നമ്മുടെ വിലപ്പെട്ട എന്തെങ്കിലും സാധനം യാത്രക്കിടെ നഷ്ടമായാല്‍ നമുക്ക് സ്വസ്ഥതയുണ്ടാകില്ല. അത് തിരിച്ചുകിട്ടാനുള്ള ശ്രമങ്ങളാകും പിന്നീട് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ ആരെങ്കിലും ഇത് കണ്ടെത്തി തിരിച്ചേല്‍പ്പിച്ചാലോ? അത് നമുക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. 

To advertise here,

സമാനമായ രീതിയിലുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് യു.എസില്‍ നിന്നുള്ള ദമ്പതികള്‍. യാത്രികരായ സ്റ്റെഫും പീറ്റും തങ്ങളുടെ കുഞ്ഞിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇതിനിടെ ഗുജറാത്തില്‍വെച്ച് ട്രെയിൻ യാത്രക്കിടെ സ്റ്റെഫ് പേഴ്‌സ് മറന്നുവെച്ചു. എന്നാല്‍ നാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് പേഴ്‌സ് തിരിച്ചുകിട്ടി. അത് എങ്ങനെയാണ് വീഡിയോയിലൂടെ വിവരിക്കുകയാണ് സ്‌റ്റെഫ്. 

ട്രെയിനില്‍വെച്ച് ഈ പേഴ്‌സ് ലഭിച്ചത് ചിരാഗ് എന്ന യുവാവിനാണ്. പേഴ്‌സിലുള്ള ഐഡി കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും നോക്കി ഇയാള്‍ സ്‌റ്റെഫിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റെഫിന് ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കുകയും ചെയ്തു. പേഴ്‌സ് തനിക്ക് കിട്ടിയുണ്ടെന്നും തിരികെ വന്ന് വാങ്ങിക്കണമെന്നും ആയിരുന്നു മെസ്സേജ്. 

ശേഷം ഇവര്‍ ചിരാഗിനെ അന്വേഷിച്ച് ഭുജില്‍ എത്തുകയായിരുന്നു. ഇവിടെ റെസ്റ്റോറന്റ് നടത്തുകയാണ് ചിരാഗ്. യുവാവിനെ കണ്ടയുടനെ ഇവര്‍ നന്ദി അറിയിച്ചു പേഴ്‌സ് വാങ്ങി. തുടര്‍ന്ന് ചിരാഗിന് പണം കൊടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് വാങ്ങാന്‍ ചിരാഗ് തയ്യാറായില്ല. ഒരുപാട് നിര്‍ബന്ധിച്ചിട്ടും ചിരാഗ് പണം സ്വീകരിച്ചില്ല. 

ഈ അനുഭവമാണ് സ്റ്റെഫ് വീഡിയോയിലൂടെ പറഞ്ഞത്. ഇത് തന്നെ സ്പര്‍ശിച്ചുവെന്നും തന്റെ കണ്ണ് നനയിച്ചുവെന്നും സ്റ്റെഫ് പറയുന്നു. ഇന്ത്യയെ കുറിച്ച് മോശമായ പലതും കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ മനോഹരമായ രാജ്യമായാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും സ്‌റ്റെഫും പീറ്റും വീഡിയോയില്‍ പറയുന്നു. 

ഇതിന് താഴെ ചിരാഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇന്ത്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ചിരാഗ് എന്നായിരുന്നു കമന്റ്. ഇന്ത്യ മനോഹരമായ രാജ്യമാണെന്നും ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ ചിരാഗിന് പണം നല്‍കാന്‍ ശ്രമിച്ച സ്റ്റെഫിനെ വിമര്‍ശിച്ചും ആളുകള്‍ കമന്റ് ചെയ്തു.