സെലിബ്രിറ്റി ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌ക ശർമയും ലണ്ടനിലേക്ക് താമസം മാറ്റിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല ചർച്ചകളും വന്നിരുന്നു. ഇത്രയും വലിയ ജനപ്രീതിയും സ്റ്റാറ്റസും സ്വന്തമാക്കിയിട്ടും, എന്തുകൊണ്ടാണ് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ശ്രീറാം നേനെ. വിരാടും അനുഷ്‌കയും എടുത്ത ഈ നിർണായക തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം അദ്ദേഹമൊരു പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തിയത്.

To advertise here,

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സാധാരണക്കാരെപ്പോലെ, ക്യാമറക്കണ്ണുകളുടെയും ജനശ്രദ്ധയുടെയും ശല്യമില്ലാതെ വളരാനുള്ള സാഹചര്യം ഒരുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞു. രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഡോ. ശ്രീറാം നേനെ ഈ വിഷയം തുറന്നുപറഞ്ഞത്. ഡോ. നേനെ, വിരാട് തികച്ചും മാന്യനായ ഒരു വ്യക്തിയാണെന്നും തങ്ങൾ പലതവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അതിനിടയിലാണ് അനുഷ്‌ക ശർമയുമായി നടത്തിയ ഒരു നിർണായക സംഭാഷണത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

'ഒരു ദിവസം ഞങ്ങൾ അനുഷ്‌കയുമായി സംസാരിക്കാനിടയായി. വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ ഒരു സംസാരമായിരുന്നുവത്. തങ്ങൾക്ക് ലണ്ടനിലേക്ക് താമസം മാറ്റാൻ ആഗ്രഹമുണ്ടെന്ന് അനുഷ്‌ക അന്ന് പറഞ്ഞു. ഇന്ത്യയിൽ വെച്ച് തങ്ങളുടെ വിജയങ്ങളും സന്തോഷങ്ങളും സ്വതന്ത്രമായി ആസ്വദിക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ് അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്. അവർ എന്തൊക്കെ ചെയ്താലും അത് ഉടനടി മാധ്യമങ്ങളുടെയും ജനങ്ങളുടെയും വലിയ ശ്രദ്ധ ആകർഷിക്കും. അത്തരം അമിതശ്രദ്ധ നമ്മളെ ഒരുതരത്തിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നും ഡോ. നേനെ പറഞ്ഞു.

ഇന്ത്യയിൽ സെലിബ്രിറ്റികൾ നേരിടുന്ന സ്വകാര്യതയുടെ അഭാവത്തെക്കുറിച്ച് തങ്ങൾക്കും കൃത്യമായ ധാരണയുണ്ടെന്ന് ഡോ. നേനെ വ്യക്തമാക്കി. താൻ എല്ലാവരോടും വളരെ സൗഹൃദത്തോടെ ഇടപഴകുന്ന ആളാണെങ്കിലും, ചില നിമിഷങ്ങളിൽ ഇത് നിയന്ത്രണങ്ങൾക്കപ്പുറം പോകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം ആഹാരം കഴിക്കാൻ പുറത്തുപോകുമ്പോഴോ സ്വകാര്യ നിമിഷങ്ങളിലോ തുടർച്ചയായി എത്തുന്ന സെൽഫി ആവശ്യങ്ങൾ വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഇത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാറുമെങ്കിലും, എപ്പോഴും മാന്യമായി പെരുമാറേണ്ട ബാധ്യത താരങ്ങൾക്കുണ്ട്. ഈ സമ്മർദ്ദം തന്നെയാണ് വിരാടിനെയും അനുഷ്‌കയെയും വേറിട്ടൊരു വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

തങ്ങളുടെ മക്കളായ വാമികയ്ക്കും അകായക്കും തികച്ചും സാധാരണമായ ഒരു കുട്ടിക്കാലം നൽകാനാണ് വിരാടും അനുഷ്‌കയും ആഗ്രഹിക്കുന്നത്. 2017 ഡിസംബറിൽ ഇറ്റലിയിലെ ടുസ്‌കാനിയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശർമ്മയുടെയും വിവാഹം. 2021 ജനുവരിയിൽ മകൾ വാമികയും, 2024 ഫെബ്രുവരിയിൽ മകൻ അകായയും ജനിച്ചു.കുട്ടികളുടെ ജനനം മുതൽ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഇരുവരും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലോ മാധ്യമങ്ങളിലോ പ്രചരിക്കുന്നത് അവർ കർശനമായി വിലക്കി. ഇന്ത്യയിൽ തുടരുമ്പോൾ കുട്ടികൾക്ക് സാധാരണക്കാരായ കുട്ടികളെപ്പോലെ പുറത്തിറങ്ങി നടക്കാനോ കളിക്കാനോ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലണ്ടനിലെ ശാന്തമായ ജീവിത അന്തരീക്ഷത്തിലേക്ക് മാറാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. നിലവിൽ ഈ നാലംഗ കുടുംബം ലണ്ടനിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

സമാനമായ അനുഭവങ്ങൾ

മാധ്യമശ്രദ്ധയിൽ നിന്നും ഒഴിഞ്ഞുമാറി സാധാരണ ജീവിതം നയിക്കുക എന്ന ആഗ്രഹം ഡോ. ശ്രീറാം നേനെയ്ക്കും മാധുരി ദീക്ഷിതിനും തികച്ചും പരിചിതമായ ഒന്നാണ്. 1999-ൽ വിവാഹിതരായ ശേഷം ഇരുവരും അമേരിക്കയിലെ ഡെൻവറിലേക്ക് മാറുകയും വർഷങ്ങളോളം അവിടെ തികച്ചും സാധാരണക്കാരായി ജീവിക്കുകയും ചെയ്തിരുന്നു. പിന്നീട് 2011-ലാണ് ഇരുവരും തങ്ങളുടെ മക്കളായ അരിൻ, റയാൻ എന്നിവർക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

അതുകൊണ്ടുതന്നെ, ജനശ്രദ്ധയുടെ നടുവിൽ നിന്ന് മാറി സ്വന്തം മക്കൾക്ക് സ്വസ്ഥമായ ഒരു ജീവിതം നൽകാൻ വിരാടും അനുഷ്‌കയും എടുത്ത തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയാണ് ഡോ. നേനെ.