വൈക്കം: 'വൈക്കം മുഹമ്മദ് ബഷീറല്ലേ...?' കാണുന്നവര്‍ ചോദിക്കും. അല്ലെന്ന് പറഞ്ഞ് ശശിധരന്‍ മടുത്തു. 'അയ്യോ, ഞങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നില്ല'-മറുപടി കേള്‍ക്കുന്നവര്‍ പറയും.

To advertise here,

വൈക്കം പുളിഞ്ചുവട് ഗുരുപ്രസാദം (ആഞ്ഞിലിക്കാവില്‍) ഡി. ശശിധരനെ (75) കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന പ്രതികരണമാണിത്. ആ ജുബ്ബയും മുണ്ടും കഷണ്ടിയും എല്ലാം മുഹമ്മദ് ബഷീറിന്റേതുപോലെ. ബേപ്പൂര്‍ സുല്‍ത്താന്റെ 31-ാം ചരമദിനമായിരുന്നു ശനിയാഴ്ച. അന്നും ശശിധരന്‍, 'സുല്‍ത്താന്‍' രൂപവും വേഷവും ഭാവവുംകൊണ്ട് കാഴ്ചക്കാര്‍ക്ക് വിസ്മയമായി.

മോട്ടോര്‍വാഹനവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് ശശിധരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറവന്തുരുത്ത് ഗവ. യുപി സ്‌കൂളില്‍ കുട്ടികള്‍ക്കായി ലൈബ്രറി കൗണ്‍സില്‍ നാടക ക്യാമ്പ് നടത്തി. മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബുവിനായിരുന്നു നേതൃത്വം. ക്യാമ്പിന്റെ അവസാനദിവസം ബഷീര്‍ കഥാപാത്രങ്ങളായി കുട്ടികള്‍ എത്തുമ്പോള്‍ ബഷീറായി അഭിനയിക്കണം. അങ്ങനെ ഷിബുവിന്റെ നിര്‍ബന്ധപ്രകാരം ശശിധരന്‍ ബഷീറായി വേഷമിട്ടു.

തലയോലപ്പറമ്പ് പാലാംകടവിലെ ബഷീറിന്റെ സഹോദരന്‍ അബുവിന്റെ വീട്ടിലെ ചാമ്പമരച്ചുവട്ടില്‍ ബഷീര്‍ ഉപയോഗിച്ചിരുന്ന ചാരുകസേരയും ഇതിനായി സജ്ജീകരിച്ചു. കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍തുറന്ന് പുറത്തുവന്ന ബഷീറിനെ കണ്ട് ഞെട്ടി. ബഷീറിന്റെ വേഷത്തില്‍ ശശിധരനാണ് എത്തിയത്. തുടര്‍ന്ന് ചാമ്പമരച്ചുവട്ടിലെ ചാരുകസേരയില്‍ ഇരുന്ന് കുട്ടികളോട് കുശലം പറഞ്ഞു. 'ബഷീര്‍' അവിടെനിന്ന് തലയോലപ്പറമ്പ് മാര്‍ക്കറ്റിലും പാലാംകടവ് കടത്തുകടവിലും കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. അത് കണ്ടവര്‍ പറഞ്ഞു. 'ഇത് സാക്ഷാല്‍ ബഷീര്‍ തന്നെ'.

സംഗീതനാടക അക്കാദമിയുടെ ഗ്രാന്റോടുകൂടി എം.കെ. ഷിബു രചനയും സംവിധാനവും നിര്‍വഹിച്ച, 'കഥാകൃത്തിനും കഥാപാത്രങ്ങള്‍ക്കും സംഭവിച്ചത്' എന്ന നാടകത്തിലൂടനീളം വീണ്ടും ബഷീറായി ശശിധരന്‍ അവതരിച്ചു. ശശിധരന്റെ ബഷീര്‍ കഥാപാത്രത്തിന് നിറഞ്ഞ കൈയടി കിട്ടി.

കോളേജ് കാലഘട്ടത്തില്‍ തന്നെ കാണാന്‍ അന്നത്തെ കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെപ്പോലെയായിരുന്നെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്ന് ശശിധരന്‍. പിന്നീട് ജോലി കിട്ടി തലമുടി കൊഴിഞ്ഞു തുടങ്ങിയപ്പോള്‍ എം.ടി. വാസുദേവന്‍നായരെപ്പോലെയെന്നായി ചിലര്‍. എം.ടിയുടെ രൂപസാദൃശ്യംകൊണ്ട് പലസ്ഥലത്തും വലിയ പരിഗണനവരെ ലഭിച്ചിട്ടുണ്ട്. 

മേലുദ്യോഗസ്ഥര്‍പോലും എം.ടി.യെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ കൂടുതല്‍ കഷണ്ടിയായപ്പോഴാണ് ബഷീറിനെപ്പോലെ പലര്‍ക്കും തോന്നിയത്. താന്‍ ബഷീറിനെ നേരിട്ട് കണ്ടിട്ടില്ല. വലിയ നഷ്ടമായി അതിനെ കാണുന്നു-അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ അച്ഛന്‍ മധു മൂര്‍ത്തിയുടെ സഹോദരനാണ് ശശിധരന്‍. തരുണിന്റെ സിനിമകളിലും ശശിധരന്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ:വത്സല. മകള്‍: അനു എസ്.ലേഖ. മരുമകന്‍: ശ്രീലാല്‍.