കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് അവന്‍ മയക്കത്തിലായിരുന്നു. തീവണ്ടിയുടെ ശബ്ദംകേട്ട് ഞെട്ടിയെഴുന്നേറ്റു. മെല്ലെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. വണ്ടി പതിയെ നീങ്ങുമ്പോള്‍ ഓടിക്കയറാന്‍ നോക്കിയ ഒരാളുടെ പുറകെ കുരച്ചുകൊണ്ട് ഓടിയടുത്തു, അയാളെ അതില്‍ കയറാന്‍ അനുവദിച്ചില്ല.

To advertise here,

സ്റ്റേഷനില്‍ ഇടയ്‌ക്കൊക്കെ കാണുന്ന കാഴ്ചയാണിത്. സ്റ്റേഷനില്‍ താമസമാക്കിയ, ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രിയപ്പെട്ട നായയാണ് പലപ്പോഴും അവരുടെ ജീവന് കാവലാവുന്നത്. 2015-നുമുന്‍പ് സ്റ്റേഷനിലെ ഒരു ടി.ടി.ആറിന്റെ കൂടെയാണ് നായ ഇവിടെ എത്തുന്നത്. അദ്ദേഹത്തിന്റെ പരിചരണയിലായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അവന്‍ സ്റ്റേഷന്‍ പരിസരം വിട്ടുപോയില്ല.

''യാത്രക്കാര്‍ നല്‍കുന്ന പാല്‍പ്പേടയും ബിസ്‌കറ്റുമൊക്കെ അധികമായി കഴിച്ച് അവന് തടികൂടി. അതുകൊണ്ടുതന്നെ പണ്ടത്തെപ്പോലെ ഉന്മേഷമില്ല. നല്ലവനാ...'' -പോര്‍ട്ടര്‍ മൊയ്തീന്‍കോയ പറഞ്ഞു. സ്റ്റേഷന്‍ പരിസരത്ത് മൂത്രമൊഴിച്ചു വൃത്തികേടാക്കില്ല. പാളം മുറിച്ചുകടക്കില്ല. കോണി കയറിയാണ് മറ്റു പ്ലാറ്റ്‌ഫോമിലേക്കുള്ള യാത്ര. ഞങ്ങളെപ്പോലെ ഒരു യൂണിയനിലുമില്ല. അവനൊറ്റയ്ക്കാണ് -അദ്ദേഹം ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

എന്താ പേരിടാത്തതെന്ന ചോദ്യത്തിന് അവനെ പേരെടുത്ത് വിളിക്കേണ്ടിവന്നിട്ടില്ലെന്ന് പോര്‍ട്ടറായ സിദ്ധാര്‍ഥന്‍. അവന്‍ എപ്പോഴും ഞങ്ങളുടെ കണ്ണിനു താഴെയുണ്ടാകാറുണ്ട്. അങ്ങ് ജപ്പാനിലെ 'ഹാച്ചിക്കോ'യെപ്പോലെ ചിലപ്പോള്‍ അവനും കാത്തിരിക്കുയായിരിക്കും അവന്റെ പ്രിയപ്പെട്ട ഉടമസ്ഥനെ -സിദ്ധാര്‍ഥന്‍ പറഞ്ഞുനിര്‍ത്തുന്നു.