ഉപ്പുതറ: ചിത്രരചന, ശിൽപ്പകല, ത്രെഡ് ആർട്ട്.. എല്ലാം ശ്രേയയുടെ കൈകളിൽ ഭദ്രം. അച്ചനും അമ്മയും സഹോദരിയും നൽകുന്ന പ്രോത്സാഹനമല്ലാതെ ശിൽപ്പകലയിലോ, ചിത്രരചനയിലോ ആധികാരികമായ പരിശീലനം ഇതുവരെ ശ്രേയയ്ക്ക് കിട്ടിയിട്ടില്ല. എന്നാൽ ഉപ്പുതറ ചേരിപ്പിനാട്ട് ജോബിന്റെയും ഷൈലയുടെയും മകൾ ശ്രേയയുടെ ഭാവനയും കരവിരുതും ഒത്തുചേരുമ്പോൾ മനോഹരചിത്രങ്ങളും ശിൽപ്പങ്ങളും പിറവികൊള്ളും.

To advertise here,

ഉപ്പുതറ സെയ്ന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രേയ. കാതലുള്ള വേരുകൾ കിട്ടിയാൽ ശ്രേയ അത് പാമ്പ്- പക്ഷിമൃഗാദികളുടെ മനോഹര ശില്പങ്ങളാക്കും. പെൻസിലും പേപ്പറും കൈയ്യിൽ കിട്ടിയാൽ അതിൽ ജീവൻ തുടിക്കുന്ന ചിത്രം വരയ്ക്കും. കുഞ്ഞുന്നാളിൽ തുടങ്ങിയ കലാവൈഭവത്തെ വീട്ടുകാർ മതിയായ പ്രോത്സാഹനം നൽകി. സ്കൂളിൽനിന്ന് വീട്ടിലെത്തി അന്നത്തെ പഠനം കഴിഞ്ഞാലുടൻ ചിത്ര-ശില്പരചനയിൽ ശ്രദ്ധയൂന്നും. അതിനിടെ അമ്പലപ്പാറ സ്വദേശി നിർമിച്ച ത്രഡ് ആർട്ട് കാണാനിടയായി.

ത്രഡ് ആർട്ടിൽ ആകൃഷ്ടയായ ശ്രേയ അതിലും ഒരു കൈ പയറ്റാൻ തീരുമാനിച്ചു. ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ഫ്രെയിം, നൂല് തുടങ്ങിയ സാമഗ്രികൾ ജോബ് വാങ്ങിക്കൊടുത്തു. മൂന്നുദിവസംകൊണ്ട് ഒരാളുടെ ചിത്രം ത്രെഡ് ആർട്ടിലൂടെ ശ്രേയ പൂർത്തിയാക്കി. നടൻ ദുൽഖർ സൽമാന്റെ ചിത്രം ത്രെഡ് ആർട്ടിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പൂർത്തിയാക്കുന്ന ചിത്രമോ, ശില്പമോ, ത്രെഡ് ആർട്ടോ എന്തുമാകട്ടെ വിൽക്കുന്നതിഷ്ടമില്ല. പകരം തന്റെ കലാവിരുത് ഇഷ്ടപ്പെടുന്നവർക്ക് സമ്മാനമായി നൽകാനാണ് ശ്രേയയ്‌ക്കിഷ്ടം.

പ്ലസ്ടുവിന് ശേഷം ചിത്ര-ശിൽപ്പകലയിൽ ഉന്നത ബിരുദം നേടണമെന്നാണ് ശ്രേയയുടെ താത്പര്യം. അതാണ് വീട്ടുകാർക്കും ഇഷ്ടം. അതിനിടെയിൽ മനസ്സിലുള്ള ഭാവനയിൽ കുറെയേറെ ചിത്രങ്ങളും ശിൽപ്പങ്ങളും പൂർത്തിയാക്കണം. അതിന്റെ പണിപ്പുരയിലാണ് ശ്രേയ. സഹോദരി സ്നേഹ.