2025-ൽ നേരിട്ട വെല്ലുവിളികളേക്കുറിച്ച് മനസുതുറന്ന് നടിയും അവതാരകയുമായ വർഷ രമേശ്. കരിയറിൽ ഉയർച്ചകളുണ്ടായെങ്കിലും വ്യക്തിജീവിതത്തിൽ തകർച്ച നേരിട്ടെന്ന് അവർ പറഞ്ഞു. ജീവിതപങ്കാളിയുമായി അകലേണ്ടിവന്നു. ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങി. രാവിലെ എഴുന്നേറ്റാൽ ഉടൻ നെഗറ്റീവ് ചിന്തകൾ തുടങ്ങും. ഉറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചിട്ടുള്ള ഒരു വർഷമാണ് 2025 എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു. ഒരു ജാതി ജാതകം, സാഹസം, ഗെറ്റ് സെറ്റ് ബേബി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് വർഷ.

To advertise here,

വർഷ രമേശിന്റെ വാക്കുകൾ:

പലരുടെയും വിഷൻ ബോർഡിന്റെയും മേശയുടെ അടിയിൽ നിന്ന് മുന്തിരിങ്ങ കഴിക്കുന്നതിന്റെയും മാനിഫെസ്റ്റേഷന്റെയും ദൃഢപ്രതിജ്ഞയുടെയും 2025ലെ നേട്ടങ്ങളുടെ ഫോട്ടോസിന്റെയും മറ്റു റീൽസിന്റെയും ഒക്കെ ഒരോരോ പോസ്റ്റുകൾ കണ്ട് ഇങ്ങനെ ഇരിക്കുകയായിരിക്കും നിങ്ങൾ. എന്നാൽ പിന്നെ നമുക്ക് ഒരു റിയാലിറ്റി ചെക്ക് നടത്തിയാലോ? ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങി. രാവിലെ എഴുന്നേറ്റാൽ ഉടൻ നെഗറ്റീവ് ചിന്തകൾ തുടങ്ങും.

2025 വേറെ തന്നെ ഒരു വർഷമായിരുന്നു. ഈ വർഷം ഞാൻ ഒരു ബിഎംഡബ്ല്യു സ്വന്തമായി വാങ്ങിയ വർഷമാണ്. അതേ വർഷം തന്നെയാണ് എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി നഷ്ടപ്പെട്ട് വീണ്ടും വട്ടപൂജ്യം ആയ വർഷം. മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ടെലിവിഷൻ ഷോയിൽ വീണ്ടും ആങ്കറായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വർഷമാണിത്. ഈ വർഷം തന്നെയാണ് ഞാൻ എൻ ജീവിതത്തിൽ ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ഞാൻ കഴിച്ചുതുടങ്ങിയത്.

ഞാൻ അത്യാവശ്യം നന്നായി സമ്പാദിച്ച വർഷമായിരുന്നു ഇത്. പക്ഷേ ഈ വർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താൽ എന്റെ തെറ്റുകൊണ്ടല്ലാതെ എന്റെ കയ്യിൽ നിന്ന് ഇഷ്ടംപോലെ പൈസ നഷ്ടപ്പെട്ട്, എന്താ പറയുക അക്ഷരാർഥത്തിൽ ചതിക്കപ്പെട്ട ഒരു വർഷം. ഞാൻ പൊതുവേ അങ്ങനെ ആരുമായും അധികം താരതമ്യം ചെയ്യാത്ത ഒരാളാണ്. പക്ഷേ ഈ വർഷമാണ് ഞാൻ എന്നെ മറ്റു പലരുമായി താരതമ്യം ചെയ്ത് കുടുങ്ങിപ്പോയത്.

എനിക്ക് ആഗ്രഹമുള്ള എല്ലാ സാധനങ്ങളും വാങ്ങിയ ഒരു വർഷമാണിത്. ഞാൻ ഒരു നാലഞ്ച് രാജ്യങ്ങൾ യാത്ര ചെയ്തിട്ടുള്ള ഒരു വർഷമായിരുന്നു ഇത്. പക്ഷേ, ഇതൊക്കെ വാങ്ങി ഇത്രയും സ്ഥലത്തൊക്കെ പോയിട്ടും തിരിച്ചു ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കായ ഒരു വർഷമായിരുന്നു. എന്താന്ന് വച്ചാൽ ഇത്രയ്ക്ക് ഒറ്റയ്ക്കാവാനും ഇത്രക്ക് ഇൻഡിപെൻഡന്റ് ആവാനും ഇത്രയ്ക്ക് സ്ട്രോങ്ങ് ആവാനും ഒന്നും സത്യം പറഞ്ഞാൽ എനിക്ക് ആഗ്രഹമില്ല. പക്ഷേ ഞാൻ ഇതൊക്കെ ആയി.

രാത്രി ആവാൻ വേണ്ടി ഞാൻ കാത്തിരിക്കും. കാരണം എനിക്ക് പെട്ടെന്ന് ഉറങ്ങണം. രാവിലെ ആവുന്നത് എനിക്ക് ഇഷ്ടമില്ല. കാരണം എണീറ്റ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും എനിക്ക് നെഗറ്റീവ് ചിന്തകൾ. എനിക്ക് അപ്പോൾ തുടങ്ങും വിഷമങ്ങളും പ്രശ്നങ്ങളും. മാനസികമായി ആകെ സമ്മർദ്ദത്തിൽ ആകും. ഉറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചിട്ടുള്ള ഒരു വർഷമാണ് 2025.

മുന്നോട്ട് ഓടുന്നവർക്കേ മാറ്റം ഉണ്ടാവുള്ളൂ. ചായാൻ ഒരു തണൽ ഉണ്ടാകുമ്പോൾ നമുക്ക് ക്ഷീണം ഉണ്ടാവും. പക്ഷേ എനിക്ക് തണലില്ല. അതുകൊണ്ട് ക്ഷീണം ഉണ്ടെങ്കിലും എനിക്ക് മുന്നോട്ട് പോയേ പറ്റൂ. നിങ്ങളുടെ പിന്തുണ വളരെ വലുതാണ്. എന്റെ കണ്ണ് തുറപ്പിച്ച വർഷമാണ്. മറ്റുള്ളവരുടെ ഫോട്ടോസും സ്റ്റോറീസും മാത്രം കണ്ട് അവരുടെയൊക്കെ ജീവിതം എമ്മാതിരി ജീവിതമാണ്. എന്റെ ജീവിതമൊക്കെ എന്ത് ഡാർക്ക് ആണെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.