മാതൃദിനം എന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് എന്റെ അമ്മയെ മാത്രമല്ല, എന്റെ മകളെ കൂടിയാണ്. എന്നെ പോലെ തന്നെ മധ്യവയസ്‌കരായ ഏത് സ്ത്രീക്കും ഇതുപോലെ തന്നെയായിരിക്കും എന്നാണ് തോന്നുന്നത്. അമ്മ ഇന്നെന്റെ കൂടെയില്ല. ഒരിക്കലും നികത്താനാവാത്ത ഒരു വേദനയാണ് അതെനിക്ക്. മദേഴ്‌സ് ഡേ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും കാണുമ്പോള്‍ ഒക്കെ അമ്മയില്ലാത്തതിന്റെ വേദന തോന്നും. ആ വേദന ഞാന്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു ദിവസംകൂടിയാണ് ഇത്. ഇപ്പോള്‍ എനിക്ക് ആ വേദനയെ മറികടക്കാന്‍ ഉള്ള ഒരു പ്രതീക്ഷകൂടിയാണ് എന്റെ മകള്‍. ആ വേദന ഒന്നു തണുപ്പിക്കുന്നത് എന്റെ മകളാണ്. 

To advertise here,

അമ്മ അധ്യാപികയായിരുന്നു. കണിശക്കാരിയായ ആ അമ്മയുടെ സ്‌കൂളിലാണ് ഞാന്‍ ഏഴാം ക്ലാസുവരെ പഠിച്ചത്. വളരെ 'സ്ട്രിക്റ്റാ'യ ഒരു ടീച്ചറുംകൂടിയായിരുന്നു അമ്മ. ടീച്ചര്‍മാരുടെ മക്കള്‍ക്കൊക്കെ ചില പ്രത്യേക പരിഗണന ചിലപ്പോള്‍ കിട്ടാറുണ്ട്. എന്നാല്‍ അമ്മയുടെ മകള്‍ എന്നതുകൊണ്ട് എനിക്ക് ഒരു പരിഗണനയും ആ സ്‌കൂളില്‍ കിട്ടരുത് എന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പരിഗണന കിട്ടിയില്ല എന്നുമാത്രമല്ല അമ്മയുടെ മകളായതുകൊണ്ട് ഇരട്ടി ശിക്ഷ കിട്ടിയ അനുഭവങ്ങളും എനിക്കുണ്ട്. ഒരടിക്ക് പകരം അമ്മയെനിക്ക് നാലടി തരുമായിരുന്നു. 

എന്നാല്‍ അമ്മയുടെ മനസില്‍ സ്‌നേഹം ധാരാളമുണ്ടായിരുന്നു. അമ്മ വളര്‍ന്നുവന്ന ചുറ്റുപാടുകളും അന്നത്തെ സാഹചര്യവും പാരന്റിങ് സ്‌റ്റൈലുമൊക്കെയാകാം അമ്മയെ കര്‍ക്കശക്കാരിയാക്കിയത്. അമ്മ എപ്പോഴും പറഞ്ഞിരുന്ന ഒരു വാചകം എന്റെ ഓര്‍മ്മയിൽ ഇപ്പോഴുമുണ്ട്, കുട്ടികളോട് നാം സ്‌നേഹം കാണിക്കരുത് എന്ന്. അങ്ങനെ കാണിച്ചാല്‍ അവര്‍ വഷളായിപ്പോവും. കുട്ടിക്കാലത്ത് അവരുടെ അടുത്ത് വളരെ സ്ട്രിക്ട് ആയിരിക്കണം. എന്നാലേ അവര്‍ പഠിക്കൂ, എന്നാലേ അച്ചടക്കം വരൂ, എന്നാലേ അവര്‍ വഴിതെറ്റാതിരിക്കൂ എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു എന്റെ അമ്മ. ഒരു പക്ഷേ അത് അക്കാലത്തെ ഒരു ടീച്ചറുടെ ചിന്താഗതികൂടിയായിരിക്കാം. അതുകൊണ്ട് കുട്ടിക്കാലത്ത് എന്റെ അമ്മ എന്നെ അങ്ങനെ വാരിക്കോരി സ്‌നേഹിച്ചിട്ടില്ല. അമ്മ ഒരുമ്മ തന്നത് എനിക്ക് ഓര്‍മയില്ല. പ്രകടമായ സ്‌നേഹം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. 

