കമ്പനി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് വിവേക് ഒബ്രോയ്. നടനെന്നതിനൊപ്പംതന്നെ ബിസിനസുകാരന്‍ എന്ന നിലയ്ക്കും വിവേക് പ്രസിദ്ധിനേടി. സ്റ്റോക് മാര്‍ക്കറ്റും വിപണിയും പഠിച്ച് വ്യവസായിയായി മാറിയ തന്നെ ദുബായിലേക്കുള്ള കൂടുമാറ്റം എങ്ങനെ സഹായിച്ചുവെന്ന് പങ്കുവെച്ചിരിക്കുകയാണ് വിവേക്. കേര്‍ളി ടെയില്‍സിന് നല്‍കിയ അഭിമുഖത്തിലാണ് 1200 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തേക്കുറിച്ച് വിവേക് മനസ്സുതുറന്നത്.

To advertise here,

കോവിഡ് സമയത്താണ് താന്‍ ദുബായിലേക്ക് വന്നതെന്നും അതൊരു ചെറിയ കാലയളവിലേക്കുള്ള മാറ്റമായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും വിവേക് പറയുന്നു. പക്ഷേ പതിയെ തനിക്ക് ദുബായ് ഇഷ്ടപ്പെട്ടു. കുടുംബാംഗങ്ങളോട് ചോദിച്ചപ്പോൾ അവരും അവിടെ താമസിക്കാന്‍ സമ്മതം അറിയിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ ദുബായോടുള്ള അടുപ്പം കൂടിയെന്നും വിവേക് പറയുന്നു.

നടനും രാഷ്ട്രീയക്കാരനുമായിരുന്ന തന്റെ അച്ഛന്‍ സുരേഷ് ഒബ്‌റോയ് കോടീശ്വരനായിരുന്നെങ്കിലും സാമ്പത്തികമായി സഹായിച്ചിരുന്നില്ലെന്നും തന്നെ നയിക്കുക മാത്രമാണ് ചെയ്തതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് പറയുന്നുണ്ട്. 

തന്റെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിച്ച ദുബായിലെ നല്ല അന്തരീക്ഷത്തെക്കുറിച്ചും വിവേക് പറയുന്നുണ്ട്. നേരത്തേ ഫോര്‍ച്യൂണ്‍ ഇന്ത്യയുമായുള്ള സംഭാഷണത്തില്‍, യുഎഇയിലെ തന്റെ ആഡംബര റിയല്‍ എസ്റ്റേറ്റ് കമ്പനി ഏകദേശം 700 കോടി ഡോളറിന്റെ ആസ്തികള്‍ വികസിപ്പിക്കുകയാണെന്ന്  വിവേക് പറഞ്ഞിരുന്നു.

ദുബായിലെ ആഡംബര റെസിഡൻഷ്യൽ പ്രോപ്പർട്ടിയായ 'ദ മെഡോസ്'- ലെ വിവേകിന്റെ ആഡംബര വീട് വിന്റേജ് ഡെക്കോറും ഇന്ത്യന്‍ കലാസൃഷ്ടികളാലും പ്രൗഢമാണ്. 

ദുബായ് തനിക്ക് രണ്ടാമത്തെ വീട് പോലെയാണെന്നാണ് വിവേക് പറയുന്നത്. ഇന്ത്യയില്‍ ലഭിക്കാതിരുന്ന ലളിതമായ ജീവിതം ഇവിടെ ആസ്വദിക്കുന്നു. ദുബായിലെ വീടിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യ പ്രിയങ്കയ്ക്കാണ്. മുംബൈയിലെ ജുഹുവിലുള്ള വീട്ടിലെ ഓര്‍മ്മകള്‍ വീടിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും നാട്ടില്‍ പോയി വരുമ്പോള്‍ തിരികെ വരാന്‍ തോന്നാറില്ല. എന്നാലും ദുബായിലെ വീട് പ്രിയപ്പെട്ടതാണ്- വിവേക് പറയുന്നു.  ദുബായിലെ വിവേകിന്റെ വീടിന് 11 കോടി മുതല്‍ 50 കോടി രൂപ വരെ വിപണി മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

റിയല്‍ എസ്റ്റേറ്റിന് പുറമെ, ലാബ്-ഗ്രോണ്‍ ഡയമണ്ട്‌സ്, ഫിന്‍-ടെക്, എഡ്-ടെക്, പ്രീമിയം ജിന്‍ തുടങ്ങിയ മേഖലകളിലും വിവേക് നിക്ഷേപം നടത്തിയിട്ടുണ്ട്. 2000-ത്തിന്റെ തുടക്കത്തിലാണ് വിവേക് സിനിമയിലെത്തുന്നത്. സിനിമയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2009-ല്‍ അദ്ദേഹം ബിസിനസിലും ശ്രദ്ധിച്ചുതുടങ്ങുന്നത്. കോവിഡ് കാലത്ത് ഇന്ത്യ വിട്ട് ദുബായിലേക്ക് താമസം മാറിയതോടെയാണ് വിവേകിന്റെ ബിസിനസ് ജീവിതം മാറിമറിയുന്നത്. നിലവില്‍ ദുബായില്‍ സ്ഥിരതാമസമാക്കിയ വിവേക് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ബോളിവുഡിലെ കരിയര്‍ തിരിച്ചടികള്‍ക്ക് ശേഷം, 'ലൂസിഫര്‍' (2019), 'വിവേഗം' (2017) തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍, സിനിമയേക്കാള്‍ ബിസിനസിലാണ് ഇപ്പോള്‍ ശോഭിക്കുന്നത്.