രു താരവിവാഹത്തിനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്. ശനിയാഴ്ച മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കും. ഇതിന് മുന്നോടിയായി പ്രി വെഡ്ഡിങ് ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

To advertise here,

സൊനാക്ഷിയുടേയും സഹീറിന്റേയും കുടുംബാംഗങ്ങളെയെല്ലാം ഈ ചിത്രങ്ങളില്‍ കാണാം. സഹീറിന്റെ പിതാവ് ഇഖ്ബാല്‍ രതനാസി, സഹീറിന്റെ സഹോദരിയും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ സനം രതനാസി, സൊനാക്ഷിയുടെ പിതാവും നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ, മാതാവും നടിയുമായ പൂനം സിന്‍ഹ എന്നിവരെല്ലാം ചിത്രത്തിലുണ്ട്. എന്നാല്‍ സൊനാക്ഷിയുടെ സഹോദരന്‍മാരായ ലവ് സിന്‍ഹ, ഖുശ് സിന്‍ഹ എന്നിവര്‍ ചിത്രത്തിലില്ല. ഇരുവരും ഈ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് മാറിനില്‍ക്കുന്നത് എന്നുമാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ശത്രുഘ്‌നന്‍ സിന്‍ഹയും പൂനവും വിവാഹത്തില്‍ പങ്കെടുക്കില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഹീര്‍ ഇഖ്ബാല്‍ വ്യത്യസ്ത മതത്തില്‍പെട്ട വ്യക്തിയായതിനാലാണ് സൊനാക്ഷിയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ശത്രുഘ്‌നന്‍ സിന്‍ഹയും പൂനവും സഹീറിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

placeholder
sonakshi
സഹീര്‍ ഇഖ്ബാലിന്റെ കുടുംബത്തോടൊപ്പം സൊനാക്ഷി സിന്‍ഹ | Photo: instagram/ sanam ratansi

ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സഹീറിന്റെ പിതാവ് ഇഖ്ബാല്‍ രതനാസി. വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി സിന്‍ഹ മതപരിവര്‍ത്തനം നടത്തുകയില്ലെന്നും ഇഖ്ബാല്‍ വ്യക്തമാക്കി. 'തീര്‍ച്ചയായും അവര്‍ മതപരിവര്‍ത്തനം നടത്തുകയില്ല. അവരുടേത് ഹൃദയങ്ങളുടെ ഒരുമിക്കലാണ്. അതില്‍ മതത്തിന് പ്രസക്തിയില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദു മതവിശ്വാസികള്‍ ഭഗവാന്‍ എന്നും ഇസ്ലാം മതവിശ്വാസികള്‍ അള്ളാഹു എന്നും വിളിക്കുന്നു. ആത്യന്തികമായി നമ്മളെല്ലാവരും മനുഷ്യരാണ്. സൊനാക്ഷിക്കും സഹീറിനും എന്റെ എല്ലാ അനുഗ്രങ്ങളുമുണ്ടാകും.'-ഇഖ്ബാല്‍ വ്യക്തമാക്കുന്നു.

രജിസ്റ്റര്‍ വിവാഹം തീര്‍ത്തും സ്വകാര്യമായിട്ടായിരിക്കും നടത്തുക. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള സഹീറിന്റെ വീട്ടിലായിരിക്കും വിവാഹമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുശേഷം മുംബൈയിലെ ബാസ്റ്റിയനില്‍ രാത്രിയില്‍ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി റിസപ്ഷനും നടത്തും. രാത്രി എട്ടുമുതലാണ് ആഘോഷങ്ങള്‍ തുടങ്ങുക.

ഫോര്‍മല്‍ ആന്‍ഡ് ഫെസ്റ്റീവ് എന്നതാണ് റിസപ്ഷന്റെ ഡ്രസ്സ് കോഡ്. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഇതിനോടൊപ്പം നിര്‍ദേശമുണ്ട്.  സൊനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സൊനാക്ഷിയുടെ ജുഹുവിലെ 'രാമായണ' എന്ന വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. വിവാഹശേഷവും ഇരുവരും അവിടെ തുടരുമെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ഛന്‍ തന്റെ കാര്യത്തില്‍ കൂടുതല്‍ സ്വാര്‍ഥനാണെന്നും വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ സമ്മതിക്കില്ലെന്നും നേരത്തെ അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞിരുന്നു. അച്ഛന്റെ കൂടെ താന്‍ എപ്പോഴും വേണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും സൊനാക്ഷി വ്യക്തമാക്കിയിരുന്നു. 

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സൊനാക്ഷി ഒടുവില്‍ അഭിനയിച്ചത്. സല്‍മാന്‍ ഖാന്‍ നിര്‍മിച്ച് 2019-ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ ഇഖ്ബാല്‍ സിനിമയില്‍ അരങ്ങേറിയത്. ഡബിള്‍ എക്സ് എല്‍, കിസി കാ ഭായ് കിസി കി ജാന്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഇതില്‍ ഡബിള്‍ എക്സ് എല്‍ എന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയും ഒരു പ്രധാനകഥാപാത്രമായുണ്ടായിരുന്നു.