ചെന്നൈ: ഹൈദരാബാദ് കസ്റ്റംസ് ഓഫീസിലെ ജോയിന്റ് കമ്മിഷണറുടെ കസേരയില്‍ എം. അനുസൂയ എന്ന സ്ത്രീക്കുപകരം ഇനി എം. അനുകതിര്‍ സൂര്യ എന്ന പുരുഷനാണുണ്ടാവുക. തന്റെ പേരും ലിംഗ(ജെന്‍ഡര്‍)വും മാറ്റാനുള്ള അനുസൂയയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിവില്‍ സര്‍വീസ് ഓഫീസറുടെ ലിംഗമാറ്റത്തിന് അംഗീകാരം ലഭിക്കുന്നത്.

To advertise here,

തമിഴ്നാട്ടില്‍ ജനിച്ച് മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് എന്‍ജിനിയറിങ്ങിലും ഭോപാലിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍നിന്ന് സൈബര്‍ നിയമത്തിലും ബിരുദംനേടിയ അനുകതിര്‍ 2013 ബാച്ചിലെ ഐ.ആര്‍.എസ്. ഓഫീസറാണ്. ചെന്നൈയില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായായിരുന്നു തുടക്കം. 2018-ല്‍ ഹൈദരാബാദിലേക്ക് സ്ഥലംമാറി. ഔദ്യോഗിക രേഖകളില്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയതെങ്കിലും തന്റേത് പുരുഷ സ്വത്വമാണെന്നു മനസ്സിലായപ്പോള്‍ പേരുമാറ്റത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന് അപേക്ഷ നല്‍കുകയായിരുന്നു.

ഐ.ആര്‍.എസ്. ഓഫീസറുടെ അപേക്ഷ അംഗീകരിച്ചതായി ധനമന്ത്രാലയം അറിയിച്ചു. എം. അനുസൂയ എന്ന പേര് ഔദ്യോഗികരേഖകളില്‍ എം. അനുകതിര്‍ സൂര്യ എന്നു മാറ്റുന്നതായും ജെന്‍ഡറിന്റെ സ്ഥാനത്ത് സ്ത്രീ യ്ക്കു പകരം പുരുഷന്‍ എന്നാക്കുന്നതായും വിജ്ഞാപനത്തില്‍ പറയുന്നു.