ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയജോഡിയാണ് താര സുതാരിയയും വീർ പഹാരിയയും. എന്നാൽ അടുത്തിടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് ശക്തി പകർന്ന് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് വീർ പഹാരിയ.

To advertise here,

'കാലം നല്ലതായാലും മോശമായാലും ഒരു ദിവസം തീർച്ചയായും അത് മാറും' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം വീർ കുറിച്ചത്. ഇതോടെ ഈ പോസ്റ്റിന് താഴെ ഒട്ടേറെ ആരാധകർ കമന്റ് ചെയ്തു. ഇതിൽ അധികവും വീർ പഹാരിയയെ ആശ്വസിപ്പിച്ചുള്ളതാണ്. താരയും വീറും വീണ്ടും ഒന്നിക്കണമെന്നും ആരാധകർ കുറിച്ചിട്ടുണ്ട്.

നേരത്തെ നടി കൃതി സനോണിന്റെ സഹോദരി നുപുർ സനോണിന്റേയും ഗായകൻ സ്‌റ്റെബിൻ ബെന്നിന്റേയും വിവാഹ വിരുന്നിന് വീർ തനിച്ചാണെത്തിയത്. ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹ വിരുന്നിൽ താരയുടെ അസാന്നിധ്യം ചർച്ചയാകുകയും ചെയ്തു.

നേരത്തെ റാപ്പർ എ.പി ധില്ലന്റെ സംഗീത പരിപാടിക്കിടെ നൃത്തം ചെയ്ത താരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇടയ്ക്ക് ധില്ലൻ താരയെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയുമായിരുന്നു. ഇത് വീർ പഹാരിയയെ അസ്വസ്ഥനാക്കിയെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇതിനെതിരെ താരയും വീറും പിന്നീട് രംഗത്തെത്തുകയും ചെയ്തു. ധില്ലനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിൽ താര സുതാരിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റെബേക്ക എന്ന കഥാപാത്രമായാണ് താര സ്‌ക്രീനിലെത്തുക.