ക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ഭൂത് ബംഗ്ലാ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ താരമാണ് തബു. താൻ ഉൾപ്പെടെയുള്ള വനിതാ താരങ്ങൾ പ്രായത്തിന്റെ പേരിൽ നേരിടുന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്ന് പ്രതികരിക്കുകയാണ് ഇപ്പോൾ തബു.

To advertise here,

സ്ത്രീകളുടെ ജോലിക്ക് പകരം അവരുടെ പ്രായത്തെ കുറിച്ചാണ് ആളുകളുടെ ആശങ്കയെന്ന് തബു പറയുന്നു. 'അവർക്ക് നിങ്ങൾക്ക് മുന്നിൽ ഒരു കണ്ണാടി കാണിക്കണം. നിങ്ങളുടെ വീട്ടിൽ കണ്ണാടി ഇല്ല എന്നാണ് അവരുടെ വിചാരം. ഇത്തരം ചോദ്യങ്ങൾ നേരിടുന്നയാൾക്ക് പ്രായമായത് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴല്ല. ഞങ്ങൾ ഓരോ ദിവസവും ഇത് അനുഭവിക്കുന്നു. 20 വയസുള്ള ഒരാൾ അടുത്തദിവസം രാവിലെ ഉണരുമ്പോൾ 45 വയസുള്ള ആളാകുകയല്ല.' -തബു പറഞ്ഞു. ഹാർപർ ബസാർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.

സിനിമയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം പറയരുതെന്ന ഉപദേശം പണ്ട് പലപ്പോഴും ലഭിച്ചിരുന്നുവെന്നും തബു പറയുന്നു. 'ഒരു ചിത്രം നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ അതിന്റെ യഥാർഥ കാരണം പറയാൻ പാടില്ല. ഡേറ്റ് പ്രശ്‌നമാണെന്നോ മറ്റോ പറഞ്ഞ് ഒഴിഞ്ഞ് മാറണം. എനിക്ക് അത് മനസിലാകുന്നില്ല. എനിക്ക് ആ കഥ ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് തുറന്ന് പറയുക തന്നെ വേണം. ഞാൻ അത് പറഞ്ഞിട്ടുണ്ട്.' -തബു തുടർന്നു.

നാഗാർജുന അക്കിനേനിയുടെ 100-ാം ചത്രമായ കിങ് 100 എന്ന ചിത്രത്തിലാണ് തബു ഇപ്പോൾ അഭിനയിക്കുന്നത്. പല ചിത്രങ്ങളിലും തബുവും നാഗാർജുനയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി കിങ് 100-നുണ്ട്.