സിനിമാതാരങ്ങളോടുള്ള ആരാധന അതിരുകടക്കുമ്പോൾ അത് വ്യക്തിജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് പ്രശസ്ത നടി സോനം ബാജ്വ അടുത്തിടെ പങ്കുവെച്ച ഒരു സംഭവം. സോഫി ചൗധരി അവതരിപ്പിക്കുന്ന ആമസോൺ എംഎക്‌സ് പ്ലെയറിലെ 'ഫേമസ്ലി ഫിറ്റ് വിത്ത് സോഫി' എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഈ കൗതുകകരമായ അനുഭവം തുറന്നുപറഞ്ഞത്.

To advertise here,

ഒരിക്കൽ ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്ന് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. ആ പെൺകുട്ടിയുടെ വിവാഹനിശ്ചയം മുടങ്ങാൻ കാരണം താനാണെന്നായിരുന്നു ആരാധികയുടെ അപ്രതീക്ഷിത വെളിപ്പെടുത്തൽ. അത് കേട്ട് താൻ അമ്പരന്നുപോയെന്ന് സോനം പറഞ്ഞു.

പിന്നീട് പെൺകുട്ടി കാര്യങ്ങൾ കൂടുതൽ വിശദമാക്കി, അവളെ വിവാഹം ചെയ്യാനിരുന്നയാൾക്ക് സോനത്തിനോട് കടുത്ത ആരാധനയും ആവേശവുമായിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പ്രതിശ്രുത വധുവും സോനത്തിനെ പോലെ തന്നെയായിരിക്കണമെന്നും നടിയേപോലുള്ള ശരീരപ്രകൃതി ഉണ്ടായിരിക്കണമെന്നും ആഗ്രഹിച്ചും. ഇക്കാര്യം പറഞ്ഞ് അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. പങ്കാളിയിൽ നിന്നുള്ള അനാവശ്യമായ ഈ സമ്മർദ്ദം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ ആ വിവാഹ ബന്ധത്തിൽ നിന്ന് പിൻമാറിയതെന്ന് പെൺകുട്ടി വ്യക്തമാക്കി.

 

 

എന്നാൽ ഇപ്പോൾ ആ പെൺകുട്ടി മറ്റൊരാളുമായി വിവാഹം കഴിഞ്ഞു. തന്നെ യഥാർത്ഥ രൂപത്തിൽ സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ ലഭിച്ചതിൽ താൻ സന്തുഷ്ഠയാണെന്ന് അവൾ തന്നോട് പറഞ്ഞുവെന്നും അത് കേട്ടപ്പോൾ തനിക്കും സന്തോഷമായെന്നും സോനം പറഞ്ഞു.

മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചയാളാണ് സോനം ബാജ്വ. 2012 ലെ ഫെമിന മിസ്സ് ഇന്ത്യയിൽ പങ്കെടുത്ത സോനം,അതേ വർഷം തന്നെ 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന പഞ്ചാബി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചു. 2014-ൽ പുറത്തിറങ്ങിയ 'പഞ്ചാബ് 1984' എന്ന ചിത്രമാണ് താരത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. തുടർന്ന് 'നിക്ക സെയ്ൽദാർ', 'ക്യാരി ഓൺ ജട്ട 3', 'സർദാർ ജി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പഞ്ചാബി സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി അവർ മാറി.

പ്രാദേശിക സിനിമകൾക്ക് പുറമെ ബോളിവുഡിലും സോനം തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. 'സ്ട്രീറ്റ് ഡാൻസർ 3ഡി', 'കരം യുദ്ധ്' തുടങ്ങിയവയ്ക്ക് പുറമെ, അടുത്തിടെ പുറത്തിറങ്ങിയ 'ഹൗസ്ഫുൾ 5', 'ഏക് ദീവാനേ കി ദീവാനിയത്ത്' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും, ചില തമിഴ്-തെലുങ്ക് പ്രോജക്റ്റുകളിലും സോനം അഭിനയിച്ചിട്ടുണ്ട്.