തിരുവനന്തപുരം: ഗർഭാവസ്ഥയ്ക്ക് 'സ്ഥിരം ഗർഭ'മെന്നും 'താത്കാലിക ഗർഭ'മെന്നും തരംതിരിവുണ്ടോ? ഉണ്ടെന്നാണ് സർക്കാർ വകുപ്പിൽ കരാർ തൊഴിലാളികളായ സ്ത്രീകളുടെ അഭിപ്രായം. ഗർഭാവസ്ഥയെ തരംതിരിക്കുംവിധമുള്ള പ്രസവാവധിയുടെ വ്യവസ്ഥകളെക്കുറിച്ച് ഒരു താത്കാലിക ജീവനക്കാരി എഴുതിയ കുറിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ 'ഗർഭകാല' ചർച്ചയ്ക്കു വഴിവെക്കുന്നത്.
മുലപ്പാലൂട്ടലിനെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പിനു കീഴിൽ തൊഴിലെടുക്കുന്ന ഗർഭിണിയായ സ്ത്രീയാണ് തന്റെയും മറ്റു കരാർത്തൊഴിലാളികളുടെയും ദുരവസ്ഥ വിവരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾ ഗർഭം ധരിച്ചാൽ ആറുമാസം പ്രസവാവധിയോടൊപ്പം മൊത്തം ശമ്പളവും മാസാമാസം ലഭിക്കും. എന്നാൽ, സർക്കാരിന്റെ വിവിധ പദ്ധതികളിലും ഓഫീസുകളിലും ജോലിചെയ്യുന്ന കരാർ ജീവനക്കാരികളായ ഗർഭിണികൾക്ക് ചിലപ്പോൾ ആറുമാസം പ്രസവാവധി കിട്ടിയേക്കും. എന്നാൽ, ശമ്പളം ലഭിച്ചേക്കില്ല.
താത്കാലിക ജോലിക്കാർക്ക് ഓരോ വർഷവും കരാർ പുതുക്കും. കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഗർഭം ധരിച്ചാൽ ആറു മാസം പ്രസവാവധി ലഭിക്കും. പക്ഷേ, പ്രസവാവധി കാലയളവിൽ ശമ്പളം ലഭിക്കണമെങ്കിൽ നിബന്ധനകൾ പലതാണ്. വ്യവസ്ഥകൾ ഇങ്ങനെയാണ്:
ഒന്ന്- ഏപ്രിൽ രണ്ടിനു ശേഷം പ്രസവിക്കുകയാണെങ്കിൽ ആറു മാസം പ്രസവാവധിയും ശമ്പളവും. ഏപ്രിൽ മുതൽ ഒക്ടോബർ വരെ പ്രസവിക്കുന്നവർക്കു മാത്രമേ ഈ മൊത്തം ആനുകൂല്യം ലഭിക്കൂ.
രണ്ട്- നവംബർ മുതൽ പ്രസവിക്കുന്നവർക്ക് മാർച്ച് 31 വരെ പ്രസവാവധിയും ശമ്പളവും ലഭിക്കും. മാർച്ചിനു ശേഷം ശമ്പളമില്ലാത്ത അവധിയെടുക്കാം. എന്നാൽ, മാർച്ചിൽ പ്രസവിക്കുന്നവർക്ക് ആറു മാസം ശമ്പളമില്ലാത്ത അവധി മാത്രമേ ലഭിക്കൂ.
മൂന്ന്- ഏപ്രിലിൽ പ്രസവിക്കാനുള്ളവർ ആരോഗ്യപ്രശ്‌നത്താൽ മാർച്ചിൽ പ്രസവിച്ചാലും ശമ്പളമില്ലാ അവധി മാത്രമേ ലഭിക്കൂ.
നാല്- പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഗർഭിണികളായ സ്ത്രീകൾ 80 ദിവസം ജോലിചെയ്ത്, മേൽ പരാമർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ എല്ലാ പ്രസവാനുകൂല്യവും ലഭിക്കും. പ്രസവാനുകൂല്യങ്ങൾ ലഭിക്കാതെ പലരും ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്- കുറിപ്പിൽ പറയുന്നു. അധികൃതർക്ക് പലതവണ പരാതി കൊടുത്തിട്ടും മറുപടി അർഥ'ഗർഭ'മായ മൗനം മാത്രം!
Content Highlights: temporary employee in government department shares post on social media about discrimination during maternity leave
Published: 18 Jan 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented