ബോളിവുഡ് താരനിര പങ്കെടുത്ത ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തില്‍ താരദമ്പതിമാരായ വിരാട് കോലിയുടേയും അനുഷ്‌ക ശര്‍മയുടേയും അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ലണ്ടനിലായതിനാലാണ് ഇരുവരും ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത്. 

To advertise here,

ഇപ്പോഴിതാ കഴിഞ്ഞ വാരാന്ത്യത്തില്‍ ലണ്ടനിലെ യൂണിയന്‍ ചാപ്പലില്‍ നടന്ന കീര്‍ത്തന്‍ പരിപാടിയില്‍ ഇരുവരും പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കൃഷ്ണ ദാസിന്റെ കീര്‍ത്തന്‍ പരിപാടിയില്‍ അനുഷ്‌കയും കോലിയും 'ശ്രീ റാം, ജയ് റാം' എന്ന് പാടുന്നുമുണ്ട്. ഈ പരിപാടിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അനുഷ്‌ക പങ്കുവെയ്ക്കുകയും ചെയ്തു.

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതു മുതല്‍ കോലിയും അനുഷ്‌കയും മകള്‍ വാമികയ്‌ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയാണ് മകന്‍ അകായ് ജനിച്ചത്. ഇരുവരും ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്നതായും അവിടെ പുതിയ വീടുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മക്കളുടെ സ്വകാര്യത പരിഗണിച്ചാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 

2023-ലും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കോലി അനുഷ്‌കയോടൊപ്പം സമയം ചെലവഴിച്ചത് ലണ്ടനിലാണ്. ട്വന്റി-20 ലോകകപ്പിലെ വിജയാഘോഷത്തിന് പിന്നാലെ കോലി കുടുംബത്തെ കാണാന്‍ ലണ്ടനിലേക്ക് വിമാനം കയറിയതും വാര്‍ത്തയായിരുന്നു.