വാട്ട്‌സ്ആപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും കാലത്ത് അന്യം നിന്നുപോയ 'കലാരൂപ'മാണ് കത്തെഴുത്ത്. പണ്ടുകാലത്ത് കമിതാക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള മാര്‍ഗവും കത്തുകളായിരുന്നു. അത്തരത്തിലുള്ള ഒരു പ്രണയലേഖനം തന്ന 'പണി' പങ്കു വയ്ക്കുകയാണ് ഒരു മുന്‍ സൈനികന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കു വച്ചത്. ഒപ്പം അന്നത്തെ ആ കത്തും അദ്ദേഹം പോസ്റ്റ് ചെയ്തു. 

To advertise here,

ക്യാപ്റ്റന്‍ ധരംവീര്‍ എന്ന മുന്‍ സൈനികനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2001-ല്‍ തന്റെ കാമുകി തനിക്കെഴുതിയ കത്താണ് ഇതെന്ന് ധരംവീര്‍ പറയുന്നു. അതിനൊപ്പമാണ് അതിന്റെ പേരില്‍ കിട്ടിയ മുട്ടന്‍ പണിയും വിവരിച്ചത്. 

'2001 ഡിസംബര്‍ 10-ന് എഴുതിയ കത്താണ് ഇത്. 2001 നവംബര്‍ ഒന്നിനാണ് ഞാന്‍ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്നത്.' -ധരംവീര്‍ പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം തനിക്ക് 500 പുഷ് അപ്പ് എടുക്കേണ്ടിവന്ന കഥ പറയുന്നത്. 

'അമ്പതോ നൂറോ പുഷ് അപ്പുകള്‍ എടുത്താല്‍ മാത്രമേ സീനിയേഴ്‌സ് ഞങ്ങള്‍ക്ക് കത്തുകള്‍ കൈമാറുമായിരുന്നുള്ളൂ. എന്നാല്‍ ഈ കത്ത് വളരെ വലുതായിരുന്നു. അതിന്റെ തൂക്കം നോക്കിയശേഷമാണ് സീനിയേഴ്‌സ് 500 പുഷ് അപ്പുകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടത്.' -ധരംവീര്‍ തുടര്‍ന്നു. 

'അക്കാദമിയില്‍ വച്ച് എനിക്ക് ആദ്യം ലഭിച്ച കത്തായിരുന്നു ഇത്. കത്തുകളുടെ സുവര്‍ണകാലമായിരുന്നു അത്. കത്തിലെ എഴുത്ത് എത്രത്തോളം തീവ്രമാകുന്നോ അത്രത്തോളം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വികാരങ്ങള്‍ നിലനില്‍ക്കും.' -ധരംവീര്‍ പറഞ്ഞുനിര്‍ത്തി. 

ഒട്ടേറെ പേരാണ് ക്യാപ്റ്റന്‍ ധരംസിങ്ങിന്റെ രസകരമായ പ്രണയാനുഭവം ലൈക്ക് ചെയ്തത്. ഇതിനകം 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. മനോഹരമായ കൈയക്ഷരമാണ് ഇതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഈ കത്ത് 500 പുഷ് അപ്പുകള്‍ അര്‍ഹിക്കുന്നു എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ്. അന്നത്തെ ആ പെണ്‍കുട്ടിയാണോ ഇപ്പോള്‍ താങ്കളുടെ ഭാര്യ എന്നൊരാള്‍ ചോദിച്ചതിന് 'അതെ, അവള്‍ ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ അമ്മയാണ്' എന്ന് ധരംവീര്‍ മറുപടി പറഞ്ഞു.