അരുമമൃഗങ്ങള്‍ക്ക് പരിചരണവും മരുന്നും ഉറപ്പാക്കാതെ അവയെ മരണത്തിലേക്ക് നയിക്കുന്നതില്‍ മനംനൊന്ത് ജീവനൊടുക്കി മൃഗഡോക്ടര്‍. യു.കെയിലാണ് സംഭവം. ജോണ്‍ എല്ലിസ് (35) എന്ന യുവ വെറ്ററിനറി ഡോക്ടറാണ്, മൃഗങ്ങള്‍ക്ക് ദയാവധത്തിന് നല്‍കുന്ന മരുന്ന് സ്വയംകുത്തിവെച്ച് മരിച്ചത്. 2022 നവംബര്‍ ഏഴിനാണ് ജോണ്‍ ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ജോണിന്റെ വ്യക്തിജീവിതത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
ഓമനമൃഗങ്ങളെ അനാവശ്യമായി ദയാവധത്തിന് വിധേയമാക്കാനുള്ള ഉടമകളുടെ നിര്‍ബന്ധം ജോണിനെ കടുത്തസമ്മര്‍ദത്തിലാക്കിയെന്നും തുടര്‍ന്ന് അദ്ദേഹം ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ക്ലിനിക്കിന് പുറത്ത് പുത്തന്‍ കാറുകളില്‍ വന്നിറങ്ങുന്നവര്‍ പോലും തങ്ങളുടെ അരുമമൃഗങ്ങള്‍ക്കുവേണ്ടി പണംചെലവഴിക്കാന്‍ തയ്യാറാകാത്തതില്‍ ജോണ്‍ ദുഃഖിതനായിരുന്നെന്നും ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഓമനമൃഗങ്ങളുടെ ചികിത്സാച്ചെലവ് താങ്ങാന്‍ ശേഷിയില്ലാത്തവര്‍ പലപ്പോഴും വളരെ വൈകിയാണ് അവയെ ക്ലിനിക്കില്‍ കൊണ്ടുവരാറുണ്ടായിരുന്നതെന്നും അപ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകുമെന്നും ജോണ്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മ ടിന എല്ലിസ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഫെയറമില്‍നിന്നുള്ള കൗണ്‍സിലറാണ് ടിന.
12 കൊല്ലമായി ആഷ്‌ലി ജെയിംസ് എന്നയാളുമായി ബന്ധത്തിലായിരുന്നു ജോണ്‍. ഈ ബന്ധം നിലനില്‍ക്കെ റയാന്‍ ഹണ്ട് എന്നൊരാളുമായി ജോണ്‍ അടുപ്പത്തിലായി. അവസാനത്തെ രണ്ടുകൊല്ലം ആഷ്‌ലിയുമായും റയാനുമായും രഹസ്യമായി ജോണ്‍ ബന്ധം തുടര്‍ന്നിരുന്നു. ജോണ്‍ തന്നെ വഞ്ചിച്ചിരുന്നെന്ന് അദ്ദേഹം മരിക്കുന്നിടംവരെ അറിഞ്ഞിരുന്നില്ലെന്ന് ആഷ്‌ലി പറഞ്ഞു
ആന്‍ഡേഴ്‌സണ്‍ മൂര്‍സ് വെറ്ററിനറി സ്‌പെഷലിസ്റ്റിലെ റെസിഡന്റ് ഡോക്ടറായിരുന്നു ജോണ്‍. സാമ്പത്തികമായ പ്രശ്‌നങ്ങളും ഉറങ്ങാന്‍ കഴിയാത്ത ബുദ്ധിമുട്ടും തനിക്കുണ്ടെന്ന് ഇദ്ദേഹം അമ്മയോടു പറഞ്ഞിരുന്നെന്നാണ് വിവരം. മാത്രമല്ല ആഷ്‌ലിയുമായി പിരിയാന്‍ പോകുന്നെന്നും അവരോടു പറഞ്ഞിരുന്നു. 2022 നവംബര്‍ ആറിന് വൈകുന്നേരമാണ് ജോണ്‍ വീട്ടില്‍നിന്ന് പോകുന്നത്. ക്ലിനിക്കിലെത്തിയ ജോണ്‍, തന്റെ ഒരു സഹൃത്തിന്റെ നായയെ ദയാവധത്തിന വിധേയനാക്കാന്‍ മരുന്ന് എടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് അവിടുത്തെ നഴ്‌സിനോടു പറഞ്ഞു.
മരുന്ന് എടുത്ത ജോണ്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, ആ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. അവര്‍ അവധിയാഘോഷിക്കുന്നതിനായി മറ്റൊരിടത്തേക്ക് പോയതായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍വെച്ചാണ് ജോണ്‍ മരുന്ന് കുത്തിവെച്ചത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നവംബര്‍ ഏഴിന് മരണം സംഭവിച്ചു. ജീവനൊടുക്കുന്നതിന് മുന്‍പേ ഇരുപങ്കാളികളെയും ജോണ്‍ വിളിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: uk vet ends life as clients forced him to put down pets
Published: 19 Nov 2024, 01:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented