മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന എസ്.എം. കൃഷ്ണ(92) വിടപറഞ്ഞിരിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

To advertise here,

കര്‍ണാടക രാഷ്ട്രീയത്തിലെ അതികായകനായിരുന്നു എസ്.എം. കൃഷ്ണ. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടെയും ടെന്നീസ് കളിക്കാനും മത്സരങ്ങള്‍ കാണാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയനേതാവ് കൂടിയായിരുന്നു അദ്ദേഹം. വെറുമൊരു വ്യായാമം എന്നതിലുപരി രാഷ്ട്രീയജീവിതത്തിന്റെ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാനിക്കുള്ള ഉപാധി കൂടിയായിരുന്നു അദ്ദേഹത്തിന് ടെന്നീസ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ടെന്നീസ് കളിക്കാനായി സമയം കണ്ടെത്തിയിരുന്നു. 

ടെന്നീസിനൊപ്പം സംഗീതാസ്വാദനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിനോദം. പ്രമുഖ സംഗീതജ്ഞരായ എം.എസ്. സുബ്ബലക്ഷ്മി, ഭീംസെൻ ജോഷി, ലാല്‍ഗുഡി ജയരാമന്‍ തുടങ്ങിയവരുടെ കച്ചേരികള്‍ നേരിട്ട് കേള്‍ക്കാനും എസ്.എം. കൃഷ്ണ സമയം കണ്ടെത്തിയിരുന്നു. 

ടെന്നീസിനൊപ്പം യോഗയില്‍ തത്പരനായിരുന്ന എസ്.എം. കൃഷ്ണ യാത്രകള്‍ ചെയ്യാനും ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. പരന്ന വായനയും അദ്ദേഹത്തിനുണ്ടായിരുന്നു. സിങ്കപ്പൂരിനുള്ള ഇന്ത്യയുടെ മറുപടി എന്ന നിലയിലാണ് അദ്ദേഹം ബെംഗളൂരു നഗരത്തിന്റെ വികസനത്തിന് ചുക്കാന്‍പിടിച്ചത്. ബെംഗളൂരുവിന്റെ വികസനത്തിനായി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും പ്രശംസനീയമായിരുന്നു. 

1932-ല്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സോമനഹള്ളി ഗ്രാമത്തിലായിരുന്നു എസ്.എം. കൃഷ്ണയുടെ ജനനം. മൈസൂരു മഹാരാജാസ് കോളേജ്, ബെംഗളൂരു ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ശേഷം ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിലെ സതേണ്‍ മെത്തഡിസ്റ്റ് സര്‍വകലാശാല, ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കി. 

പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് കോണ്‍ഗ്രസിലും ഒടുവില്‍ ബി.ജെ.പി.യിലുമായിട്ടായിരുന്നു എസ്.എം. കൃഷ്ണയുടെ രാഷ്ട്രീയജീവിതം. പ്രേമയാണ്  ഭാര്യ. കഫെ കോഫി ഡേ ഔട്ട്‌ലെറ്റുകളുടെ മാതൃകമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ നിലവിലെ സി.ഇ.ഒ. മാളവിക ഹെഗ്‌ഡെ, ശാംഭവി എന്നിവരാണ് മക്കള്‍. മരുമകനും കോഫി ഡേ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ഥ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. 2019-ല്‍ സിദ്ധാര്‍ഥയുടെ മരണം എസ്.എം. കൃഷ്ണയെ ഏറെ തളര്‍ത്തി. പിന്നീട് മകള്‍ മാളവിക ഹെഗ്‌ഡെ കഫെ കോഫി ഡേയുടെ മേധാവിസ്ഥാനം ഏറ്റെടുത്തു. 2019-ല്‍ ഏഴായിരത്തോളം കോടി രൂപയോളം ബാധ്യതയുണ്ടായിരുന്ന കോഫി ഡേ കമ്പനിയുടെ ബാധ്യത തൊട്ടടുത്തവര്‍ഷം 3100 കോടിയിലേക്ക് കുറയ്ക്കാന്‍ മാളവികയ്ക്കായിരുന്നു.