കുഞ്ഞു കുഞ്ഞു ആശകളാണെങ്കിലും അതു നിറവേറ്റാന്‍ മറ്റൊരാളുടെ സഹായം തേടേണ്ടിവരുന്നവര്‍ക്കറിയാം അതിന്റെ വിഷമം. അത് തിരിച്ചറിയുകയും സാധിച്ചുകൊടുക്കുകയുമാണ് 'കടലാസ് സ്റ്റോറീസ്'
ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി, തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി ജീവിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് അല്‍പം സന്തോഷം പകരുക, മോഹങ്ങള്‍ സാധിച്ചുകൊടുത്ത് ചേര്‍ത്തുപിടിക്കുക എന്ന വലിയ ആഗ്രഹവുമായി കഴിയുന്ന എഴുതുന്നവരുടെയും വരയ്ക്കുന്നവരുടെയും കൂട്ടായ്മയാണ് 'കടലാസ് സ്റ്റോറീസ്'.

To advertise here,

2019-ല്‍ കോഴിക്കോട്ട് തുടങ്ങി ഡല്‍ഹിയിലേക്കും ദുബായിലേക്കും വളര്‍ന്ന കൂട്ടായ്മയില്‍ ഇരുനൂറിലേറെപ്പേരുണ്ട്. ഭിന്നശേഷിക്കാരായ ഒരുപാടുപേരുടെ വീടുകളിലെത്തി കൂട്ടുകൂടി കഥകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ച് സന്തോഷം പങ്കിട്ട് അല്പനേരം. അതാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. തങ്ങളാലാവുന്ന രീതിയില്‍ വയ്യാത്തവരെ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് ഹസീബ്, ബാസിത്ത്, ഹര്‍ഷക്ക് എന്നീ കൂട്ടുകാര്‍ ചേര്‍ന്ന് കടലാസ് സ്റ്റോറീസിന് തുടക്കമിട്ടത്.

മൈന്‍ഡ് ട്രസ്റ്റും കേരള ആര്‍ടിസ്റ്റും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ 'നിറക്കൂട്ട്', ഭിന്നശേഷിക്കാരുടെ ചിത്രപ്രദര്‍ശനം 'സ്വപ്നചിത്ര', ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ 'ക്യൂരിയോസ്' തുടങ്ങി ഒട്ടേറെ പരിപാടികളുടെ വിജയത്തിനുപുറകിലും കടലാസ് സ്റ്റോറീസിന്റെ പങ്കുണ്ട്. കോഴിക്കോട്ട് നടക്കുന്ന വിവിധ പൊതുപരിപാടികളിലുംമറ്റും ഭിന്നശേഷിക്കാര്‍ക്ക് സഹായത്തിനായി ഈ കൂട്ടമുണ്ട്. ഓരോ പരിപാടികള്‍ കഴിയുമ്പോഴും അംഗങ്ങളുടെ എണ്ണവും കൂടുന്നു.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഡോ. അര്‍ച്ചനാ വിജയനെ കടല്‍ കാണിച്ചതും ഭിന്നശേഷിക്കാരിയായ ആമിയോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതും മറക്കാനാവാത്ത അനുഭവവങ്ങളാണെന്ന് ബാസിത്ത് പറയുന്നു.

സ്വപ്‌നങ്ങളിലേക്ക് പറന്ന് 'മെയ്ക്ക് എ വിഷ്'

തങ്ങളുടെ ആശകള്‍ എന്നെങ്കിലും യാഥാര്‍ഥ്യമാകുമോയെന്നറിയാത്ത അസുഖബാധിതരായ 90,000-ത്തോളം കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ സാധ്യമാക്കിയ ഒരു സംഘടന ഇന്ത്യയിലുമുണ്ട്, 'മെയ്ക്ക് എ വിഷ് ഇന്ത്യ'.

2010-ല്‍ ബോണ്‍മാരോ കാന്‍സര്‍ ബാധിതനായ ജംഷേദ്പുര്‍ സ്വദേശി വരുണിനെ കാണാന്‍ അവന്റെ ഹീറോയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തി. നോണ്‍ ഹോഡ്കിന്‍ ലിംഫോമ ബാധിതനായ ഋഷഭിന്റെ പിറന്നാള്‍ദിനത്തില്‍ പിയാനോയില്‍ അവന്‍ ചിട്ടപ്പെടുത്തിയ പാട്ടുകേള്‍ക്കാന്‍ ഒരാളെത്തി. സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍...അങ്ങനെ കുറേ ആഗ്രഹങ്ങള്‍ സഫലമാക്കിയവര്‍.