മാതൃദിനത്തില്‍ അമ്മ ദേവകിയമ്മയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അച്ഛനും മകനും ഇടയിലെ വലിയ പ്രതിസന്ധിയില്‍ പെട്ടുപോയത് അമ്മയായിരുന്നെന്നും അധ്യാപകനായ ഭര്‍ത്താവിന്റെ കാര്‍ക്കശ്യവും വിദ്യാര്‍ഥി നേതാവായ മകന്റെ ആവേശവും രണ്ട് ധ്രുവങ്ങളിലായിരുന്നുവെന്നും രമേശ് ചെന്നിത്തല കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അമ്മയോടൊപ്പമുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്.

To advertise here,

അച്ഛന്റെ കാര്‍ക്കശ്യത്തിന് അപ്പുറം അമ്മയുടെ വാത്സല്യം വിജയിച്ചുവെന്നും പാതിരാത്രിയില്‍ വീട്ടിലെത്തുന്ന തനിക്കും കൂട്ടുകാര്‍ക്കുമായി ശബ്ദമില്ലാതെ വാതില്‍ തുറന്ന് കരുതിവെച്ച ഭക്ഷണം വിളമ്പിത്തന്ന് ഉറങ്ങാനുള്ള ഇടവും അമ്മ ഒരുക്കിത്തരുമായിരുന്നെന്ന് രമേശ് ചെന്നിത്തല പറയുന്നു. 

തന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അമ്മയോടാണെന്നും അന്ന് അച്ഛന്റെ വഴിയില്‍ അമ്മയും നടന്നിരുന്നെങ്കില്‍ രമേശ് ചെന്നിത്തല എന്ന നേതാവുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിട്ടുണ്ട്. 

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പാതിരാത്രിയില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു അമ്മയുണ്ട് ഓര്‍മ്മയില്‍. വൈകിയെത്തുന്ന മകനും കൂട്ടുകാര്‍ക്കുമായി ശബ്ദമില്ലാതെ വാതില്‍ തുറന്ന്, കരുതി വെച്ച ഭക്ഷണം വിളമ്പി ക്കൊടുത്ത് എല്ലാര്‍ക്കും ഉറങ്ങാന്‍ ഇടം നല്‍കുന്ന ഒരമ്മ. അന്നത്തെ കാലത്തെ ശരാശരി മിഡില്‍ ക്ലാസ് കുടുംബങ്ങളിലെ പോലെ മകന്‍ പഠിച്ച് ഡോക്ടറാകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നീലക്കൊടിയില്‍ പ്രചോദിതനായി മുദ്രാവാക്യം വിളിച്ച് വഴിമാറി നടന്ന മകനെ അതു കൊണ്ടു തന്നെ പല സന്ദര്‍ഭങ്ങളിലും അംഗീകരിക്കാന്‍ അദ്ദേഹത്തിനായില്ല. 

രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പോയി താമസിച്ചു വന്നാല്‍ വീട്ടില്‍ കയറ്റണ്ടാ എന്നും ഭക്ഷണം കൊടുക്കണ്ട എന്നുമായിരുന്നു അച്ഛന്റെ ഉഗ്രശാസനം.  അച്ഛനും മകനും ഇടയില്‍ ഒരു വലിയ പ്രതിസന്ധിയില്‍ പെട്ടുപോയത് ദേവകിയമ്മയായിരുന്നു. അധ്യാപകനായ ഭര്‍ത്താവിന്റെ കാര്‍ക്കശ്യവും വിദ്യാര്‍ഥി നേതാവായ മകന്റെ ആവേശവും രണ്ട് ധ്രുവങ്ങളിലായിരുന്നു. ഇതിനിടയില്‍ പെട്ടു നട്ടം തിരിയാനായിരുന്നു ദേവകിയമ്മയുടെ നിയോഗം. 

പക്ഷേ ഭര്‍ത്താവിന്റെ കാര്‍ക്കശ്യത്തിനപ്പുറം അമ്മയുടെ വാല്‍സല്യം വിജയിച്ചു. അമ്മ പാതിരാക്കണ്ണുമായി കാത്തിരുന്നു. ഞാന്‍ മാത്രമല്ല ഒപ്പം സഹപ്രവര്‍ത്തകരും ഉണ്ടാകും എന്ന് അമ്മയ്ക്കറിയാവുന്നതു കൊണ്ട് മൂന്നും നാലും പേര്‍ക്കുള്ള ഭക്ഷണം കരുതി. അത് കഴിച്ചുറങ്ങി വെളുപ്പാന്‍ കാലത്ത് അച്ഛനുണരും മുമ്പ് സ്ഥലം വിടുമായിരുന്നു ഞങ്ങള്‍.

ഇന്ന് അമ്മയ്ക്ക് 90 വയസായി. പ്രായാധിക്യത്തിന്റെ തെല്ല് അവശതകള്‍ ബാക്കിയുണ്ടെങ്കിലും ഓര്‍മ്മയ്ക്കും കാരുണ്യത്തിനും ഉടവ് തട്ടാതെ അമ്മ പ്രസന്നവതിയായിരിക്കുന്നു. എന്റെ വളര്‍ച്ചയ്ക്ക് ഞാന്‍ ഏറ്റവും കടപ്പെട്ടത് ആരോട് എന്ന് ചോദിച്ചാല്‍ അമ്മയല്ലാതെ മറ്റൊരു ഉത്തരമില്ല. അന്ന് അച്ഛന്റെ വഴിയെ അമ്മയും നടന്നിരുന്നെങ്കില്‍ രമേശ് ചെന്നിത്തല എന്ന നേതാവുണ്ടാവില്ലായിരുന്നു.

അമ്മയുടെ കാരുണ്യവും പിന്തുണയുമാണ് ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് ഇന്ന് മാത്രമല്ല എല്ലാദിനവും മാതൃദിനമാണ്! എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ !