തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളില്‍ ഒന്നായ റോള്‍സ് റോയിസ് സ്‌പെക്ടര്‍ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ച് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. എന്റെ ജീവനായ നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീ പിറന്ന ഈ ദിനം തന്നെ ഒരു വരമാണ് എന്ന കുറിപ്പോടെ വിഘ്‌നേഷ് തന്നെയാണ് പിറന്നാള്‍ സമ്മാനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

മുന്‍പും നയന്‍താരയുടെ പിറന്നാളിന് അദ്ദേഹം വാഹനം സമ്മാനമായി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ മെഴ്‌സിഡീസ് ബെന്‍സ് മെയ്ബ ജിഎല്‍എസ് 600 ആയിരുന്നു മുമ്പ് നല്‍കിയ പിറന്നാള്‍ സമ്മാനം. മൂന്ന് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ഈ വാഹനം ഇന്ത്യയില്‍ എത്തിയതിന് പിന്നാലെയാണ് നയന്‍താരയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമായി ഈ വാഹനം നല്‍കിയത്. എന്നാല്‍, ഇത്തവണ നല്‍കിയ സമ്മാനത്തിന് 9.5 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 10 കോടി കടക്കും.

റോള്‍സ് റോയിസിന്റെ ആര്‍കിടെക്ചര്‍ ഓള്‍ ലക്ഷ്വറി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള സ്‌പെക്ടര്‍ എസ്‌യുവിയുടെ പെര്‍ഫോമെന്‍സ് പതിപ്പാണ് ബ്ലാക്ക് ബാഡ്ജ്. ത്രീ ഡോര്‍ ഫോര്‍ സീറ്റര്‍ കൂപ്പെ മോഡലാണിത്. റോള്‍സ് റോയിസിന്റെ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഫീച്ചറുകളിലും ഫാന്റത്തിന്റെ പാത പിന്തുടര്‍ന്നിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഇല്ലുമിനേറ്റഡ് ഗ്രില്ല്, നേര്‍രേഖ പോലെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍, മറ്റ് റോള്‍സ് റോയിസ് മോഡലിലേത് പോലെയുള്ള ഹെഡ്‌ലാമ്പ്, ആര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള വീലുകള്‍ എന്നിങ്ങനെയാണ് ഡിസൈന്‍.

ഇരട്ട നിറം നല്‍കിയാണ് ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. ബോഡി കളറിന്റെ തുടര്‍ച്ച അകത്തളത്തിലേക്ക് നല്‍കുന്നതിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് നിറങ്ങളിലെ മെറ്റീരിയലുകളും ചേര്‍ന്നാണ് ഇന്റീരിയറിന് അഴകേകുന്നത്. സീറ്റിലെ പൈപ്പിങ്ങ്, ഹെഡ്‌റെസ്റ്റില്‍ നല്‍കിയിട്ടുള്ള ബാഡ്ജിങ്ങ് എന്നിവയ്ക്ക് വേറിട്ട നിറവും നല്‍കിയിട്ടുണ്ട്. റോള്‍സ് റോയിസിന്റെ മറ്റ് മോഡലുകളിലേത് പോലെ 4796 തിളങ്ങുന്ന നക്ഷത്രങ്ങള്‍ നല്‍കിയാണ് റൂഫ് ഒരുങ്ങിയിരിക്കുന്നത്.

റോള്‍സ് റോയിസിന്റെ മറ്റ് മോഡലുകളെ പോലെ തന്നെ കരുത്തും ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. ഇരട്ട മോട്ടോറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മുന്നില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 255 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കുമേകും. പിന്നില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 483 ബി.എച്ച്.പി. പവറും 710 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 4.4 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്.

ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള മറ്റൊരു സവിശേഷത. 102 കിലോവാട്ട് അവര്‍ ശേഷിയാണ് ഇതിലെ ബാറ്ററിക്കുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. 195 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.