈ തെളിവുകള്‍ ഉപയോഗിച്ച് തമുന തന്റെ അമ്മയെ സത്യം അംഗീകരിക്കാനും പിതാവിന്റെ പേര് വെളിപ്പെടുത്താനും പ്രേരിപ്പിച്ചു. ഒടുവില്‍ ഗുര്‍ഗന്‍ ഖോരവ എന്ന മനുഷ്യനാണ് തന്റെ പിതാവെന്ന് തമുനയുടെ മാതാവ് വെളിപ്പെടുത്തി.

തന്റെ പിതാവ് ആരെന്നറിഞ്ഞതോടെ തമുന ഫേസ്ബുക്കില്‍ ആ പേര് തിരഞ്ഞു. എന്നാല്‍ അവളെ ഞെട്ടിക്കുന്ന ഒരു സംഭവം അവിടെയും സംഭവിച്ചു. അദ്ദേഹം അവളുടെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു. അമ്മ ഗര്‍ഭിണിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും തമുന പറയുന്നു. താമസിയാതെ അവള്‍ താമസിക്കുന്ന ടിബിലിസിയില്‍ നിന്ന് ഏകദേശം 160 മൈല്‍ (260 കിലോമീറ്റര്‍) അകലെയുള്ള സുഗ്ഡിഡിയിലെത്തി ഗുര്‍ഗന്‍ ഖോരവയെ നേരില്‍ക്കണ്ടു. 72 വയസുകാരനായ തന്റെ പിതാവിനെ നേരില്‍ക്കണ്ടപ്പോള്‍ അവള്‍ വികാരഭരിതയായി അദ്ദേഹത്തെ വാരിപുണര്‍ന്നു. മറ്റു കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹംഅവളെ പരിചയപ്പടുത്തി. ഇന്ന് കുടുംബവുമായി തമുന അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

തമുനയുടെ അമ്മയും അച്ഛനും ഒരു പ്രണയ ബന്ധത്തിലായിരുന്നില്ല. അതിനാല്‍ നാണക്കേട് കൊണ്ട് അവര്‍ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെയ്ക്കാന്‍ തീരുമാനിച്ചു. 1984 സെപ്റ്റംബറില്‍, അവര്‍ ടിബിലിസിയിലേക്ക് പോയി മകള്‍ക്ക് ജന്മം നല്‍കി. തമുനയെ ദത്തെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതുവരെ അവര്‍ അവിടെ താമസിച്ചു. 40 വര്‍ഷത്തോളം ഇത് രഹസ്യമായി നിലനിന്നു. താന്‍ മോഷ്ടിക്കപ്പെട്ടതായി ആളുകളോട് കള്ളം പറയാന്‍ അമ്മ തന്നോട് ആവശ്യപ്പെട്ടതായി തമുന പറയുന്നു. 'ഞാന്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞില്ലെങ്കില്‍, എല്ലാം അവസാനിക്കുമെന്ന് അവര്‍ എന്നോട് പറഞ്ഞു... അത് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു.' തമുനയെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

താന്‍ ഇങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങള്‍ മോഷ്ടിക്കപ്പെട്ട എല്ലാ മാതാപിതാക്കളോടും ചെയ്യുന്ന അന്യായമായിരിക്കുമെന്ന് തമുന കരുതുന്നു. തുടര്‍ന്ന് അമ്മ അവളോട് വീട്ടില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടെന്നും അതിനുശേഷം അവര്‍ സംസാരിച്ചിട്ടില്ലെന്നും തമുന പറഞ്ഞു.