ഒമ്പതുവയസ്സുള്ളപ്പോഴാണ് ആ പെണ്‍കുട്ടി താന്‍ ദത്തുപുത്രിയാണെന്ന് തിരിച്ചറിയുന്നത്. തന്നെ കുഞ്ഞുനാള്‍ തൊട്ട് വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയും ജീവനാണെങ്കിലും വളരുംതോറും യഥാര്‍ഥ അച്ഛനെയും അമ്മയെയും അന്വേഷിക്കാനുള്ള വ്യഗ്രതയും അവളിലേറെ. ഒടുവില്‍ അവരെ കണ്ടെത്താന്‍ യാത്ര തുടങ്ങിയതും അതവസാനിപ്പിച്ചതുമൊക്കെ വ്യക്തമാക്കുകയാണ് ഒരു പെണ്‍കുട്ടി. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഈ പെണ്‍കുട്ടിയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 

To advertise here,

വളര്‍ത്തമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തോടെയാണ് പെണ്‍കുട്ടിയുടെ കഥ പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പിലേക്ക്...

എനിക്ക് ഒമ്പതു വയസ്സു പ്രായമുള്ളപ്പോഴാണ് മാതാപിതാക്കള്‍ എന്നെ ദത്തെടുത്തതാണെന്നു പറയുന്നത്. എന്നെ പ്രസവിച്ചയുടന്‍ അമ്മ മരിച്ചുവെന്നും അച്ഛൻ ആരാണെന്ന് അവര്‍ക്കറിയില്ലെന്നും പറഞ്ഞു. ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ല. ഞാന്‍ അമ്മയുടെ ഹൃദയത്തില്‍ നിന്നാണ് വന്നതെന്നാണ് മാതാപിതാക്കള്‍ പറയാറുള്ളത്, അതുകൊണ്ട് സഹോദരിയെ ഞാന്‍ എപ്പോഴും കളിയാക്കുമായിരുന്നു, നീ അമ്മയുടെ വയറില്‍ നിന്നല്ലേ വന്നത് ഞാന്‍ ഹൃദയത്തില്‍ നിന്നാണ് അതുകൊണ്ട് എന്നെ അവര്‍ കൂടുതല്‍ സ്‌നേഹിക്കും എന്ന്. 

പക്ഷേ വളരുംതോറും എന്റെ യഥാര്‍ഥ അച്ഛനമ്മമാരെ കാണണമെന്ന ആഗ്രഹമേറി വന്നു. എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ അവര്‍ ഉപേക്ഷിച്ചു പോയത് എന്നൊക്കെ ആലോചനയായി. എന്റെ വേരുകള്‍ അന്വേഷിച്ചു പോകുന്നതില്‍ എന്റെ വളർത്തു മാതാപിതാക്കള്‍ക്ക് പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നീട് ആശുപത്രി രേഖകളില്‍ നിന്നാണ് അമ്മ മരിച്ചയുടന്‍ എന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതും അവിടെ നിന്ന് അനാഥാലയത്തില്‍ എത്തിച്ചതുമൊക്കെ അറിയുന്നത്. ആ അനാഥാലയത്തിൽ വോളന്റിയറായിരുന്നു എന്റെ ഇപ്പോഴത്തെ അമ്മ, അങ്ങനെയാണ് ഒരുമാസം പ്രായമുള്ള എന്നെ ദത്തെടുക്കുന്നത്. ആദ്യകാഴ്ചയില്‍ തന്നെ എന്നോടു പ്രത്യേക സ്‌നേഹം തോന്നിയെന്നും ഞാനാണ് നിന്റെ അമ്മയാകേണ്ടവള്‍ എന്നു മനസ്സു പറഞ്ഞുവെന്നും അമ്മ പറഞ്ഞു. 

പക്ഷേ എങ്കിലും എന്റെ മനസ്സിനെ തടുക്കാനായിരുന്നില്ല. പഴയ ചിത്രങ്ങളും രേഖകളുമൊക്കെ തപ്പിക്കൊണ്ടിരുന്നു. ഒരു വൈകുന്നേരമാണ് ഞാന്‍ പഴയ അനാഥാലയത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. മാതാപിതാക്കളോടൊന്നും പറയാതെ പോലീസ് സ്റ്റേഷനില്‍ പോവുകയാണ് ആദ്യം ചെയ്തത്. പഴയ പോലീസുകാരൊന്നും അവിടെ ഉണ്ടായിരുന്നില്ല, ഉള്ളവരാകട്ടെ ഫയലുകള്‍ തപ്പിപ്പോവാനുള്ള താല്‍പര്യവും കാണിച്ചില്ല. 

തിരച്ചിലിനൊടുവില്‍ അനാഥാലയം ഏതാണെന്ന് ഞാന്‍ കണ്ടെത്തി. റിസപ്ഷനിലിരിക്കവേ പ്രായമായ ഒരു സ്ത്രീ വന്നു കാര്യം തിരക്കി. അവരെ എന്റെ പഴയ ചില ചിത്രങ്ങള്‍ കാണിച്ചതും തിരിച്ചറിഞ്ഞു. അവരാണ് എന്നെ അനാഥാലയത്തില്‍ എത്തിച്ചതെന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു. പരസ്പരം കെട്ടിപ്പുണര്‍ന്ന് ഇന്നത്തെ ജീവിതമൊക്കെ സംസാരിച്ചു. 

തിരിച്ചു വീട്ടിലേക്കെത്തിയപ്പോള്‍ എല്ലാം അമ്മയോടു പറഞ്ഞ് ഞാനേറെ കരഞ്ഞു. എന്റെ യഥാര്‍ഥ അച്ഛനെയും അമ്മയെയും തേടിയുള്ള യാത്ര അവസാനിപ്പിച്ചു. ഇപ്പോള്‍ ആ സന്ദര്‍ശനം കഴിഞ്ഞ് അഞ്ചു വര്‍ഷമായിരിക്കുന്നു. ഇടയ്‌ക്കെല്ലാം ഇപ്പോഴും പോകാറുണ്ട്. അവിടെ പുതിയ കുഞ്ഞുങ്ങള്‍ എത്തിയതു കാണുമ്പോള്‍ ഞാനായി തന്നെയാണ് തോന്നാറുള്ളത്. 

Content Highlights: Adopted Daughter's Heart Touching note Humans of Bombay