
ഇന്ത്യൻ വൈവാഹിക ജീവിതം പലപ്പോഴും കുടുംബവും സുഹൃത്തുക്കളും കൂടി ചേർന്നതാണ്. പങ്കാളിയുടെ സഹോദരങ്ങളും സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സാഹചര്യങ്ങളിൽ വേർപിരിയൽ ചിലരെ ബാധിച്ചേക്കാം.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനും അമൃത സിങ്ങും 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ലാണ് വേർപിരിയുന്നത്. വേർപിരിഞ്ഞ സംഭവം കുടുംബന്ധത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സെയ്ഫിൻ്റെ സഹോദരി സോഹ അലി ഖാൻ. അമൃതയുമായി അടുത്ത ബന്ധം സോഹ സൂക്ഷിച്ചിരുന്നു. നയൻദീപ് രാക്ഷിത്തുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് സോഹ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അമൃതയുമായുള്ള ബന്ധം
വിവാഹബന്ധം വേർപെടുത്തിയതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അമൃത സിങ്ങുമായി താൻ പുലർത്തിയിരുന്ന അടുപ്പം സോഹ ഓർത്തെടുത്തു. ഒരു വിവാഹം അവസാനിക്കുമ്പോൾ, കുടുംബങ്ങൾക്കും മാറ്റത്തിൻ്റെയും പൊരുത്തപ്പെടുത്തലിൻ്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരുമെന്ന് സോഹ പറഞ്ഞു.
"എന്നെ സംബന്ധിച്ചിടത്തോളം, അമൃത എൻ്റെ വീട്ടിൽ എന്നോടൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ്. എൻ്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു, ഫോട്ടോഷൂട്ടുകൾക്ക് കൊണ്ടുപോയി, നിരവധി കാര്യങ്ങൾ ചെയ്തുതന്നിരുന്നു’ സോഹ കൂട്ടിച്ചേർത്തു.
സെയ്ഫിൻ്റെയും അമൃതയുടെയും ബന്ധം അവസാനിച്ചപ്പോൾ തങ്ങൾക്കും പല കാര്യങ്ങളും മനസ്സിലാക്കി മാറ്റങ്ങൾ അംഗീകരിക്കാൻ സമയം വേണ്ടിവന്നെന്നും അവർ പറയുന്നുണ്ട്. ‘ആദ്യം ഒരു സമവായത്തിലെത്താൻ അവരെ അനുവദിച്ചു, ശേഷം ഇരുവർക്കും സ്വന്തമായി വേണ്ടതെന്താണെന്ന് കണ്ടെത്താനുള്ള സമയം നൽകി. ഇത്തരത്തിൽ പല ഘട്ടത്തിലൂടെയും തങ്ങൾ കടന്നുപോയിട്ടുണ്ട്. വിവാഹമോചനം നടക്കുന്ന സമയത്ത് സാറയും ഇബ്രാഹിമും വളരെ ചെറുതായിരുന്നു. സാറയ്ക്ക് ഒമ്പതും ഇബ്രാഹിമിന് മൂന്നും വയസ്സായിരുന്നു അന്ന്. കുട്ടികളെല്ലാം ഇപ്പോൾ വളർന്നു’ –സോഹ പറയുന്നു.
സെയ്ഫിൻ്റെയും അമൃതയുടെയും വിവാഹജീവിതം
സെയ്ഫും അമൃതയും 1990-കളുടെ തുടക്കത്തിലാണ് കണ്ടുമുട്ടുന്നത്. അമൃതയ്ക്ക് സെയ്ഫിനേക്കാൾ 12 വയസ്സ് കൂടുതലായിരുന്നു. പ്രണയത്തിലായിരുന്ന താരങ്ങൾ 1991-ലാണ് വിവാഹിതരാകുന്നത്. സെയ്ഫിൻ്റെ അഭിനയരംഗത്തെ തുടക്കകാലത്തായിരുന്നു വിവാഹം. എന്നാൽ അമൃത, ബേതാബ്, ചമേലി കി ഷാദി പോലുള്ള സിനിമകളിലെ ശക്തമായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയ ആയിരുന്നു.
2012-ൽ സെയ്ഫും കരീന കപൂറും വിവാഹിതരായി. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. അമൃത സൈഫിൻ്റെ കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാറില്ലെങ്കിലും സാറയും ഇബ്രാഹിമും ആഘോഷദിവസങ്ങളിൽ അച്ഛനും കുടുംബാംഗങ്ങൾക്കുമൊപ്പം ചേരാറുണ്ട്.
Published: 08 Oct 2025, 02:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented