പോയവർഷം ജീവിതത്തിൽ അനുഭവിച്ച വൈകാരിക ഉയർച്ച താഴ്ചകളുടെ പ്രതിഫലനംതന്നെയായിരുന്നു അതെന്ന് സൂചിപ്പിക്കും വിധമാണ് വീഡിയോ.

2025 ഔദ്യോഗികമായും വ്യക്തിപരമായും സ്മൃതി മന്ദാനയ്ക്ക് അവിസ്മരീണയമായ വർഷമായിരുന്നു. നവംബർ 2-ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടിയപ്പോൾ സ്മൃതി ചരിത്രത്തിൽ ഇടം നേടി. രാജ്യം മുഴുവൻ അഭിമാനിച്ച നിമിഷമായിരുന്നു അത്.
ദിവസങ്ങൾക്ക് ശേഷമാണ് സംഗീത സംവിധായകൻ പാലാഷ് മുഛലുമായി സ്മൃതിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടന്നത്. നവംബർ 23-ന് നടത്താനിരുന്ന ഇരുവരുടെയും വിവാഹം വലിയ പൊതുശ്രദ്ധ നേടിയിരുന്നു. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ഒടുവിൽ റദ്ദാക്കപ്പെട്ടു.
2025 അവസാനിക്കവെ പോയ വർഷത്തെ തന്റെ ഓർമച്ചിത്രങ്ങൾ ഉൾപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണിപ്പോൾ സ്മൃതി മന്ദാന. ഡിസംബർ 31-നാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങൾ, കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങൾ, ഫിറ്റ്‌നസ് ദിനചര്യ, സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും മറ്റും സ്മൃതി മനപ്പൂർവം ഒഴിവാക്കി.
ഇതിൽ ശ്രദ്ധ നേടിയത് വീഡിയോയുടെ അവസാനം നൽകിയ ഒരു ഉദ്ധരണിയാണ്. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറഞ്ഞ വാക്കുകളായിരുന്നു അത്. 'മഹത്തായൊരു കാര്യം സംഭവിക്കുന്നതിനുമുമ്പ് എല്ലാം തകർന്നില്ലാതാകാം. അതിനാൽ കാത്തിരിക്കുക'- ശ്രീകൃഷ്ണൻ, എന്നായിരുന്നു ആ വാചകം. സ്മൃതി പങ്കുവെച്ച വീഡിയോയും ഈ സന്ദേശവും പെട്ടെന്നു തന്നെ ശ്രദ്ധ നേടി. പോയവർഷം തന്റെ ജീവിതത്തിൽ അനുഭവിച്ച വൈകാരിക ഉയർച്ച താഴ്ചകളുടെ പ്രതിഫലനംതന്നെയായിരുന്നു അതെന്ന് സൂചിപ്പിക്കും വിധമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
നിരവധിപ്പേരാണ് സ്മൃതി മന്ദാനയ്ക്ക് പിന്തുണയുമായി വീഡിയോയിൽ കമന്റ് ചെയ്തത്. 2025-ലെ രാജ്ഞിയാണ് സ്മൃതിയെന്നും വിജയങ്ങളും ട്രോഫികളും ഇനി വരാനിരിക്കുകയാണെന്നും ആളുകൾ പ്രതികരിച്ചു. ഞങ്ങൾ താങ്കളിൽ അഭിമാനിക്കുന്നുവെന്നും തന്നെ ബഹുമാനിക്കാത്തവരെ ഒഴിവാക്കുന്നത് മികച്ച വീക്ഷണമാണെന്നും ആരാധകർ കുറിച്ചു.
ഡിസംബർ 7-ന്, പാലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയെന്ന് സ്മൃതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ചിരുന്നു. 'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്, ഈ സമയത്ത് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അങ്ങനെതന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷെ വിവാഹം റദ്ദാക്കിയെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളെല്ലാവരും അതുപോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും, കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് മുന്നോട്ട് പോകാനും ഞങ്ങൾക്ക് ഇടം നൽകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു', സ്മൃതി മന്ദാന എഴുതി.
'നമ്മെ എല്ലാവരെയും നയിക്കുന്ന ഒരു വലിയ ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, എനിക്ക് അത് എപ്പോഴും എന്റെ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുക എന്നതാണ്. ഇന്ത്യക്കായി ദീർഘകാലം കളിക്കാനും ട്രോഫികൾ നേടാനും ഞാൻ പ്രതീക്ഷിക്കുന്നു, അവിടെയായിരിക്കും എന്റെ ശ്രദ്ധ എപ്പോഴും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമാണിത്', ഇതേ കുറിപ്പിൽ താരം കുറിച്ചു.
സ്മൃതിയും പാലാഷും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ലോകകപ്പ് നേടിയ DY Patil സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് സ്മൃതിയെ പ്രൊപ്പോസ് ചെയ്തത്. ഇതിന്റെയും മെഹന്തി, സംഗീത് ചടങ്ങുകളുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സ്മൃതിയുടെ ജന്മനാടായ സാങ്‌ലിയിൽ നടക്കേണ്ടിയിരുന്ന വിവാഹം, താരത്തിന്റെ പിതാവ് ശ്രീനിവാസ് മന്ദാനയെ അസുഖത്തെ തുടർന്ന് ആശുപത്രിയിലാക്കിയതിനെത്തുടർന്ന് ആദ്യം മാറ്റിവെച്ചു. അതിനുശേഷം, പാലാഷ് മുഛലിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും ഊഹാപോഹങ്ങളും ഉയർന്നു. ഒടുവിൽ സ്മൃതിയും പാലാഷും വ്യക്തിപരമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുകയും വിവാഹത്തിൽനിന്ന് പിന്മാറുന്നതായി അറിയിക്കുകയും ചെയ്യുകയായിരുന്നു.
Content Highlights: Indian cricketer Smriti Mandhana shares a profound Bhagavad Gita quote from Lord Krishna in her year-end post, following the cancellation of her wedding to Palaash Muchhal.
Published: 01 Jan 2026, 07:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented