ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്ന് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ മകള്‍ സുചേതന. ലിംഗമാറ്റത്തിന് ഒരുങ്ങുന്ന 41-കാരിയായ സുചേതന ഇനി അറിയപ്പെടുന്നത് സുചേതന്‍ എന്ന പേരിലായിരിക്കും. കുട്ടിക്കാലം മുതല്‍ മാനസികമായി താനൊരു ആണ്‍കുട്ടിയാണെന്നും ഇനി ശാരീരികമായിക്കൂടി ആണാവാന്‍ പോവുകയാണെന്നും സുചേതന വ്യക്തമാക്കുന്നു. 

To advertise here,

ഈയിടെ പീപ്പിള്‍സ് റിലീഫ് കമ്മിറ്റി എല്‍.ജി.ബി.ടി.ക്യു. വിഭാഗങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചിരുന്നു. സുചേതനയും ഇതില്‍ പങ്കെടുത്തിരുന്നു. ശില്പശാലയില്‍ പങ്കെടുത്ത ഒരാള്‍ പങ്കുവെച്ച പോസ്റ്റിലാണ് സുചേതന ഇനി മുതല്‍ 'സുചേതന്‍' ആയിരിക്കും എന്നറിയിച്ചത്. പിന്നീട് സുചേതനയും ഇക്കാര്യം ശരിവെച്ചു.

''എന്റെ കുടുംബപശ്ചാത്തലമോ ബന്ധുക്കളുടെ സ്ഥാനങ്ങളോ ഒന്നുംതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യമല്ല. എന്റെ മാതാപിതാക്കളെ ഇതിലേക്കൊന്നും വലിച്ചിഴയ്ക്കരുത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടത്തിന് ഊര്‍ജം പകരാന്‍വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നത്. ഇതിനായി നിയമോപദേശവും വൈദ്യനിര്‍ദേശങ്ങളും സ്വീകരിച്ചുവരികയാണ്'' -സുചേതന മാധ്യമങ്ങളോട് പറഞ്ഞു.

''എനിക്ക് 41 വയസ്സായി. സ്വന്തമായി തീരുമാനമെടുക്കാന്‍ ആരുടേയും പിന്തുണ ആവശ്യമില്ല. ചെറുപ്പംമുതല്‍ ഞാന്‍ ഒരു ട്രാന്‍സ്മാന്‍ ആയാണ് ജീവിച്ചത്. അച്ഛന് ഇതറിയാം എന്നതിനാല്‍ അദ്ദേഹത്തിന് എന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്ന് കരുതുന്നു'' -സുചേതന പറഞ്ഞു.

തനിക്ക് സുചന്ദ എന്ന പെണ്‍കുട്ടി ജീവിതപങ്കാളിയായി ഉണ്ടെന്നും സുചേതന വെളിപ്പെടുത്തി. ലൈംഗിക സ്വത്വം അംഗീകരിച്ചുകൊടുക്കാന്‍ പൊതുസമൂഹം നിര്‍ബന്ധിതമാകണമെങ്കില്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ വേണമെന്നും അവര്‍ പറയുന്നു.