കഴിഞ്ഞ ജൂണിലാണ് ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

To advertise here,

ഇപ്പോഴിതാ അമ്മ പൂനം സിന്‍ഹയുടെ കര്‍ക്കശ സ്വഭാവത്തെ കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് സൊനാക്ഷി. വിവാഹത്തിന് മുമ്പ് രാത്രി 1.30-നുള്ളില്‍ വീട്ടില്‍ കയറണമായിരുന്നുവെന്നും അക്കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരപുത്രി പറയുന്നു. ഹൊട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ബോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയശേഷവും 1.30നുള്ളില്‍ വീട്ടിലെത്തണമായിരുന്നു. എനിക്ക് 32 വയസായപ്പോഴും ഇതു തന്നെയായിരുന്നു സാഹചര്യം. പലപ്പോഴും സഹീറിനുവേണ്ടി ഞാന്‍ അമ്മയുടെ നിര്‍ദേശങ്ങള്‍ പാലിക്കില്ല. വീട്ടില്‍ വൈകിയെത്തും. അന്ന് 10 നിലകളുള്ള 'രാമായണ' എന്ന അപാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. 

ഞാന്‍ പത്താം നിലയിലും അമ്മ അഞ്ചാം നിലയിലുമായിരുന്നു. ഞങ്ങള്‍ക്ക് ജാ എന്ന് പേരുള്ള ഒരു ടെലിഫോണ്‍ ഓപ്പറേറ്ററുണ്ടായിരുന്നു. എന്റെ കാര്‍ വീട്ടുമുറ്റത്ത് എത്തുന്ന സമയം അയാള്‍ അമ്മയെ വിളിച്ച് ഞാന്‍ വന്ന കാര്യം അറിയിക്കും. ചില ദിവസങ്ങളില്‍ ഞാന്‍ വന്ന കാര്യം അമ്മയോട് പറയരുതെന്ന് ഞാന്‍ ജായെ ചട്ടംകെട്ടും. പിറ്റേദിവസം അമ്മ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നേരത്തെ വന്നു എന്ന് ഞാന്‍ കള്ളം പറയും. എല്ലാ വീട്ടിലും സംഭവിക്കുന്ന അതേ കാര്യം. 

നേരം വൈകി വരുന്നത് നല്ല സ്വഭാവമല്ലെന്നും അച്ഛന്‍ എന്ത് വിചാരിക്കുമെന്നും അമ്മ എന്നോട് പറയും. നേരം വൈകി വന്ന കാര്യം അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തും. എന്നാല്‍ എന്റെ അച്ഛന്‍ എന്നെ ഒരിക്കലും ചീത്ത പറഞ്ഞിട്ടില്ല.'-സൊനാക്ഷി പറയുന്നു. 

ഇസ്ലാം മതവിശ്വാസത്തിലേക്ക് മാറാന്‍ സഹീറിന്റെ കുടുംബത്തില്‍നിന്ന് തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സൊനാക്ഷി വ്യക്തമാക്കുന്നു. 'ഞാനും സഹീറും മതവിശ്വാസത്തെ കുറിച്ച് ആലോചിക്കാറേയില്ല. പരസ്പരം സ്‌നേഹിച്ച് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച രണ്ട് വ്യക്തികള്‍ മാത്രമാണ് ഞങ്ങള്‍. സഹീറിന്റെ മതവിശ്വാസം അദ്ദേഹം എന്നില്‍ ഒരിക്കലും അടിച്ചേല്‍പിച്ചിട്ടില്ല. ഞാന്‍ എന്റെ വിശ്വാസം സഹീറിലും അടിച്ചേല്‍പിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ ഇതൊരു ചര്‍ച്ച പോലും ആയിരുന്നില്ല.'-സൊനാക്ഷി വ്യക്തമാക്കുന്നു.