ടെക്ക് കമ്പനികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദം വളരെ വലുതാണ്. അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാനും മീറ്റിങ്ങുകള്‍ക്കും മറ്റുമായി ദിവസത്തിന്റെ വലിയൊരു പങ്കും നഷ്ടമാകുന്നവരാണ് ടെക്കികള്‍. ഇപ്പോഴിതാ സ്ഥാനക്കയറ്റത്തിനായി ദിവസേന 14 മണിക്കൂറോളം ജോലി ചെയ്ത ഒരു ടെക് എക്‌സിക്യുട്ടീവ്, പ്രൊഫഷണല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ബ്ലൈന്‍ഡില്‍ പങ്കുവെച്ച സ്വന്തം അനുഭവം ഓരോ ടെക്കിയുടെയും കണ്ണുതുറപ്പിക്കുന്നതാണ്. പ്രൊമോഷനുവേണ്ടിയുള്ള ഈ കഠിനാധ്വാനത്തില്‍ അയാള്‍ക്ക് നഷ്ടമായത് സ്വന്തം വിവാഹജീവിതമായിരുന്നു.

To advertise here,

സ്ഥാനക്കയറ്റം നേടാനുള്ള കഠിനാധ്വാനം തന്റെ വിവാഹ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതായിരുന്നു ഇയാള്‍ ബ്ലൈന്‍ഡില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് ഒരു ദിവസം 14 മണിക്കൂര്‍ വരെ ഇയാള്‍ കമ്പനിക്കായി ജോലി ചെയ്തിരുന്നു. മൂന്നു വര്‍ഷത്തോളമാണ് ഇയാള്‍ ഇത്തരത്തില്‍ കഠിനാധ്വാനം ചെയ്തത്. ജോലിത്തിരക്കില്‍ കുടുംബത്തിലെ പ്രധാന നിമിഷങ്ങള്‍ പലതും നഷ്ടമായി. എങ്കിലും കരിയറില്‍ കാര്യങ്ങള്‍ ഇദ്ദേഹം വിചാരിച്ച പോലെ തന്നെ നടന്നു. 7.8 കോടിരൂപയെന്ന വമ്പന്‍ ശമ്പളത്തോടെ സീനിയര്‍ മാനേജരായി ഇദ്ദേഹം സ്ഥാനക്കയറ്റം നേടി. എന്നാല്‍ അപ്പോഴേക്കും ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടുകഴിഞ്ഞിരുന്നു.

''മൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ ജോലിക്കുചേരുന്നത്. നിരന്തരം പ്രൊമോഷന്‍ ചോദിച്ചുകൊണ്ടിരുന്ന ഒരു സ്റ്റുപ്പിഡ് സീനിയറായിരുന്നു ഞാന്‍. അതോടെ എന്റെ ജോലികളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. സ്ഥാനക്കയറ്റത്തിനുള്ള എന്റെ സാധ്യതകളും അതിനൊപ്പം വര്‍ധിച്ചു. ഒടുവില്‍ ഞാന്‍ സ്ഥിരമായി യൂറോപ്യന്‍ - ഏഷ്യന്‍ ടീമിനെ ഏകോപിപ്പിക്കുന്ന ഘട്ടത്തിലെത്തി. അതോടെ എന്റെ മീറ്റിങ്ങുകള്‍ രാവിലെ ഏഴു മണിക്ക് തുടങ്ങി രാത്രി ഒമ്പതു മണിവരെ നീളാന്‍ തുടങ്ങി.'' - പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഇയാള്‍ ബ്ലൈന്‍ഡില്‍ കുറിച്ചു. 

ദിവസം മുഴുവന്‍ മീറ്റിങ്ങുകളായതിനാല്‍ സ്വന്തം മകളുടെ ജനനനത്തിനു പോലും ഇയാള്‍ക്ക് ഭാര്യയുടെ അടുത്തുണ്ടാകാന്‍ സാധിച്ചില്ല. സമയമില്ലാത്തതിനാല്‍ തന്നെ പ്രസവശേഷം ഭാര്യ കടന്നുപോയ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അവസ്ഥയിലും അവളെ ഒന്ന് പിന്തുണയ്ക്കാനും ഇയാള്‍ക്ക് സാധിച്ചില്ല. ''എന്റെ മകള്‍ ജനിച്ച ദിവസം ഞാന്‍ മീറ്റിങ്ങിലായിരുന്നു. അതിനു ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും മുഴുവന്‍ സമയവും മീറ്റിങ്ങുകളിലായി. എന്റെ ഭാര്യ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോകുമ്പോഴും ഞാന്‍ മീറ്റിങ്ങുകളുടെ സമ്മര്‍ദത്തിലായിരുന്നു. അവള്‍ക്കൊപ്പം ഒരു തെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോകാന്‍ പോലും എനിക്ക് സാധിച്ചില്ല. ഒടുവില്‍ അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. ഇന്ന് എന്റെ പ്രൊമോഷന്‍ അംഗീകരിച്ചു എന്ന സന്തോഷവാര്‍ത്ത എനിക്കു ലഭിച്ചു. പക്ഷേ എനിക്ക് സന്തോഷമില്ല. ശൂന്യതയും നിസ്സംഗതയുമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.'' - അയാള്‍ കുറിപ്പ് അവസാനിപ്പിച്ചു.

കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ഈ കുറിപ്പിനോട് പലരും പ്രതികരിച്ചത്. സ്വന്തം കുഞ്ഞിന്റെ ജനനത്തിനു പോലും ഒപ്പമുണ്ടാകാന്‍ സാധിക്കാത്ത തരത്തിലുള്ള ജോലി എന്തിനാണെന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. ഇത് ഒരുതരം ഭ്രാന്താണെന്നും ചിലര്‍ വിമര്‍ശിച്ചു.