Also Read: തുടക്കമിട്ടയാൾ തന്നെ ബഹിഷ്കരണത്തിനായി സമരം ചെയ്ത അപൂർവത; മാതൃദിനം പിറന്ന ചരിത്രം

പത്താം ക്ലാസ് കഴിഞ്ഞ് ഹോസ്റ്റല്‍ ജീവിതമായിരുന്നു എനിക്ക്. പ്രീഡിഗ്രിയും എംബിബിഎസ്സും എല്ലാം ഹോസ്റ്റലിലായിരുന്നതിനാല്‍ എന്റെ പതിനഞ്ചാം വയസ്സിന് ശേഷം എനിക്ക് ഒരു ട്രാന്‍സ്ഫര്‍ ഉണ്ടായിട്ടില്ല. സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല എന്നാലും ഇത്തരം ഒരുപാട് വിശ്വാസം ഉള്ളില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നത് കൊണ്ട് അത് പ്രകടമായി കാണിച്ചിരുന്നില്ല.

പക്ഷേ കുറേ കാലം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും അത് കാണിക്കണം എന്നുതോന്നിത്തുടങ്ങിയപ്പോഴേക്ക് അമ്മ എന്നെ വിട്ടുപോവുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ അമ്മയായപ്പോള്‍ അത് മാറ്റി. ആ ഒരുതെറ്റ് ഞാന്‍ എന്റെ മകളോട് ഒരിക്കലും ചെയ്യില്ല. ചെറുപ്പത്തില്‍ ഞാനൊരുപാട് കൊതിച്ചിട്ടുണ്ട് എന്റെ അമ്മയുടേയും അച്ഛന്റേയും സ്‌നേഹം എനിക്ക് പ്രകടമായി കിട്ടിയെങ്കില്‍, അവര്‍ എന്നോട് സ്‌നേഹം കാണിച്ചിരുന്നുവെങ്കില്‍ എന്ന്.

സ്‌നേഹം ഒരിക്കലും ഉള്ളില്‍ പിടിച്ചുവെക്കാനുള്ളതല്ല എന്നാണ് ഇന്നത്തെ എല്ലാ അച്ഛനമ്മമാരോടും എനിക്ക് പറയാനുള്ളത്. മക്കള്‍ക്ക് സ്‌നേഹം കൊടുത്തതുകൊണ്ട് അവര്‍ ഒരിക്കലും വഷളായിപ്പോവില്ല. കുട്ടി പറയുന്നതെല്ലാം കേള്‍ക്കുക, അവര്‍ പറയുന്നത് എല്ലാം വാങ്ങിക്കൊടുക്കുക, അവര്‍ പറയുന്നതിനെല്ലാം യെസ് പറയുക എന്നതൊന്നുമല്ല സ്‌നേഹം. കണിശക്കാരാവേണ്ട സമയത്ത് നമ്മള്‍ കണിശക്കാരവണം. എന്നാല്‍ സ്‌നേഹം പ്രകടിപ്പിക്കാതിരിക്കരുത്. അവരെ കെട്ടിപ്പിടിക്കണമെന്ന് തോന്നുമ്പോള്‍ കെട്ടിപ്പിടിക്കുക. ഉമ്മ കൊടുക്കണം എന്നുതോന്നുമ്പോള്‍ ഉമ്മ കൊടുക്കുക. 

