മാധ്യമപ്രവര്ത്തക സിമി ചന്ദോക് ആണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്

ബിജെപി എംപി കൂടിയായ നടി കങ്കണ റണൗട്ടും നടൻ വിർ ദാസും പ്രധാന വേഷങ്ങളിലെത്തി 2014-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് റിവോൾവർ റാണി. ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിലെ ചുംബനരംഗത്തിനിടെ വിർ ദാസിനെ കങ്കണ റണൗട്ട് പരിക്കേൽപ്പിച്ചു എന്നാണ് പ്രചാരണം. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് വിർ ദാസും ഇതിന് നന്ദി പറഞ്ഞ് കങ്കണയും രംഗത്തെത്തി.
സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ മാധ്യമപ്രവർത്തക സിമി ചന്ദോക് ആണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്. സംവിധായകൻ കട്ട് പറഞ്ഞശേഷവും വിർ ദാസിനെ ചുംബിക്കുന്നത് കങ്കണ തുടർന്നുവെന്നും ഇത് വിർ ദാസിനെ പരിക്കേൽപ്പിച്ചുവെന്നുമാണ് സിമി പറഞ്ഞത്. വിർ ദാസിന്റെ ചുണ്ട് മുറിഞ്ഞ് രക്തം വന്നുവെന്നും ഇത് വിർ ദാസിനെ ട്രോമയിലാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. സിമിയുടെ വെളിപ്പെടുത്തൽ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഇതോടെയാണ് വിർ ദാസ് പ്രതികരിച്ചത്.
സിമി പറഞ്ഞത് വെറും കെട്ടുകഥയാണെന്ന് വിർ ദാസ് പറഞ്ഞത്. 'അവർ പൂർണമായും പ്രൊഫഷണലായിരുന്നു. അവർ കഴിവുള്ള കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും പറയും. ഇത് കങ്കണയ്‌ക്കെതിരെ നടക്കുന്ന അന്യായമായ അപവാദ പ്രചാരണമാണ്. ഞാൻ തമാശയായി പറഞ്ഞ കാര്യത്തിന് എന്നെ ഭീകരവാദി എന്ന് അവർ മുമ്പ് വിളിച്ചിട്ടുണ്ട്. എന്നാൽ, സെറ്റിലെത്തിയാൽ ഒരു കുഴപ്പവുമില്ല.' -വിർ ദാസ് ‘എക്‌സി’ൽ കുറിച്ചു. സിമിയുടെ പരാമർശത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്.
വിർ ദാസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ ‘എക്‌സി’ലൂടെ തന്നെ നന്ദി പറഞ്ഞു. പൈശാചികമായ ലൈംഗിക താത്പര്യങ്ങളെ സംതൃപ്തിപ്പെടുത്താനായി വിചിത്രസ്വഭാവമുള്ള ഒരു വ്യക്തി തങ്ങളെ ഉപയോഗിക്കുകയാണെന്നും കങ്കണ പറഞ്ഞു. 'ഞാൻ നിങ്ങളുടെ ചോര കുടിച്ചു. ഒരു പതിറ്റാണ്ടിന് ശേഷവും ആ ട്രോമയിൽ നിങ്ങൾ കരയുകയാണ്! ആസൂത്രണം തീരെ പോരാ!' -പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം കങ്കണ റണൗട്ട് കുറിച്ചു.
Published: 29 Jun 2026, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented