മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. അമ്മ സരോജ് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ, അനുഷ്‌കയുടെ മാതാവ് ആഷിമ ശര്‍മ എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കോലി ആശംസ നേര്‍ന്നത്.

To advertise here,

'ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ഞാന്‍ ഒരു അമ്മയുടെ മകനായി ജനിച്ചു. ഒരാളുടെ മകനായി സ്വീകരിക്കപ്പെട്ടു. ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന, സംരക്ഷിക്കുന്ന, സ്‌നേഹമുള്ള ഒരമ്മയായുള്ള ഒരാളുടെ വളര്‍ച്ചയും ഞാന്‍ കണ്ടു. ഓരോ ദിവസവും ഞങ്ങള്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു.'-കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുഞ്ഞായിരുന്ന സമയത്തെ കോലിയെ മടിയില്‍ വെച്ചിരിക്കുന്ന സരോജ് കോലിയുടേയും കുഞ്ഞ് അനുഷ്‌കയെ എടുത്തിരിക്കുന്ന ആഷിമയുടേയും വാമികയെ എടുത്തുനില്‍ക്കുന്ന അനുഷ്‌കയുടേയും ചിത്രങ്ങളാണ് കോലി പോസ്റ്റ് ചെയ്തത്. 

അമ്മ ആഷ്മയ്ക്കും കോലിയുടെ അമ്മ സരോജിനും അനുഷ്‌ക ശര്‍മയും മാതൃദിനാശംസകള്‍ നേര്‍ന്നു. ഇരുവരുടേയും യൗവനകാലത്തെ ചിത്രം പങ്കുവെച്ചാണ് അനുഷ്‌ക ആശംസകള്‍ നേര്‍ന്നത്. 'ലോകത്തുള്ള എല്ലാ സുന്ദരിമാരായ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍' എന്ന് കുറിപ്പും നല്‍കി. 

2021 ജനുവരിയിലാണ് അനുഷ്‌ക അമ്മയായത്. മകള്‍ വാമികയ്ക്ക് അവര്‍ ജന്മം നല്‍കി. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ അകായിയും ജനിച്ചു. കോലിയും അനുഷ്‌കയും മക്കളോടൊപ്പം ലണ്ടനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മക്കളുടെ സ്വകാര്യത മാനിച്ചാണ് ലണ്ടനിലേക്ക് താമസം മാറിയതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.