ഞാനും മോളും വഴക്കുണ്ടാക്കിയാലും അല്ലെങ്കില്‍ അവളെ എന്തിനെങ്കിലും ചീത്ത പറഞ്ഞാലുമൊക്കെ അവളുമായി സംസാരിച്ച് ഞാന്‍ അത് പരിഹരിക്കാറുണ്ട്. ഒരു ഈഗോയും ഇല്ലാതെ ഞാന്‍ അവളോട് സോറി പറയാറുണ്ട്. പണ്ടത്തെ ഒരു പാരന്റിങ് സ്‌റ്റൈലില്‍ നിന്നൊക്കെ മാറി കുറച്ചുകൂടി അവളുടെ ഒരു സുഹൃത്താവാനാണ് എന്റെ ശ്രമം. മോള്‍ക്ക് ഇപ്പോള്‍ 13 വയസ്സായി. ടീനേജിലേക്ക് കടക്കുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്താണ് അവളെന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും. എനിക്കെന്തും പറയാന്‍ പറ്റുന്ന ഒരു കൂട്ടുകാരിയാണ് അവളിന്ന് അവള്‍ക്ക് എന്തും പറയാന്‍ പറ്റുന്ന ഒരു കൂട്ടുകാരിയാവാനാണ് എന്റെ ശ്രമം. 

സ്പര്‍ശനത്തിന് അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വളരെ പ്രാധാന്യം ഉണ്ട്. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. നിങ്ങളുടെ മക്കളെ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക, ആ ഒരു ഫിസിക്കല്‍ ടച്ച് അല്ലെങ്കില്‍ നമ്മുടെ ചര്‍മ്മങ്ങള്‍ തമ്മില്‍ ചേരുക എന്നതില്‍ വളരെ പ്രാധാന്യമുണ്ട്. അത് ഹാപ്പി ഹോര്‍മ്മോണിനെ റിലീസ് ചെയ്യിപ്പിക്കും. നമ്മുടെ സന്തോഷത്തിനും അവരുടെ സന്തോഷത്തിനും അവര്‍ നമ്മെ വിശ്വസിക്കാനുമൊക്കെ അത് കാരണമാവും. നമ്മള്‍ നമ്മുടെ മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത് വിശ്വാസം കൂടിയാണ്, പേടിയും വിധേയത്വവുമല്ല. പേടിയിലൂടെയോ വിധേയത്വത്തിലൂടെയോ മക്കളില്‍ സ്‌നേഹം ഉണ്ടാക്കാന്‍ നമുക്ക് കഴിയില്ല. 

13 വര്‍ഷമായി ഞാനും ഒരമ്മ എന്നനിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ മക്കളില്‍ ഉണ്ടാക്കേണ്ട ഏറ്റവും വലിയ കാര്യം അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസമാണ് എന്നാണ് ഈ 13 വര്‍ഷം കൊണ്ട് ഞാന്‍ പഠിച്ച കാര്യം. എനിക്ക് എന്തുപറ്റിയാലും എന്റെ അമ്മ അല്ലെങ്കില്‍ അച്ഛന്‍ എന്റെ കൂടെ ഉണ്ടാവും, എനിക്ക് എന്തും മുന്‍വിധികളില്ലാതെ അവരോട് തുറന്നുപറയാം, അവര്‍ എന്റെ കൂടെ നില്‍ക്കും എന്നൊരു വിശ്വാസമാണ് അവരില്‍ നമ്മള്‍ ഉണ്ടാക്കേണ്ടത്. സ്‌നേഹം അതിന്റെ കൂടെ ഉള്‍ച്ചേര്‍ന്നിരിക്കും. അവര്‍ നിങ്ങളേയും സ്‌നേഹിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. 

ഇന്ന് അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഒരിക്കലും എന്റെ അമ്മയെ കുറ്റം പറയില്ല ആ കാലഘട്ടത്തില്‍ അമ്മമാരൊക്കെ അങ്ങനെയായിരുന്നു. അവര് കണ്ടതും കേട്ടതും അങ്ങനെയായിരുന്നു. കുട്ടികളെ അടിക്കണം വഴക്കുപറയണം എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയായിരുന്നു അത്. എന്നാല്‍ ഇന്ന് നമുക്ക് അതില്‍ പലമാറ്റങ്ങളും വരുത്താനുണ്ട്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുക.