ബോളിവുഡ് താരമായെങ്കിലും സംരംഭങ്ങളിലൂടെ താരപരിവേശം നേടിയയാളാണ് വിവേക് ഒബ്റോയ്. 1200 കോടി രൂപയുടെ ആസ്തി തൻ്റെ പേരിലുണ്ടെന്ന വാർത്തകൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.  തൻ്റെ 16-ാം വയസ്സിൽ തന്നെ ആദ്യത്തെ ഒരു കോടി രൂപ സമ്പാദിച്ചു എന്ന് പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവേക് പറയുന്നുണ്ട്.

To advertise here,

‘15-ാം വയസ്സുമുതൽ സാമ്പത്തികമായി സ്വതന്ത്രനായിരുന്നു. ആദ്യ കോടി സ്റ്റോക്ക് ട്രേഡിംഗിലൂടെയാണ് വന്നത്. കാശായിരുന്നില്ല, സ്റ്റോക്ക് മൂല്യമായിരുന്നു. പക്ഷേ സമ്പാദിച്ചത് ഞാൻ തന്നെ’-  അദ്ദേഹം പറഞ്ഞു. വിഭജനകാലത്ത് സ്വന്തമായുണ്ടായിരുന്ന കൊട്ടാരങ്ങളും മാളികകളും ഉപേക്ഷിച്ച് അഭയാർഥികളായി കുടുംബം ഇന്ത്യയിലെത്തിയതിനാലാണ് സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചതെന്നും വിവേക് വെളിപ്പെടുത്തി. കോളേജ് കാലത്ത് ഷെയർ മാർക്കറ്റും ബിസിനസ് മോഡലുകളും വിവേക് മനസിലാക്കി. 19-ാം വയസ്സിൽ ആദ്യ കമ്പനി തുടങ്ങി. അതിൽ 12 കോടി രൂപ സ്വരൂപിച്ചു. സ്വന്തം പക്കൽ നിന്ന് വെറും 20-25 ലക്ഷം മാത്രമേ നിക്ഷേപിച്ചുള്ളൂ. പിന്നീട് ഫിൻടെക് കമ്പനി, എഡ്‌ടെക് കമ്പനി, റോഡ്‌സൈഡ് സേഫ്റ്റി അസിസ്റ്റൻസ് കമ്പനി, ലാബ് ഗ്രോൺ ഡയമണ്ട് ആഭരണ കമ്പനി, ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസി തുടങ്ങി നിരവധി സംരംഭങ്ങൾ തുടങ്ങി. എല്ലാം ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ദിവസവും 16 മണിക്കൂർ ജോലി ചെയ്യാറുണ്ടെന്നും സിനിമാ ഷൂട്ടിംഗിനിടയിൽ ഓഫ് ദിവസങ്ങളും ഷൂട്ടിന് ശേഷമുള്ള സമയവും ബിസിനസിന് നൽകാറുണ്ടെന്നും വിവേക് പറഞ്ഞു.

ദുബായിലേക്ക് താമസം മാറിയ ശേഷമാണ് എൻആർഐമാരുടെ സംഭാവനകൾ മനസിലായതെന്ന് അദ്ദേഹം പറയുന്നുണ്ട്. ‘പുറംരാജ്യത്തുള്ളവർ വർഷംതോറും ഇന്ത്യയിലേക്ക് 136 ബില്യൺ ഡോളർ അയയ്ക്കുന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ പകുതിയോളം അതാണ്’- വിവേക് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു ദശകത്തിനിടെ അമേരിക്കയിലും യുകെയിലും നിന്ന് 40 മില്യൺ ഡോളറോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1200 കോടി ആസ്തിയുണ്ടെന്ന വാർത്തയോട് ചിരിയോടെ പ്രതികരിച്ച വിവേക് പറഞ്ഞു: “അതൊക്കെ പ്രാധാന്യമുള്ള കാര്യമാണോ?. ഇഷ്ടമുള്ള കാറും വീടും വാങ്ങാനായി പിന്നെന്തിനാണ് കൂടുതൽ ആഗ്രഹിക്കുന്നത്? ദൈവം തന്നത് കൊണ്ട് വരും തലമുറകൾക്ക് സുരക്ഷിതമായി ജീവിക്കാനാകും’- വിവേക് പറഞ്ഞു. 

ബോളിവുഡിലെ കരിയര്‍ തിരിച്ചടികള്‍ക്ക് ശേഷം, 'ലൂസിഫര്‍' (2019), 'വിവേഗം' (2017) തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍, സിനിമയേക്കാള്‍ ബിസിനസിലാണ് ഇപ്പോള്‍ ശോഭിക്കുന്നത്.