താൻ എന്തുകൊണ്ട് അഭിനയരംഗം തിരഞ്ഞെടുത്തില്ലെന്ന് വ്യക്തമാക്കി നിർമാതാവും രജിനികാന്തിന്റെ മകളുമായ സൗന്ദര്യ. തന്റെ പിതാവിന്റെ ഉപദേശമാണ് അതിന് പിന്നിലെന്നും താനോ സഹോദരിയോ ക്യാമറയുടെ മുന്നിൽ വരുന്നതിനോട് രജിനികാന്തിന് താത്പര്യമില്ലായിരുന്നുവെന്നും അവർ പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗന്ദര്യ.

To advertise here,

'അപ്പയ്ക്ക് ഇത്രയും അനുഭവപരിചയമുണ്ടെങ്കിലും ഞാനോ സഹോദരിയോ ക്യാമറയ്ക്ക് മുന്നിൽ വരുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. സിനിമയിൽ നായികമാർ നേരിടുന്ന പ്രയാസങ്ങൾ തന്നെയായിരുന്നു അതിന് കാരണം. പ്രത്യേകിച്ച് ഇന്ത്യൻ സിനിമയിൽ നായികമാരെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. നായകന് കിട്ടുന്ന സ്‌ക്രീൻ സ്‌പെയ്‌സിനേക്കാൾ വളരെ കുറവായിരുന്നു നായികയ്ക്ക് കിട്ടിയത്.

അതുകൊണ്ട് ഞങ്ങൾക്ക് അത്തരമൊരു ജീവിതരീതി ഉണ്ടാകുന്നത് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഞങ്ങളുടെ മാനസികമായ സന്തോഷത്തിനാണ് അച്ഛൻ പ്രാധാന്യം നൽകിയത്. ചെറുപ്പത്തിൽ ചില നല്ല ഓഫറുകൾ എനിക്ക് വന്നിരുന്നു. എന്നാൽ എനിക്കും എന്റെ സഹോദരിക്കും അഭിനയിക്കാൻ ഒരു ആഗ്രഹവും ഇല്ലായിരുന്നു. അച്ഛന്റെ ഉപദേശം ഞങ്ങൾ ഗൗരവമായി എടുത്തു. ക്രിയേറ്റീവ് ആയിരിക്കാനും ക്യാമറയുടെ പിന്നിൽ നിന്ന് പ്രവർത്തിക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്.'-സൗന്ദര്യ പറയുന്നു.

അച്ഛൻ ഒരു സാധാരണക്കാരനാണെന്ന് കരുതിയ കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ഓർമയുള്ള കാലം മുതൽ അദ്ദേഹം വളരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും ആളുകൾ അദ്ദേഹത്തെ ആഘോഷിക്കുന്നുണ്ടെന്നും താൻ മനസിലാക്കിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു.

രജിനികാന്ത് തന്റെ സ്വാഭാവിക രൂപത്തിൽ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നു അവർ ചൂണ്ടിക്കാട്ടുന്നു. 'സ്വന്തം രൂപഭാവത്തിൽ ഇത്ര ആത്മവിശ്വാസമുള്ള വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. അപ്പ എന്തുചെയ്താലും അത് സ്റ്റൈലിഷായിരിക്കും. ചിലപ്പോഴൊക്കെ ഒരു മകളേക്കാൾ ഞാൻ അദ്ദേഹത്തിന്റെ ആരാധികയായി മാറും'-സൗന്ദര്യ പറയുന്നു.കുട്ടിക്കാലത്ത് തിയേറ്ററിൽ കണ്ട രജിനികാന്തിന്റെ ആദ്യ ചിത്രം ദളപതിയാണെന്നും അന്ന് അവിടെയുണ്ടായ ആർപ്പുവിളികളുടെ ഓർമകൾ ഇന്നും മനസിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.