ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടര്‍മാരില്‍ പ്രധാനിയാണ് വാഷിങ്ടണ്‍ സുന്ദര്‍. 2017-ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ വാഷിങ്ടണ്‍ അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 59 റണ്‍സിന് ഏഴ് വിക്കറ്റ് നേടിയത് ഉള്‍പ്പെടെ ടീമിനായി മികച്ച പെര്‍ഫോമെന്‍സ് കാഴ്ച വെച്ചിട്ടുള്ള താരമാണ്. കളിക്കളത്തില്‍ ഗംഭീര പെര്‍ഫോമെന്‍സ് കാഴ്ചവെയ്ക്കുന്ന താരത്തിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

To advertise here,

വാഷിങ്ടണ്‍ സുന്ദര്‍ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിട്ടുള്ളതില്‍ കൂടുതലും. പരമ്പരാഗത വേഷം ധരിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീടിന്റെയും അമ്മയുടേയും ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവുമധികം ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ഇടതുനെഞ്ചില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റുവാണ്. അമ്മയുടെ ചിത്രമാണ് താരത്തിന്റെ നെഞ്ചില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റുവിലുള്ളത്. 

ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തിന്റെ മാതൃസ്‌നേഹത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ് ബോക്‌സില്‍ എത്തിയത്. അദ്ദേഹം പങ്കുവെച്ചിട്ടുള്ള അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനാണ് കമന്റുകള്‍ ഏറേയും. തമിഴ്‌നാട് സ്വദേശിയായ വാഷിങ്ടണ്‍ സുന്ദര്‍ 2017-ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു ആദ്യമത്സരം. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയാണ് അദ്ദേഹം ഗ്രൗണ്ടിലിറങ്ങുന്നത്. 

വാഷിങ്ടണ്‍ സുന്ദര്‍ ക്രിക്കറ്റിലെത്തിയ കാലത്ത് ഏറെ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ പേരിലെ കൗതുകമായിരുന്നു. വാഷിങ്ടണിന്റെ പിതാവും രഞ്ജി ക്രിക്കറ്റ് ടീം അംഗവുമായിരുന്ന മണി സുന്ദറാണ് വാഷിങ്ടണ്‍ എന്ന പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ പി.ഡി. വാഷിങ്ടണിനോടുള്ള ആദരസൂചകമായാണ് ആ പേര് മകന് നല്‍കിയത്. മണി സുന്ദറിന്റെ പഠനത്തിലും ക്രിക്കറ്റിലുമെല്ലാം വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു പി.ഡി. വാഷിങ്ടണ്‍.