കീറി നിറംമങ്ങിയതും മുഷിഞ്ഞതുമായ യൂണിഫോമിട്ട് ക്ലാസില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളോട്, അവരുടെ അധ്യാപകര്‍ പറഞ്ഞു; 'നിങ്ങള്‍ ഇനി മുഷിഞ്ഞ യൂണിഫോമിട്ടു നടക്കേണ്ട. ഞങ്ങള്‍ അലക്കി ഇസ്തിരിയിട്ട് തരാം.' ശബരിമല വനമേഖലയിലെ അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂളിലെ അധ്യാപകരാണ് കുരുന്നുകള്‍ക്ക് ഈ സ്‌നേഹപാഠം പകര്‍ന്നത്.

To advertise here,

ആദിവാസി കുടുംബങ്ങളില്‍നിന്നുള്ള 54 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യമല്ലാത്തതിനാല്‍ മഴയും വെയിലുമേറ്റ് മിക്കവരുടെയും യൂണിഫോം കീറിനശിക്കുക പതിവായിരുന്നു. പ്രഥമാധ്യാപകന്‍ ബിജു തോമസ് അമ്പൂരി, അധ്യാപകരായ ഡി.അഭിലാഷ്, സുബീഷ് കെ.എം., ആശാ നന്ദന്‍ എന്നിവരാണ് അലക്കിത്തേച്ച് നല്‍കുന്നത്. പ്രഥമാധ്യാപകനും രണ്ട് അധ്യാപകരും സ്‌കൂളില്‍ത്തന്നെയാണ് താമസം.

മറ്റു വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ യൂണിഫോം നല്‍കും. സ്‌കൂള്‍ വിടുമ്പോള്‍ തിരികെ വാങ്ങും. കഴുകി വൃത്തിയാക്കി ഉണക്കി ഇസ്തിരിയിട്ടശേഷം അടുത്ത ദിവസം വീണ്ടും നല്‍കും.

ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി ചെയര്‍മാന്‍ ഫാ. ബെന്‍സി മാത്യു കിഴക്കേതിലിന്റെ നേതൃത്വത്തില്‍ വാഷിങ് മെഷീനും ഇസ്തിരിപ്പെട്ടിയും സ്‌കൂളില്‍ എത്തി.