ജീവിതത്തില്‍ സ്വപ്‌നം കണ്ടതെല്ലാം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം സ്വന്തമാക്കിയിട്ടും അത് വേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് ടെന്നീസ് താരം എമ്മ റഡുക്കാനു. തന്റെ 18-ാം വയസ്സില്‍ യുഎസ് ഓപ്പണ്‍ കിരീടം നേടി ചരിത്രം സൃഷ്ടിച്ചവളാണ് എമ്മ. എന്നാല്‍ അന്ന് ആ കിരീടം സ്വന്തമാക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് എമ്മ പറയുന്നു.
കാനഡയുടെ ലെയ്‌ലാഹ് ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് എമ്മ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്. 1999-ന് ശേഷം കൗമാരതാരങ്ങള്‍ ആദ്യമായി യുഎസ് ഓപ്പണിലെ ഫൈനല്‍ കളിക്കുന്നു എന്ന പ്രത്യേകതയും ആ മത്സരത്തിനുണ്ടായിരുന്നു. യോഗ്യതാ റൗണ്ട് കളിച്ച് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും എമ്മ സ്വന്തമാക്കി. ഒപ്പം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എമ്മ സ്വന്തം പേരിലെഴുതി.
എന്നാല്‍ ആ ചരിത്രനേട്ടത്തിന് ശേഷമുള്ള എമ്മയുടെ ജീവിതവും കരിയറും അത്ര സുഖകരമായിരുന്നില്ല. അന്ന് താന്‍ വളരെ നിഷ്‌കളങ്കായിരുന്നെന്ന് എമ്മ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയെന്നും വിശ്വസനീയവും സുരക്ഷിതവുമായ ഇടമല്ല ഇത് എന്ന സത്യം തിരിച്ചറിഞ്ഞെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എമ്മ വ്യക്തമാക്കുന്നു.
അപകടകാരികളായ ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടെന്ന് മനസിലാക്കി നമ്മള്‍ ജാഗ്രത പാലിക്കണം. എനിക്ക് 19,20 വയസ്സേ ഉള്ളൂ എന്നതിനാല്‍ ഇന്‍ഡസ്ട്രിയിലെ ആളുകള്‍ എന്നെ ഒരു നാണയക്കുടുക്ക പോലെയാണ് കണ്ടിരുന്നത്.
ഇതിനിടയിലൂടെ ശരിയായി വഴി കണ്ടെത്തി മുന്നോട്ടുനീങ്ങുക എന്നത് പ്രയാസകരമായിരുന്നു. പലപ്പോഴും ആളുകളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. സൗഹൃദവലയം കഴിയുന്നത്ര ചെറുതാക്കി നിര്‍ത്തുക എന്ന പാഠം ഞാന്‍ പഠിച്ചു.
കിരീടനേട്ടത്തിന് ശേഷം ഒന്നിനുപുറകെ ഒന്നായി ഒരുപാട് തിരിച്ചടികള്‍ ഉണ്ടായി. ഞാന്‍ വളരെ ക്ഷമയോടെ എല്ലാം നേരിട്ടു. ഒന്നും എളുപ്പമായിരുന്നില്ല. യുഎസ് ഓപ്പണ്‍ നേടിയില്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.' ലോക റാങ്കിങ്ങില്‍ 128-ാം സ്ഥാനത്തുള്ള എമ്മ പറയുന്നു.
യുഎസ് ഓപ്പണില്‍ ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഒമ്പത് മത്സരങ്ങളും വിജയിച്ച് കിരീടം നേടിയ എമ്മയെ ഭാവി വാഗ്ദാനമായാണ് ടെന്നീസ് പ്രേമികള്‍ വിലയിരുത്തിയിരുന്നത്. 150-ാം റാങ്കുകാരിയായി എത്തി കിരീടം നേടിയതും ആ നേട്ടത്തിന്റെ മാറ്റ് കൂട്ടി. എന്നാല്‍ പിന്നീട് പരിക്കുകളുടെ പിടിയിലായിരുന്നു എമ്മ. രണ്ട് കൈത്തണ്ടയ്ക്കും കണങ്കാലിനും ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും താരത്തിന് നഷ്ടപ്പെട്ടു. അന്ന് വേദനയോടൊപ്പം വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോയതെന്നും എമ്മ പറയുന്നു.
Content Highlights: tennis player emma raducanu says she sometimes wishes she had not won us open
Published: 20 Jun 2023, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented