പ്രണയിച്ച് പരാജയപ്പെടാൻ മടിക്കരുതെന്ന് കുറിച്ച നൊബേൽ സമ്മാനജേതാവായ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക്കിന്റെ ‘സൈലന്റ് ഹൗസ്’ എന്ന പുസ്തകം സതീശന്റെ വീട്ടിലെ മേശപ്പുറത്ത് കിടക്കുന്നു. ആ മേശക്കരികിലുള്ള അലമാരയിൽ അയാളുടെ മനസ്സിന്റെ നിലപാടുപോലെ ഭഗവദ്ഗീതയും ഖുറാനും ബൈബിളും അടക്കം ഒരുപാട് പുസ്തകങ്ങൾ. ‘സൈലന്റ് ഹൗസ്’ എന്ന പുസ്തകമുള്ള ആ വീടും അതിലെ ഗൃഹനാഥനും പക്ഷേ ഒരിക്കലും ‘സൈലന്റാ’യിരുന്നില്ല. പൊതുപ്രവർത്തനത്തെ എന്നും ജീവനായി പ്രണയിച്ചിരുന്ന വി.ഡി. സതീശൻ എന്ന മനുഷ്യന്റെ വീട് ഒരുപാടുപേരുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആവശ്യങ്ങളുടെയും ശബ്ദമുയരുന്ന ഇടമായിരുന്നു. ആ ശബ്ദങ്ങളുടെ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പമുള്ള മനോഹരനിമിഷങ്ങളെയും വായനയെയും യാത്രയെയുമൊക്കെ ഏറെ മോഹിച്ച ഒരാൾ തന്നെയായിരുന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.

To advertise here,

തീവണ്ടിയുടെ ചൂളത്തിൽ

ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ഏതാണെന്ന് ചോദിച്ചാൽ സതീശന് ഒരുത്തരമേയുള്ളൂ, തീവണ്ടിയാത്ര. അതിന്റെ കാരണം തിരക്കിയാലാണ് വായന എന്ന സ്വപ്നത്തിലേക്ക് അയാൾ ടിക്കറ്റെടുത്ത കാര്യം അറിയാനാവുക. “യാത്രയുടെ കാര്യം വന്നാൽ തീവണ്ടിയാത്രയാകും സാർ ആദ്യം തിരഞ്ഞെടുക്കുന്നത്. തീവണ്ടിയാത്രയിലാണെങ്കിൽ സ്വസ്ഥമായിരുന്നു കുറേനേരം വായിക്കാനാകുമെന്നാണ് സാർ പറയാറുള്ളത്. ഏതെങ്കിലും പുസ്തകപ്രകാശനച്ചടങ്ങിന് ക്ഷണം വന്നാൽ അവിടേക്ക് പോകുംമുൻപ് സാർ ആ പുസ്തകം വായിച്ചിരിക്കും. പുസ്തകം വായിക്കാതെ പ്രകാശനത്തിന് പോകുന്നതിന് അർഥമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.” വർഷങ്ങളായി സതീശന്റെ കൂടെയുള്ള സ്റ്റാഫുകളിലൊരാളായ വി.എം. അൻസാറിന്റെ വാക്കുകളിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ അക്ഷരചിത്രമുണ്ട്.

ഉണ്ണിമായയുടെ വീട്

ഉണ്ണിമായ ബെംഗളൂരുവിൽ നിന്നെത്തുന്ന നേരം… സതീശന് വീട് സ്വർഗമാകുന്ന നിമിഷമാണത്. മകളുടെ കൂട്ടുകാർക്കും ആ വീട് എന്നും എപ്പോഴും സ്നേഹപൂർവം വാതിലുകൾ തുറന്നിടുന്ന ഇടമാണ്. “പുതിയ തലമുറയോട് സംസാരിക്കുമ്പോൾ അച്ഛന് ഒരിക്കലും ജനറേഷൻ ഗ്യാപ്പില്ല. അച്ഛൻ എനിക്ക് അച്ഛനും സുഹൃത്തും ഉപദേഷ്ടാവും വിമർശകനുമൊക്കെയാണ്, അതുപോലെ തന്നെയാണ് അച്ഛൻ തിരിച്ച് എന്നെ കാണുന്നതും.

അച്ഛനെ വീട്ടിൽ കിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കും അമ്മയ്ക്കുമില്ല.” ഉണ്ണിമായയുടെ വാക്കുകളിൽ സതീശൻ എന്ന അച്ഛൻ തെളിയുന്നത് ഇങ്ങനെയാണ്.

യാത്രയുടെ ഇഷ്ടത്തിൽ

തിരക്കുകൾക്കിടയിൽനിന്ന് അവധിയെടുത്തൊരു യാത്ര എപ്പോഴും സാധിക്കാറില്ലെങ്കിലും വീണുകിട്ടുന്ന യാത്രകളെ മുറുകെ പുണരുന്ന ഒരാളാണ് സതീശൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പു കഴിഞ്ഞ് സതീശനും കുടുംബവും നടത്തിയ വനയാത്രയും കേരളം കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു. പാർട്ടിനേതാക്കളെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെ കുടുംബത്തോടൊപ്പം പീരുമേട്ടിലെ കുട്ടിക്കാനത്തേക്കായിരുന്നു യാത്ര.